20100225
കിലിക്യായുടെ ആരാം പ്രഥമന്‍ കാതോലിക്കാബാവയ്‌ക്ക് ദേവലോകത്ത് ഹൃദ്യമായ സ്വീകരണം
ദേവലോകം (കോട്ടയം): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിച്ച് കേരളം സന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ സഭയുടെ കിലിക്യായിലെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്‍ ബാവാ കോട്ടയം ദേവലോകം കാതോലിക്കാസന അരമനയില്‍ എത്തി പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. പരിശുദ്ധ ആരാം പ്രഥമന്‍ ബാവായ്‌ക്ക് സഹോദരീസഭയുടെ തലവനെന്ന നിലയിലുള്ള സ്വീകരണം ദേവലോകത്ത് നല്കി. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും പുറമെ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, കോപ്‌റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (എച്മിയാഡ്സിന്‍ സിംഹാസനം), എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നീ അംഗസഭകള്‍ കൂടി അടങ്ങിയതാണു് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ.
ഫെ 24 വൈകിട്ട് ഏഴിനു് ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ആരാം പ്രഥമന്‍ കാതോലിക്കാബാവായെ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവായും നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും ചേര്‍ന്നു സ്വീകരിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍, ബിഷപ്പ് തോമസ് സാമുവല്‍, മാര്‍ത്തോമ്മാ സഭയിലെ യൂയാക്കീം മാര്‍ കൂറിലോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ആരാം പ്രഥമനൊപ്പം ടെഹ്‌റാന്‍ ആര്‍ച്ച് ബിഷപ്പ് സെബൂഹ് സര്‍ക്കിസിയാന്‍, എക്യുമെനിക്കല്‍ ബിഷപ് നരേഗ് അല്‍മെസിയാന്‍, ഫാ. മെസ്‌റോബ് സര്‍ക്കിസിയാന്‍ എന്നിവരും മലങ്കര സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാബാവായുടെ കബറിങ്കല്‍ പരിശുദ്ധ ആരാം പ്രഥമന്‍ കാതോലിക്കാബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ഥനയും നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.