20100226
അരാം പ്രഥമന്‍ ബാവായെ അന്ത്യോക്യാ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പ്രതിനിധികള്‍ കണ്ടു
കോട്ടയം, ഫെ 25: അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മലങ്കര സഭയുമായുള്ളതര്‍ക്കം സംബന്ധിച്ച് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവായുമായി അന്ത്യോക്യാ - യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പ്രതിനിധികള്‍ ഫെ 25 വ്യാഴാഴ്ച കോട്ടയത്ത് വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ വച്ച് ചര്‍ച്ചനടത്തി.
അര്‍മീനിയന്‍ കാതോലിക്ക ബാവയുടെ ആഗ്രഹപ്രകാരമായിരുന്നു ചര്‍ച്ചയെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ നേതൃത്വം പറഞ്ഞു. രണ്ടുവിഭാഗങ്ങളും തമ്മില്‍ ഒന്നിക്കുന്നതു അസാധ്യമായിട്ടുണ്ടെന്നും ഇരുസഭകളായി പിരിയണമെന്നതാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രഖ്യാപിത നിലപാടെന്നും, എന്നാല്‍ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ നേതൃത്വം ബാവായെ അറിയിച്ചു.
മലങ്കര സുറിയാനി സഭയില്‍ നിന്നു് പിരിഞ്ഞ് അന്ത്യോക്യാ സുറിയാനി സഭയുടെ കീഴില്‍ അതിരൂപതയായിക്കഴിയുന്ന വിമത വിഭാഗമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാരും, അന്ത്യോക്യാ സുറിയാനി സഭയുടെ പ്രതിനിധികളായെത്തിയ ജസീറ-യൂഫ്രട്ടീസ് ആര്‍ച്ച് ബിഷപ് മാര്‍ ഒസ്താത്തിയോസ് മത്താറോഹം (Mor Osthatheos Matta Rohum [Euphrates & Jazirah] ), സിറിയയില്‍ നിന്നുള്ള ആര്‍ച്ചു ബിഷപ്പു് മാര്‍ ദിവന്നാസ്യോസ് ബഹനാന്‍ ജജാവി (Mor Dionysius Behnan Jajawi [Syria] ), മുളന്തുരുത്തി വെട്ടിക്കല്‍ സെമിനാരി റസിഡന്റ് ആര്‍ച്ച്‌ബിഷപ്പും മദ്ധ്യ യൂറോപ്പ് ആര്‍ച്ച്‌ബിഷപ്പുമായ ഡോ.കുറിയാക്കോസ് മാര്‍ തെയോഫിലോസ് ( Dr. Mor Theophilose Kuriakose [M.S.O.T.S., Central Europe] ), എന്നീ മെത്രാപ്പോലീത്താമാരും ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പായും കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്നു് ദമാസ്‌കോസില്‍ കഴിഞ്ഞവര്‍ഷം നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചതനുസരിച്ചാണു് കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ ഇടപെടുന്നതു്. കോപ്‌റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ , അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ എച്ച്മിയാഡ്സിന്‍ സിംഹാസനം , അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ കിലിക്യാ സിംഹാസനം, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭ (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ), എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നീ അംഗസഭകള്‍ അടങ്ങിയതാണു് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ.
കേരള സന്ദര്‍ശന വേളയില്‍ സഭാ തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്നു് അന്ത്യോക്യാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയും പരിശുദ്ധ ആരാം ഒന്നാമനോട് അഭ്യര്‍ഥിച്ചിരുന്നു. മലങ്കരസഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി മധ്യസ്‌ഥംവഹിക്കാന്‍ തയ്യാറാണെന്നും ദമാസ്‌കസില്‍ അന്ത്യോക്യാ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുമായുള്ള കൂടിക്കാഴ്‌ചയില്‍ പരിശുദ്ധ ആരാം ഒന്നാമന്‍ അറിയിച്ചിരുന്നു. സഭകള്‍ സ്‌പര്‍ദ്ധ വെടിഞ്ഞ് യോജിപ്പിലെത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണു് ലക്ഷ്യമെന്നു് അര്‍മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ വിഭാഗം മേധാവി ബിഷപ്പ് നരേഗ് അല്‍മേസിയന്‍ മെത്രാപ്പോലീത്ത കേരളത്തിലേക്കു് പുറപ്പെടുംമുമ്പ് പരി. പാത്രിയര്‍ക്കീസ് ബാവായെ കണ്ട് അറിയിക്കുകയും ചെയ്തു.
രാവിലെ 9-നു് അന്ത്യോക്യാ - യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പ്രതിനിധികളെ കണ്ടശേഷം പത്തുമണിക്ക് പരിശുദ്ധ ആരാം പ്രഥമന്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ , കേരള കൗണ്‍സില്‍ ഓഫ്‍ ചര്‍ച്ച്സിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച എക്യുമെനിക്കല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അതില്‍ അന്ത്യോക്യാ സുറിയാനി സഭയുടെ കീഴില്‍ അതിരൂപതയായിക്കഴിയുന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.
കാതോലിക്കാ കക്ഷിയുടെ മാര്‍ത്തോമ്മാ സിംഹാസന വാദം, ദേശീയവാദം, ഇടവക പള്ളിയുടെ അവകാശം, 1934 ലെ ഭരണഘടന എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവായുടെ ശ്രദ്ധയില്‍പ്പെടുത്തുവാനാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ നേതാക്കളിരുന്നതു്. കിലിക്യാ സിംഹാസന വാദിയും സ്വയം ശീര്‍ഷകത്വവാദിയും അര്‍മീനിയന്‍ ദേശീയവാദത്തിലധിഷ്ഠിതമായ സഭയുടെ തലവനുമായ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനെ എങ്ങനെ ഇതു് ബോദ്ധ്യപ്പെടുത്തുമെന്നതും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അംഗസഭകളിലൊന്നായി , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭ (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ)യെ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയും അര്‍മീനിയന്‍ സഭയും അംഗീകരിച്ചിട്ടുണ്ടെന്നതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതാക്കള്‍ക്കു് പ്രശ്നമായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.