20110317

പരിശുദ്ധ ബാവാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു


ന്യൂഡല്‍ഹി: ഭദ്രാസന സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മാര്‍ച്ച് 15ന് ഭാരതത്തിന്റെ പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു.
ഡല്‍ഹി ഭദ്രാസന സഹായ മെത്രാന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. എം.എസ്. സ്കറിയ റമ്പാന്‍, സാം.വി.ഗബ്രിയേല്‍, ഫാ. എം.സി. പൌലോസ്, ഫാ. ഫിലിപ്പ് എം. ശമുവേല്‍,കെ.ടി.ചാക്കോ, അല്‍മായ ട്രസ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, തോമസ് മാത്യു, ജോയി കുന്നേല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ ബാവയോടൊപ്പം പങ്കെടുത്തു.

ഉത്തമ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണം - പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം,മാര്‍‍ച്ച് 16 : ഉത്തമ കുടുംബജീവിതം നയിക്കുന്നവര്‍ക്കും കുടുംബജീവിതത്തിന്റെ പവിത്രത അംഗീകരിക്കുന്നവര്‍ക്കും മാത്രമെ വോട്ട് ചെയ്യാവൂ എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍‍ദേശിച്ചു.
ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് അത്യാവശ്യമാണെന്നും വിവാഹമോചനങ്ങളും കുടുബതകര്‍ച്ചകളും ഏറിവരുന്നത് അക്രമം, അഴിമതി, തീവ്രവാദം തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ മൂന്നാം ഘട്ട ധനസഹായ വിതരണം നിര്‍വ്വഹിച്ചുകൊണ്ട് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

20110316

ജപ്പാനിലെ ദുരന്തബാധിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക - പൗരസ്ത്യ ബാവ

ദേവലോകം, മാര്‍‍ച്ച് 14:ജപ്പാനില്‍ ഭൂകമ്പ-സുനാമി-അഗ്നിപര്‍വ്വത-ആണവ ദുരന്തങ്ങള്‍ക്ക് ഒരേ സമയം ഇരയാകേണ്ടിവന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആഹ്വാനം ചെയ്തു.

ദുരതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സഭയുടെ ചെന്നൈ ഭദ്രാസനത്തില്‍പ്പെട്ട മലേഷ്യ, സിങ്കപ്പൂര്‍, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഇടവകകളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഭാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

20110314

പൗരസ്ത്യ കാതോലിക്കാ ബാവയ്ക്കു് ദല്‍ഹിയില്‍ പൌരസ്വീകരണം


ശാന്ത്രിഗ്രാം മഹിള സ്വയം സഹായത സമൂഹ് ദല്‍ഹി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂദല്‍ഹി, മാര്‍‍ച്ച് 13: ദെല്‍ഹിയില്‍‍ ഇടയ സന്ദര്‍‍ശനം നടത്താനെത്തിയ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ ബാവയ്ക്കു നല്‍കിയ പൌരസ്വീകരണത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, കേന്ദ്രമന്ത്രി കെ.വി.തോമസ്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ വജാഹത് ഹബീബുല്ല, ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം.കോണ്‍സസാവോ, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രെയോസ്, അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത തുടങ്ങിയവര്‍‍ പങ്കെടുത്തു.

കാലഘട്ടത്തിന്റെ മാറ്റം അറിയാന്‍ ഇന്ത്യയിലെ ക്രൈസ്തവ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് പൌരസ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. വ്യത്യസ്ത സംസ്കാരത്തിലും സമൂഹത്തിന്റെ ഭാഗമാണെന്നറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സഭയ്ക്കു കഴിയുന്നു. ഹിന്ദു പാരമ്പര്യങ്ങളില്‍നിന്നു ക്രിസ്തീയ മൂല്യങ്ങളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സഭകള്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ഭദ്രാസനത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ശാന്ത്രിഗ്രാം മഹിള സ്വയം സഹായത സമൂഹ് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കുള്ള പാസ്ബുക്കുകളും മുഖ്യമന്ത്രി കൈമാറി. വിദ്യാഭ്യാസ-സാമൂഹികക്ഷേമ രംഗത്ത് സഭ ചെയ്യുന്ന സേവനങ്ങള്‍ അമൂല്യമാണെന്ന് ശ്രീമതി ഷീലാ ദീക്ഷിത് പറഞ്ഞു. ക്രിസ്തീയ സ്കൂളുകളാണ് ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നത്. വിവിധ പദ്ധതികളിലൂടെ സാമൂഹിക വികസനത്തിലും പങ്കാളികളാകുന്നുണ്ട്.

അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി കെ.വി.തോമസ്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ വജാഹത് ഹബീബുല്ല, ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം.കോണ്‍സസാവോ, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രെയോസ്, വന്ദ്യ എം.എസ്.സ്കറിയ റമ്പാന്‍, ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്, എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ് എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി.

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഹുമായി പൗരസ്ത്യ കാതോലിക്കോസ് കൂടിക്കാഴ്ച നടത്തി



തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക കക്ഷിയെ മാത്രമായി സഭ പിന്തുണയ്ക്കില്ല

മാര്‍ ദിമിത്രിയോസ് മെത്രാനും പരിശുദ്ധ ബാവയും
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഹുമായി
കൂടിക്കാഴ്ച നടത്തുന്നു
നവദെല്‍ഹി, മാര്‍‍ച്ച് 14 : ദെല്‍ഹിയില്‍‍ ഇടയ സന്ദര്‍‍ശനം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലൊസ് ദ്വിതീയന്‍ ബാവ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഹുമായി കൂടിക്കാഴ്ച നടത്തി. സൌഹൃദ സന്ദര്‍ശനം മാത്രമാണിതെന്ന് പരിശുദ്ധ ബാവ മാധ്യമ പ്രവര്‍ത്തകരോട് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍‍വച്ചായിരുന്നു കൂടിക്കാഴ്ച.

സമൂഹത്തിലെ അധ:സ്ഥിതവര്‍ഗ്ഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രത്തിന്റെ പുരോഗതിക്ക് സഭയുടെ കൈത്താങ്ങല്‍ എന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി പരിശുദ്ധ പിതാവു് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക കക്ഷിയെ മാത്രമായി സഭ പിന്തുണയ്ക്കില്ലെന്നു് പരിശുദ്ധ ബാവ വ്യക്തമാക്കി . സീറ്റിനായി ആരെയും ഇതുവരെ കണ്ടിട്ടില്ല. സഭയ്ക്കെതിരെയുള്ള അവഗണന വേണ്ടപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ടെന്നും പരിശുദ്ധ ബാവ പറഞ്ഞു

കൂടിക്കാഴ്ചയില്‍ ദല്‍ഹി സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയ റമ്പാന്‍, സഭയുടെ അത്മായ ട്രസ്റ്റി എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഫാ.ഷാജി മാത്യൂസ്, ഫാ.എം.സി.പൌലൊസ്, ജോര്‍ജ്ജ് സഖറിയ പരിശുദ്ധ കാതോലിക്കാ ബാവയുടെ സെക്രട്ടറി ഡീക്കന്‍ ജിസ് എന്നിവരും പങ്കെടുത്തു.

ഓര്‍ത്തഡോക്സ് സഭ രാഷ്ട്രീയത്തിലിറങ്ങില്ല:പരിശുദ്ധ ബാവാ


നവ ദെല്‍ഹി: മദ്യപന്മാര്‍ക്കും അഴിമതിയുടെ കറപുരണ്ടവര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ വ്യക്തമാക്കി. മലങ്കര ഓര്‍ത്തഡോക്സ് സഭ രാഷ്ട്രീയത്തിലിറങ്ങില്ല, എന്നാല്‍ സഭ അഭിമുഖീകരിക്കുന്ന അവഗണനകളെ കുറിച്ചു ഇരുമുന്നണികളെയും ധരിപ്പിക്കും. സീറ്റിനുവേണ്ടി വിലപേശുന്നതായുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി ദെല്‍ഹിയിലെത്തിയ പരിശുദ്ധ ബാവാ പറഞ്ഞു.

സ്കൂള്‍ വിദ്യാര്‍ഥിക്കു പോലും മദ്യം ലഭിക്കുന്ന തരത്തില്‍ കേരളമിപ്പോള്‍ മദ്യഷാപ്പായി മാറിയിരിക്കുകയാണ്. ഈ അവസ്ഥയില്‍ സംസ്ഥാന ഭരണം മദ്യപന്മാരുടെ കൈകളിലെത്തിയാല്‍ സമൂഹത്തിന്‍റെ നാശമായിരിക്കും സംഭവിക്കുക. ഇടനിലക്കാരാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഭരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിനുവേണ്ടി ചെല്ലുന്ന സാധാരണക്കാരന്‍ ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാവുന്നു. നന്മയ്ക്കു വേണ്ടിമാത്രം നിലകൊള്ളുന്നൊരു സര്‍ക്കാരിനെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്.ജനക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതു് കൊടിയുടെ മാത്രം നിറം നോക്കിയാവരുത്.

സഭാ വിശ്വാസികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടു് തന്നെ സഭ രാഷ്ട്രീയ നിലപാടു് സ്വീകരിക്കുകയോ പ്രത്യേക മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ടു് ചെയ്‌യണമെന്നാവശ്യപ്പെട്ട് ഇടയലേഖനമിറക്കുകയോ ചെയ്യില്ലെന്നു് ബാവാ പറഞ്ഞു.

20110312

മാര്‍ നിക്കോളാവാസിന് ന്യൂയോര്‍ക്കില്‍ ഉജ്വല എതിരേല്‍പ്പു്



ന്യൂയോര്‍ക്ക്, മാര്‍‍ച്ച് 12: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായി തിരിച്ചെത്തിയ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസിന് അമേരിക്കയിലെ കെന്നഡി വിമാനത്താവളത്തില്‍ സ്ഥാനമൊഴിഞ്ഞ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ മാര്‍ച്ച് 11ന് എതിരേല്‍പ്പു നല്‍കി.

വൈദികര്‍, സഭാ മാനേജിങ്ങ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ മെത്രാപ്പോലീത്തായെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് മെത്രാപ്പോലീത്തായെ ഭദ്രാസന ആസ്ഥാനമായ മട്ടണ്‍ ടൌണിലേക്ക് ആനയിച്ചു.


ഭദ്രാസന കേന്ദ്രത്തിലെത്തിയ മെത്രാപ്പോലീത്തായെ നിരവധി വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തിന് ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ തോമസ് നേതൃത്വം നല്‍കി. സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും പ്രതിനിധികള്‍ മെത്രാപ്പോലീത്തായ്ക്ക് ആശംസകള്‍ നേര്‍ന്നു.

ഓര്‍ത്തഡോക്‌സ് സഭ സമദൂര സമീപനം തുടരുമെന്ന് ഡല്‍ഹി മെത്രാന്‍

നവ ദെല്‍ഹി, മാര്‍‍ച്ച് 12: നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര സമീപനം തുടരുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. തെരഞ്ഞെടുപ്പിനായി എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കാനോ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യമുന്നയിക്കാനോ സഭ തയാറല്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്റെ സഹായ മെത്രാന്‍ യൂഹാന്നോന്‍ മാര്‍ ദിമത്രയോസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടാനില്ല; ഇടയലേഖനം ഇറക്കാനില്ല; എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കാനുമില്ല - യൂഹാനോന്‍ മാര്‍ ദിമത്രയോസ് പറഞ്ഞു. സ്വഭാവ ഗുണമുള്ളവരും അഴിമതികളില്‍ ഉള്‍പ്പെടാത്തവരും മത്സരിക്കണമെന്നാണ് സഭയുടെ ആഗ്രഹം. സഭക്ക് ഇത്ര സീറ്റുകള്‍ വേണമെന്നൊന്നും അവകാശമുന്നയിക്കാറില്ല. ഇത്തരത്തില്‍ പ്രാദേശികമായി ചില ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നെന്നു വരാം. അതൊന്നും പക്ഷേ, സഭയുടെ ഔദ്യോഗികമായ ആവശ്യങ്ങളല്ല -അദ്ദേഹം പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവ സ്ഥാനമേറ്റതിന് ശേഷം ഡല്‍ഹിയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂഹാനോന്‍ മാര്‍ ദിമത്രയോസ്. മാര്‍‍ച്ച് 13ന് ഡല്‍ഹിയിലെ ഐ എന്‍ എ മാര്‍ക്കറ്റിനടുത്തുള്ള ത്യാഗരാജ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രഫ. കെ വി തോമസ്, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ വജാഹത് ഹബീബുള്ള, റോമന്‍‍ കത്തോലിക്കാ സഭയുടെ ഡല്‍ഹി ആര്‍ച്ച്ബിഷപ് വിന്‍സെന്റ് കോണ്‍സസാവോ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്ത്രീ ശാക്തീകരണത്തിനായി സഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും ഡല്‍ഹി ഭദ്രാസന സഹായ മെത്രാന്‍‍ അറിയിച്ചു.

20110302

സഖറിയ മാര്‍ നിക്കോളോവാസ്‌‌ മെത്രാപ്പോലീത്ത നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍‍

മാര്‍ നിക്കൊലോവാസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായി സഖറിയ മാര്‍ നിക്കോളോവാസിനെ (Zachariah Mar Nicholovos Metropolitan) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ മാര്‍‍ച്ച് 1-നു് നിയമിച്ചു. സഭാ മാനേജിംഗ്‌ കമ്മിറ്റിയുടെ ആലോചനയും സുന്നഹദോസിന്റെ ശുപാര്‍ശയും പരിഗണിച്ചാണ്‌ നിയമനം നടത്തിയത്‌.

1959 ഓഗസ്റ്റ് 19 നു് ജനിച്ച സഖറിയ മാര്‍ നിക്കോളോവാസ് 1993 ഓഗസ്റ്റില്‍‍ റമ്പാനും മെത്രാപ്പോലീത്തയുമായി. വിഘടിത മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ അമേരിക്കന്‍ ഭദ്രാസന ആര്‍‍ച്ച് ബിഷപ്പായി 1993 മുതല്‍‍ 2002 വരെ ചുമതലവഹിച്ചു. ഭാരത സുപ്രീം കോടതിനിര്‍‍ദേശപ്രകാരമുള്ള 2002-ലെ സംയുക്ത മലങ്കര അസോസിയേഷനെ തുടര്‍‍ന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി പ്രവര്‍‍ത്തിച്ചു് വരികയായിരുന്നു ആര്‍‍ച്ച് ബിഷപ്പ് സഖറിയ മാര്‍ നിക്കൊലോവാസ്‌.

മലങ്കര നസ്രാണി സംഗമം ഏപ്രിലില്‍

കൊച്ചി, ഫെ 21: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ സഭാദിനമായ ഏപ്രില്‍ 10നു 4ന്‌ എറണാകുളം മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നസ്രാണി സംഗമം സംഘടിപ്പിക്കും. ബൈബിള്‍ തര്‍ജമയുടെ 200-ാം വാര്‍ഷികം, കാതോലിക്കാദിനം, 91-ാമത്‌ പൗരസ്‌ത്യ കാതോലിക്കയായി സ്‌ഥാനാരോഹണം ചെയ്‌ത ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്കു സ്വീകരണം എന്നിവയുടെ സംയുക്‌ത ആഘോഷമായാണു് നസ്രാണി സംഗമം സംഘടിപ്പിയ്ക്കുന്നതു്.

നസ്രാണി സംഗമത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മുഖ്യാതിഥിയാവുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ടും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10-ന് സംഗമത്തിന് മുമ്പ് 3 മണി മുതല്‍ 4 മണിവരെ ഡോ. എ. പി. ജെ. അബ്ദുള്‍ കലാം വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തും. ഭാവി ഭാരതത്തെ വിഭാവനം ചെയ്യുവാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം

പൗരസ്ത്യ കാതോലിക്കാ സിംഹാസനം മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. കൂനംകുരിശ് സത്യത്തിന്റെ ഓര്‍മ പുതുക്കലിന്റെ ഭാഗമായി കൂനംകുരിശില്‍ നിന്നുള്ള ബൈബിളും കുരിശും സമ്മേളനഗരത്തില്‍ എത്തിക്കും. വിവിധസ്ഥലങ്ങളില്‍ നിന്നുള്ള നാല് ദീപശിഖാ പ്രയാണവും എത്തിച്ചേരും.

സമുദായ സാമൂഹ്യ സാംസ്ക്കാരിക നായകന്മാരും പങ്കെടുക്കും. കായകുളം ഫിലിപ്പോസ് റമ്പാന്‍ മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് ഒന്നാമന്‍ , എന്നിവരുടെ നേതൃത്വത്തില്‍ 1811-ല്‍ ആണ് ആദ്യമായി വിശുദ്ധ ബൈബിളിലെ നാല് സുവിശേഷങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തത്. ബോംബയിലെ കല്ലച്ചിലായിരുന്നു അച്ചടിച്ചത്. ക്ളോഡിയസ് ബുക്കാനന്‍ ആയിരുന്നു അച്ചടിയുടെ ചുമതല വഹിച്ചത്. മലയാളികള്‍ക്ക്‌ സുവിശേഷഭാഗങ്ങള്‍ പ്രാപ്യമാക്കുക വഴി കേരള സംസ്‌കാരത്തിന്‌ അതുല്യസംഭാവന നല്‍കിയവരെ അനുസ്‌മരിക്കുന്നതിനുള്ള അവസരമാണിതെന്ന്‌ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഷംന്തോറും വലിയ നോമ്പില്‍ 36-ാം ഞായറാഴ്ച കാതോലിക്കാദിനമായി ആചരിക്കുന്ന പതിവ് സഭയ്ക്കുണ്ട്. ഇടവകകള്‍ തോറും പ്രത്യേക പ്രാര്‍ത്ഥനയും സമ്മേളനങ്ങളും നടത്തി സഭയുടെ സാമൂഹ്യ സേവന പദ്ധതികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഭാംഗങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കാതോലിക്കാദിനാചരണം നടത്തുന്നത്. പൗരസ്ത്യ കാതോലിക്കാ സിംഹാസനം മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് നസ്രാണി സംഗമം സംഘടിപ്പിക്കുന്നത്.

2010 നവംബര്‍ 1-ാം തീയതി പരുമലയില്‍ വച്ചാണ് പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ സ്ഥാനാരോഹണം ചെയ്തത്. സഭയുടെ 30 ഭദ്രാസനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സഭയുടെ പ്രധാന മേലദ്ധ്യക്ഷന് നല്‍കുന്ന സ്വീകരണത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദികരും വിശ്വാസികളും പങ്കെടുക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സഭയിലെ മെത്രാപ്പോലീത്തന്മാര്‍, വൈദികര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പയും പി.എ. അലക്‌സാണ്ടറും പറഞ്ഞു. സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കമ്മറ്റിയുടെ പ്രസിഡന്റ് ആയും, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും.