20100227

അപ്പോസ്‌തലികതയും പാരമ്പര്യവും മുറുകെപ്പിടിക്കുക - പരിശുദ്ധ അരാം പ്രഥമന്‍ ബാവ


പരിശുദ്ധ അരാം പ്രഥമന്‍ ബാവയ്ക്ക് ഓര്‍ഡര്‍ ഓഫ് സെന്റ്‌ തോമസ്‌ ബഹുമതി സമ്മാനിച്ചു

തോമാശ്ലീഹായുടെ സാക്ഷ്യം സമൂഹത്തില്‍ നിലനിറുത്തണം


കോലഞ്ചേരി: മാര്‍ത്തോമ്മാ ശ്ലീഹയുടെ അപ്പോസ്തലികമായ പിന്തുടര്‍ച്ചയുള്ള ഇന്ത്യന്‍‍ (മലങ്കര) ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മാര്‍ത്തോമ്മായുടെ പാരമ്പര്യം പിന്തുടരാന്‍ ഉത്തരവാദിത്വമുണ്ടെന്നു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ഏറ്റുവാങ്ങിക്കൊണ്ടു് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തെ സഭകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനമാക്കണമെന്നും സാക്ഷ്യത്തിന്റെയും ദൗത്യത്തിന്റെയും നിര്‍‍വഹണത്തിലൂടെ അപ്പോസ്‌തലികത മുറുകെപ്പിടിക്കണമെന്നും ബാവാ പ്രസ്താവിച്ചു . പാരമ്പര്യങ്ങളിലൂന്നിനിന്നു് സഭയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണം.

ഈ ബഹുമതി അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നല്കിയ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉപഹാരമായി കരുതുന്നു. ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭാകുടുംബത്തിലെ സ്നേഹമുള്ള രണ്ട് അംഗങ്ങളായിതുടരാന്‍ ഇതു്സഹായിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയും സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്നതും കുര്‍‍ബാന സംസര്‍‍ഗമുള്ളതുമായ ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭാകുടുംബത്തിലെ സഭകളാണു്. രണ്ടു സഭയുടെ തലവന്‍മാരായ കാതോലിക്കോസുമാര്‍‍ ഒരുമിച്ചുകൂടുമ്പോള്‍‍ അടുത്തടുത്തായി ഇരിക്കുമ്പോള്‍ യഥാര്‍‍ത്ഥത്തില്‍‍ സന്തോഷിക്കുന്നതു് ദൈവമാണു്. ദൈവത്തിന്റെ മഹത്വമാണു് ഇവിടെ വെളിവാകുന്നതു്. - ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമനെ നോക്കിക്കൊണ്ടു് പരിശുദ്ധ അരാം പ്രഥമന്‍ പറഞ്ഞു.

ഇന്ത്യയിലെത്തുന്നതിനുമുമ്പേ മാര്‍ത്തോമ്മാ ശ്ലീഹയെക്കുറിച്ചു ധാരാളം മനസ്സിലാക്കിയിട്ടുണ്ടു്.പക്ഷെ, മാര്‍ത്തോമ്മാ ശ്ലീഹയെ നേരിട്ടുകാണുന്നതും ശരിയായി അറിയുന്നതും കേരളത്തിന്റെ ഈ മണ്ണിലാണു്. ഇവിടെ നാലുദിവസമായി കാണുന്നതെല്ലാം മാര്‍ത്തോമ്മാ ശ്ലീഹയെയാണു്. ആ പേരിലുള്ള പള്ളിക്കൂടമായാലും കലാലയമായാലും ആശുപത്രിയായാലും മാര്‍ത്തോമ്മാ ശ്ലീഹാ നിറഞ്ഞുനില്‍‍ക്കുന്നു. മാര്‍ത്തോമ്മാ എന്നതു് ഒരു പേരുമാത്രമല്ല , ഭൂതകാലത്തിന്റെ പ്രതിനിധിമാത്രമല്ല എന്നു് ഈ നാടു് വ്യക്തമാക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹായെപ്പറ്റി മനസ്സിലാക്കാന്‍ ഇന്ത്യയിലേക്കു വരണം.

മാര്‍തോമാശ്ലീഹയും ഇന്ത്യന്‍ ക്രിസ്‌തീയതയും ഏറെ പ്രാധാന്യമുളളതാണ്‌. മാര്‍ത്തോമ്മായുടെ പാരമ്പര്യം പിന്തുടരാന്‍ നിങ്ങള്‍‍ക്കു് ഉത്തരവാദിത്വമുണ്ടു്. പാരമ്പര്യത്തിലുള്ള വിശ്വാസമാണു് സഭകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനം. പാരമ്പര്യങ്ങളിലൂന്നിനിന്നുകൊണ്ടു് സഭയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണം. പാരമ്പര്യമില്ലെങ്കില്‍ സ്വത്വം നഷ്ടമാകും. മാര്‍ത്തോമ്മായുടെ വിശ്വാസ സാക്ഷ്യം സമൂഹത്തില്‍ നിലനിറുത്തണം.


മാര്‍ത്തോമ്മാ ശ്ലീഹയുടെ അപ്പോസ്തലികമായ പിന്തുടര്‍ച്ച ഇന്ത്യന്‍‍ സഭക്കുണ്ടു്. നമ്മുടെ രണ്ടുസഭകളും അപ്പോസ്തലികമായ ഉത്ഭവവും പാരമ്പര്യവും ഉള്ളവയണു്. അപ്പോസ്‌തലികത വെളിവാക്കേണ്ടതു് സാക്ഷ്യം വഹിക്കുന്നതിലും ദൗത്യം നിര്‍‍വഹിക്കുന്നതിലുമാണു്. കൂട്ടക്കൊലയെ നേരിടുകയും പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്തപ്പോള്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ അപ്പോസ്‌തലികത സംരക്ഷിച്ചു. അപ്പോസ്‌തലികതയും പാരമ്പര്യവും മുറുകെപ്പിടിച്ചു് പ്രവര്‍ത്തിച്ചുവരുന്നതാണു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേട്ടം - പരിശുദ്ധ അരാം പ്രഥമന്‍ ബാവാ പറഞ്ഞു.



ഫെ 27 നു് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൌഡ ഗെംഭീരമായ ചടങ്ങിലാണു് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ പരിശുദ്ധ അരാം പ്രഥമന്‍ ബാവായ്ക്കു് നല്‍കി ആദരിച്ചതു്.
അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ബഹുമതി സ്വീകരിക്കുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തന്നെയാണു് ബഹുമാനിക്കപ്പെടുന്നതെന്നു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭകളുടെ പാരമ്പര്യത്തിനും അന്തസ്സിനും ഒട്ടേറെ സംഭാവനകള്‍ ചെയ്തതാണു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ. ഇസ്ലാമും ക്രിസ്തുസഭയും തമ്മില്‍‍സഹിഷ്ണുതയും സൗഹാര്‍ദവും വളര്‍‍ത്താന്‍ ഏറെ ശ്രമിച്ചയാളാണു് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ രാജ്യാന്തരപ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെടുകയും ചെയ്യുന്നു.
'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ബഹുമതിനല്കുന്നതിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെഅദ്ധ്യക്ഷതയില്‍ പൗരസ്ത്യ സുന്നഹദോസ് അംഗീകരിച്ച പ്രശസ്തി പത്രം ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ വായിച്ചു.
സ്വീകരണ സമ്മേളനം നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ സ്വാഗതവും മാത്യൂസ് മാര്‍ സേവേറിയോസ് നന്ദിയും പറഞ്ഞു. മാര്‍ത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹപ്രഭാഷണം നടത്തി. അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ ബിഷപ്പ് മാര്‍ യോഹന്നാന്‍ യോസേഫ് അഡ്വ. എം.എം.മോനായി എംഎല്‍എ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

ചടങ്ങില്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, തോമസ് മാര്‍ അത്താനാസിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, വൈദികട്രസ്റ്റി ഫാ. ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. കെ.എം. ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.

ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. ജോണ്‍ കുര്യാക്കോസ്‌, ഫാ. എം.വി. എബ്രാഹം പൂവത്തുംവീട്ടില്‍, ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
നേരത്തേ മൂവാറ്റുപുഴ അരമനയില്‍‍നിന്നു് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോലഞ്ചേരിക്കുപുറപ്പെട്ട പരിശുദ്ധ അരാം പ്രഥമന്‍ ബാവായെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ സ്വീകരണത്തിനുശേഷം കോലഞ്ചേരി ജംഗ്‌ഷനില്‍നിന്ന്‌ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശ്വാസികള്‍ സമ്മേളനസ്‌ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലേക്ക്‌ സ്വീകരിച്ചാനയിച്ചു.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.