20120227

പിറവത്ത് സര്‍ക്കാരിനെതിരെ പ്രതികരിക്കും: ഓര്‍ത്തഡോക്‌സ് സഭ


പിറവം, ഫെ26: ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരേ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത.

സഭാതര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭ നിരാഹാരസമരം ഉള്‍പ്പെടെ നടത്തി. 15 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം പിന്‍വലിച്ചത്. 15ദിവസത്തിനകം പരിഹാരമായില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പിറവത്തെ സഭാവിശ്വാസികളായ 25,000ഓളം വോട്ടര്‍മാര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കും. പിറവത്തെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സഭാവിശ്വാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ അസംതൃപ്തരാണ്. ഇതിനെതിരെ പ്രതികരിക്കാനുള്ള ആദ്യഅവസരമായാണ് വിശ്വാസികള്‍ പിറവം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.

സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ആഹ്വാനമോ നിര്‍ദേശമോ സഭ നേരിട്ട് നല്‍കില്ല. എന്നാല്‍ സഭയുടെ മനസ് വിശ്വാസികള്‍ക്കറിയാം. അവര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കുമെന്നും മീമ്പാറ അരമനയില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍: വിമത യാക്കോബായ വിഭാഗത്തിനു് പ്രതിഷേധം

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍


പിറവം, ഫെ 25: പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍
സുന്നഹദോസിന്റെ നടപടി അപലപനീയമാണന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ സഹവൈദീകരിലൊരാളായ ഫാ. സൈമണ്‍ ചെല്ലിക്കാട്ടിലും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പ്രസ്താവിച്ചു.

പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിധ അധികാരവും അംഗീകരിയ്ക്കുകയില്ലെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ആക്കുമെന്നും ഏപ്രില്‍ 16 നു് പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിയ്ക്കാ തോമസ് പ്രഥമന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുമെന്നും ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ പറഞ്ഞു.

പിറവം വലിയ പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതു്


പിറവം, ഫെ 25:പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടുന്ന പിറവം വലിയ പള്ളിയെ കത്തീഡ്രലായി ഉയര്‍ത്തുന്നതിനു് മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നു് ഇടവക മെത്രാപ്പോലീത്തയായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ഒരു അവകാശവുമില്ല.

1934-ലെ ഭരണഘടനപ്രകാരമാണു് 1998,1999, 2002, 2004 എന്നീ വര്‍ഷങ്ങളില്‍ ഇടവകഭരണസമിതി തെരഞ്ഞെടുപ്പു് നടന്നിരിയ്ക്കുന്നതു്. 1934-ലെ സഭാ ഭരണഘടനയോടു് കൂറും ഭക്തിയും പ്രഖ്യാപിച്ചുള്ള സത്യവാങ്മൂലം എല്ലാ ഇടവകാംഗങ്ങളും നിയമാനുസരണം വികാരി സ്കറിയ വട്ടക്കാട്ടിലിനു് എഴുതി നല്കി അധികാരത്തില്‍ വന്ന കമ്മിറ്റി പിന്നീടു് കൂറുമാറി സഭാ ഭരണഘടനയെ വെല്ലുവിളിച്ചു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ സംരക്ഷകരായിരിയ്ക്കുകയാണെന്നു് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിയ്ക്കുകയും തിരുസഭയ്ക്കു് നീതി നിഷേധിയ്ക്കുകയും ചെയ്യുന്നു.

പള്ളി1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്നുള്ള കോടതിയുത്തരവു് നിലനില്ക്കുന്നുവെന്നു് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2004-ല്‍ ഒരു വര്‍ഷത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ട ഇടവകഭരണസമിതി 8 വര്‍ഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു് നടത്താനുള്ള സാഹചര്യം ഒരുക്കുന്നില്ല. പള്ളിയില്‍ നിയമവാഴ്ച പുനഃസ്ഥാപിച്ചു് മലങ്കര സഭയ്ക്കു് നീതി ഉറപ്പുവരുത്തണമെന്നു് മെത്രാപ്പോലീത്ത സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിച്ചു.

പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ പഠനകേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു് സംസാരിക്കുകയായിരുന്നു ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത.

പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ നടപടി സ്വാഗതം ചെയ്ത യോഗം അതിനു് പരിശുദ്ധ ബാവയോടു് നന്ദി പറഞ്ഞു. സഭാവൈദീക ട്രസ്റ്റി ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോസഫ് മങ്കിടി, റ്റി റ്റി ജോയി, സാജു മടക്കാലി,ജെസി ഐസക് എന്നിവര്‍ പ്രസംഗിച്ചു.

20120226

സഭാതര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി


കൊച്ചി,ഫെ 25: ക്രൈസ്തവസമൂഹത്തിന്റെ പ്രധാന പ്രശ്നമായ സഭാതര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിസ്സഹായത പ്രകടിപ്പിച്ചു. സഭാതര്‍ക്കം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമല്ലെന്നും സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭാതര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ലെന്നും പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഉപസമിതി കുറെ ചര്‍ച്ച നടത്തി. രമ്യമായ പരിഹാരത്തിലേ പ്രശ്നം തീര്‍ക്കാന്‍കഴിയു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിവേദനം കഴിഞ്ഞദിവസവും കിട്ടി. എന്നാല്‍ , അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രി നിസ്സഹായത പ്രകടിപ്പിച്ചു. പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രദേശവാസികള്‍ വലിയ എതിര്‍പ്പുമായി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യാനാണ്? ഹൈക്കോടതിയോട് ബഹുമാനമുണ്ട്. പക്ഷേ ബലംപ്രയോഗിച്ചാലും ഫലം ഉണ്ടാകില്ല- മുഖ്യമന്ത്രി പറഞ്ഞു.

കോച്ച് ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെയാണോ എന്നൊന്നും അന്തിമമായി നിശ്ചയിച്ചിട്ടില്ല. പങ്കാളികളെ ക്ഷണിച്ച് റെയില്‍വേ പരസ്യംചെയ്യുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്നില്ലെങ്കില്‍ സ്വകാര്യമേഖലയെ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ കുര്‍ബ്ബാനയ്ക്ക് തിരശീലയുണ്ടാക്കിയ കഥ



കോട്ടയം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികള്‍ക്കു വേണ്ടിയുള്ള ചാപ്പല്‍. 1975ല്‍ അവിടെ മാസത്തിലൊരിക്കല്‍ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത് ഫാ. കെ.ഐ. പോള്‍ എന്ന യുവ വൈദികനാണ്. അദ്ദേഹം കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ആദ്യം അവിടെയെത്തുമ്പോള്‍ ജയില്‍ ചാപ്പലില്‍ തിരശീലയില്ലായിരുന്നു.

എന്നാല്‍ ആ കുറവ് തടവുകാര്‍ തന്നെ പരിഹരിച്ചു. അനേകം ഈരേഴ തോര്‍ത്തുകള്‍ യോജിപ്പിച്ച് അവര്‍ തിരശീലയുണ്ടാക്കി. തോര്‍ത്തുകളാകട്ടെ ജയിലിലെ കൈത്തറി നെയ്ത്തു കേന്ദ്രത്തില്‍ നിന്നു മോഷ്ടിച്ചവയും! അന്നത്തെ ഫാ. കെ.ഐ. പോളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.
പരിശുദ്ധ കാതോലിക്ക ബാവയുടെ ആത്മകഥയുടെ ആദ്യഭാഗമായി പ്രസിദ്ധീകരിക്കുന്ന 'വിനയസ്മിതം' എന്ന പുസ്തകത്തിലൂടെ ചുരുളഴിയുന്ന രസകരമായ സംഭവങ്ങളിലൊന്നാണ് ജയിലിലെ തിരശീലയുടെ കഥ. കുന്നംകുളത്തെ നിര്‍ധന കര്‍ഷക കുടുംബത്തില്‍ പിറന്ന് കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന സാധാരണക്കാരനായ ബാലന്‍ മലങ്കര സഭയുടെ നായകസ്ഥാനത്തെത്തിയ അത്ഭുതാവഹമായ യാത്രയുടെ കഥയാണ് വിനയസ്മിതത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ബാല്യം മുതല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നതുവരെയുള്ള ജീവിതത്തിന്റെ ഏടുകളാണീ പുസ്തകത്തില്‍. രസകരവും മനുഷ്യമനസുകളെ പിടിച്ചുലയ്ക്കുന്നതുമായ അനുഭവങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
വെളുപ്പിന് രണ്ടു മണിക്ക് ഉണര്‍ന്ന് പിതാവിനും ജ്യേഷ്ഠനുമൊപ്പം കമുകിന്‍തോട്ടം നനയ്ക്കുന്നതോടെയാണ് ബാല്യകാലത്ത് അദ്ദേഹത്തിന്റെ ദിവസം തുടങ്ങിയിരുന്നത്. തോട്ടത്തില്‍ റാന്തല്‍ വെളിച്ചം കാട്ടിക്കൊടുക്കുകയായിരുന്നു ഇളയവനായ പോളിന്റെ ചുമതല. സ്വകുടുംബത്തില്‍ വെളിച്ചം പകര്‍ന്നു ജീവിതം തുടങ്ങിയ ബാലന്‍ സമൂഹത്തിനും സഭയ്ക്കും വെളിച്ചം പകരുന്നവനായി മാറി.
പുസ്തകത്തിന്റെ ആദ്യഭാഗത്താണ് പരിശുദ്ധ ബാവയുടെ ആത്മകഥ. പ്രമുഖര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങള്‍, സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ഓര്‍മക്കുറിപ്പുകള്‍ എന്നിവയും ബാവയുടെ ലേഖനങ്ങളുടെ സമാഹാരവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ മറ്റൊരു പുറം തുറക്കുന്നത് കുന്നംകുളത്തിന്റെ ചരിത്രത്തിലേക്കാണ്.

കടപ്പാടു്- മലയാളമനോരമ

മാര്‍ ദിവന്നാസ്യോസ് നൂറ്റാണ്ടിനപ്പുറം സഭയെ ദര്‍ശിച്ച വ്യക്തിത്വം: കാതോലിക്കാ ബാവാ



കോട്ടയം: സഭയെ ഒരു നൂറ്റാണ്ടിനപ്പുറം ദര്‍ശിക്കുകയും സഭയുടെ പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദൈവീകവ്യക്തിത്വമായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍ തിരുമേനി) മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന കുര്‍ബാന മദ്ധ്യേ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവ നടന്നു. മര്‍ത്തമറിയം വനിതാ സമ്മേളനം മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പഴയ സെമിനാരി ചാപ്പലില്‍ നടന്ന എം.ജി.ഒ.സി.എസ്.എം വിദ്യാര്‍ഥി സമ്മേളനം മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായും സോഫിയ സെന്ററില്‍ നടന്ന സമ്മേളനം അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും, ഉദ്ഘാടനം ച്െയതു. വിവിധ സമ്മേളനങ്ങളില്‍ ഡോ.സാറാമ്മ വര്‍ഗീസ്, ഫാ.ഡോ.റെജി മാത്യു, ഫാ.ജോസ് മുണ്ടയ്ക്കല്‍, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രപഞ്ച സൃഷ്ടിയില്‍ മനുഷ്യന്റെ സാധ്യതകള്‍ നിര്‍വ്വചിക്കാനാവാത്തതു്: പരിശുദ്ധ ബാവാ


കോട്ടയം, ഫെ 25 : പ്രപഞ്ച സൃഷ്ടിയില്‍ മനുഷ്യന്റെ സാധ്യതകള്‍ നിര്‍വ്വചിക്കാനാവാത്തതാണെന്നും ഈ സാദ്ധ്യതകള്‍ പ്രോജ്വലിപ്പിച്ച് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ കലാ കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും അദ്ധ്യാപക അവാര്‍ഡ് നേടിയവരെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യയിലൂടെ നേടിയ വെളിച്ചം ലോകത്തിന് പകര്‍ന്ന് നല്‍കുവാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദിക ട്രസ്റി ജോണ്‍സ് ഏബ്രഹാം കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അഭിവന്ദ്യ യൂഹാന്നോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ, തോമസ് റ്റി. ജോണ്‍, എ. കെ. ജോസഫ്, സന്തോഷ് ബേബി, റോയി വര്‍ഗീസ്, സി.ഒ. ഷേര്‍ലി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച അഞ്ഞൂറില്‍പരം ആളുകളെ ചടങ്ങില്‍ ആദരിച്ചു.

20120225

പിറവം വലിയപള്ളി കത്തീഡ്രലായി

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍


ദേവലോകം, ഫെബ്രുവരി 24: പിറവം വലിയപള്ളി എന്നറിയപ്പെടുന്ന പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനിപള്ളിയെ കത്തീഡ്രലായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഉയര്‍ത്തി. പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം അരമനയില്‍ ഫെ 20ആം തീയതി മുതല്‍ നടക്കുന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗമാണ് കത്തീഡ്രലായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പ്രധാനപള്ളിയാണു് പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ .

'രാജാക്കന്മാരുടെ പള്ളി' എന്നും അറിയപ്പെടുന്ന ഈ പള്ളിയ്ക്കു് മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും പേരുകളുണ്ട്. കേരളത്തിലെ പുരാതന ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണിതു്.

പാലസ്തീനിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കിഴക്കുനിന്നു് ചെന്നു് കണ്ടു് മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തി ആരാധന നടത്തിയെന്നും അവിടെയാണു് പിന്നീട് പിറവം പള്ളിയുണ്ടായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി 19 ആം നൂറ്റാണ്ടില്‍ കന്യക മറിയാമിന്റെ നാമത്തിലാക്കിയെങ്കിലും ഇപ്പോഴും 'രാജാക്കന്മാരുടെ പള്ളി' എന്നാണു് പറയാറു്.



20120224

ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സമിതി



കോട്ടയം, ഫെ.24: സഹോദരീസഭകളായ മറ്റു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പൗരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകള്‍ തമ്മിലുള്ള പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് സംയുക്ത സമിതി രൂപവത്കരിക്കാനുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ മോര്‍ അബ്ബാ പൌലോസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശം ദേവലോകത്ത് നടക്കുന്ന സുന്നഹദോസ് അംഗീകരിച്ചു.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സംയുക്ത സമിതിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധാനം ചെയ്യാന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഫാ.ഏബ്രഹാം തോമസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് സുന്നഹദോസ് രൂപംനല്‍കി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ആര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (എച്ച്മിയാഡ്സിന്‍ സിഹാസനം), ആര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (കിലിക്യാ സിഹാസനം), പൗരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭ , എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിവയാണ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭസഭകള്‍.

സുന്നഹദോസ് യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.


20120223

സ്നേഹത്തിന്റെ ഭാഷ അവലംബിക്കണം: പൗരസ്ത്യ കാതോലിക്കാ



കോട്ടയംഫെ.23: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് വലിയ നോമ്പിന്റെ ആരംഭദിനമായ ഫെ 20-ആംതീയതി ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ആരംഭിച്ചു. ഭൌതീക മികവിനേക്കാള്‍ സ്നേഹത്തിന്റെ ഭാഷ അവലംബിക്കുന്ന ശൈലിയാണ് ആത്മീയ പ്രവര്‍ത്തകര്‍ക്ക് അഭികാമ്യമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടു് ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ശുബ്ക്കോനോ ശുശ്രൂഷ (നിരപ്പിന്റെ ശുശ്രൂഷ)യോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന ഇയ്യോബ് മാര്‍ ഫീലക്സിനോസ്, ഡോ. സുകുമാര്‍ അഴീക്കോട് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അനുമോദിച്ചു. യൂഹാനോന്‍ മാര്‍ മിലീത്തോസ്, കുറിയാക്കോസ് മാര്‍ ക്ളീമ്മീസ്, ഡോ. തോമസ് മാര്‍ അത്താനാസ്യോസ് എന്നിവര്‍ ധ്യാനം നയിച്ചു. ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, വന്ദ്യ യൂഹാനോന്‍ റമ്പാന്‍, ഫാ. എബ്രഹാം തോമസ് എന്നിവര്‍ യഥാക്രമം കോട്ടയം വൈദിക സെമിനാരി, നാഗ്പൂര്‍ സെമിനാരി, പരുമല സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മലങ്കര സഭയുടെ 1960-ആം വാര്‍ഷികം, പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി എന്നിവ സംബന്ധിച്ച ആഘോഷങ്ങളുടെ സമാപനം 2012 നവംബര്‍ 25-ന് നടത്തുന്നതിന് തീരുമാനിച്ചു.

സഭയിലെ വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലക്കാരായി താഴെപ്പറയുന്നവരെ നിയമിക്കുന്നതിന് തീരുമാനമായി.
തോമസ് മാര്‍ അത്താനാസിയോസ് (എം.ഒ.സി പബ്ളിക്കേഷന്‍സ്, ആര്‍ദ്ര, ദൃശ്യമാധ്യമ സമിതി, വര്‍ക്കിംഗ് കമ്മറ്റി അംഗം), ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് (വൈദിക സംഘം, ബസ്ക്യോമോ അസ്സോസിയേഷന്‍), ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (സുന്നഹദോസ് സെക്രട്ടറി), ഡോ. തോമസ് മാര്‍ അത്താനാസിയോസ് (എം. ഒ. സി കോളേജസ്, എച്ച്. ആര്‍. എം), ഗീവര്‍ഗീസ് മാര്‍ കൂറിലോസ് (എം. ജി. ഒ. സി. എസ്. എം, മിഷ്യന്‍ ബോര്‍ഡ്-ബാഹ്യ കേരളം), പൌലോസ് മാര്‍ പക്കോമിയോസ് (പ്രാര്‍ത്ഥനാ യോഗം), ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് (മിഷന്‍ ബോര്‍ഡ്), ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് (സണ്ടേസ്ക്കൂള്‍, സ്ളീബാ ദാസ സമൂഹം, മലങ്കര സഭാ പത്രിക), യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (യുവജനപ്രസ്ഥാനം), മാത്യൂസ് മാര്‍ തേവോദോസിയോസ് (കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്‍), ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് (ബാലസമാജം), ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് (മര്‍ത്തമറിയം വനിതാ സമാജം), യാക്കോബ് മാര്‍ ഏലിയാസ് (മദ്യ വര്‍ജ്ജനം), ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് (എക്യുമെനിക്കല്‍ റിലേഷന്‍സ്), ഡോ. സഖറിയാസ് മാര്‍ അപ്രേം (മലങ്കര സഭാ മാസിക), ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് (ശുശ്രൂഷക സംഘം), ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് (ദിവ്യബോധനം).

20120218

നാലുന്നാക്കല്‍ കൂറിലോസ് വിവാദം: പാത്രിയാര്‍ക്കീസ് ഇടപെടുന്നു



പുത്തന്‍കുരിശ്: ക്രിസ്തുവിനൊപ്പം ചെഗുവേരയുടെയും ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവനയെത്തുടര്‍ന്ന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷിയില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ദമസ്കോസ് പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ ഇടപെടുന്നു. നാലുന്നാക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെയും മലേക്കുരിശ് ദയറാ അധിപന്‍ പൊന്നാങ്കുഴി കുര്യാക്കോസ് മാര്‍ ദിയസ് കോറസിനെയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിനെയും ദമസ്കസിലേക്ക് വിളിച്ചിരിയ്ക്കുകയാണു്.മൂവരും അടുത്ത ദിവസം യാത്ര തിരിക്കും. സഭാ മാനേജിങ് കമ്മിറ്റി വിളിച്ചും സുന്നഹദോസ് ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ശക്തമായതോടുകൂടിയാണ് ദമസ്കോസ് ബാവയുടെ ഇടപെടല്‍.

സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്‍െറ ചിത്രം ഉള്‍പ്പെടുത്തിയത് ന്യായീകരിച്ച് കൂറിലോസ് നടത്തിയ പ്രസ്താവനയാണ് തര്‍ക്കമായത്.ഇത് അല്‍മായര്‍ക്കിടയിലും മെത്രാപ്പൊലീത്തമാര്‍ക്കിയിലും അമര്‍ഷമുണ്ടാക്കി. കൂറിലോസ് അനാവശ്യ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സിംഹാസന പള്ളിയുടെ ചുമതലയുള്ള മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസും മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തയും പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. സഭാ വര്‍ക്കിങ് കമ്മിറ്റി കൂടി പ്രശ്നം അന്വേഷിക്കാന്‍ തീരുമാനിച്ചു. പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. മാര്‍ കൂറിലോസിന്റെ പ്രസ്താവന സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ തള്ളിപ്പറയുന്നതിന് തുല്യമെന്നും അത്രത്തോളം ഗൗരവം കാണേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

കൂറിലോസ് നിലപാടില്‍ ഉറച്ചുനിന്നത് കാര്യങ്ങള്‍ വഷളാക്കി. തുടര്‍ന്ന് മെത്രാപ്പോലീത്ത സംഭവത്തില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ക്ഷമാപണം നടത്തിയെന്നും തോമസ് പ്രഥമന്‍ യോഗത്തെ അറിയിച്ചു. പരാതി ഒരു മെത്രാനു് എതിരെയായതിനാല്‍ സുന്നഹദോസ് കൂടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, തോമസ് പ്രഥമന്‍ ആവശ്യം അംഗീകരിച്ചില്ല. പകരം മെത്രാന്‍ കമ്മിറ്റി കൂടിയാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍, വിഷയം സിനഡില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ന്നു. ഒരു വിഭാഗം സുന്നഹദോസ് എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

ഇത്തരം നിലപാടുകള്‍ക്കെതിരെ കൂറിലോസിനെ മുമ്പ് സിനഡ് താക്കീത് ചെയ്തിട്ടും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും ആരോപണമുയര്‍ന്നു. മാപ്പുപറച്ചില്‍ ഗുരുതര വീഴ്ചക്ക് പകരമാകില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കൂറിലോസിന്‍െറ രാഷ്ട്രീയ ഇടപെടല്‍ പരിധിവിടുന്നെന്നും ഇത് നിയന്ത്രിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദമസ്കോസ് പാത്രിയാര്‍ക്കീസ് ബാവക്കും ബസേലിയസ് തോമസ് പ്രഥമനും പരാതി നല്‍കി. കൂറിലോസിനോടു് അനുഭാവപൂര്‍ണമായ സമീപനമാണ് ബസേലിയസ് തോമസ് പ്രഥമന്‍ സ്വീകരിച്ചത്. വിഷയത്തില്‍ അനുരഞ്ജന സമീപനം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടു്. കൂറിലോസിനെതിരെ പരസ്യമായി രംഗത്തെത്തിയ ദിയസ്കോറസിനോടും അത്തനാസിയോസിനോടും വിശദീകരണം ആവശ്യപ്പെടാന്‍ സഭാ നേതൃത്വം തീരുമാനിച്ചതായി വാര്‍ത്തകളുമുണ്ടായി.

അതിന്റെ പിന്നാലെ മലേക്കുരിശ് ദയറാ അധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് തുടങ്ങി ഒരു വിഭാഗം മെത്രാന്മാരും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലില്‍ അടക്കമുള്ളവരും അല്‍മായ ഫോറം പ്രസിഡന്റ് മനോജ് കോക്കാട്ട്, സഭാ മുഖ്യ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവരും മാര്‍ കൂറിലോസിനെതിരെ പ്രാര്‍ഥനാ യജ്ഞവുമായി രംഗത്തെത്തി. വിഷയം സുന്നഹദോസ് വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ഫെ 16വ്യാഴാഴ്ച മലേക്കുരിശ് ദയറായില്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു. ഇതോടെയാണ് പാത്രിയാര്‍ക്കീസ് ബാവ ഇടപെട്ടത്. മെത്രാന്മാരെ ദമസ്കോസിലേയ്ക്കു് പാത്രിയാര്‍ക്കീസ് വിളിച്ചു. ഇതോടെ പ്രാര്‍ഥനാ യജ്ഞം അവസാനിപ്പിച്ചു.

വിവാദ പ്രസ്താവന നടത്തിയ നാലുന്നാക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷിയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരാതിക്കാരന്‍ ദിയസ്കോറസ് എന്നിവരോട് ദമസ്കസിലത്തെത്തി വിശദീകരണം നല്‍കാനാണ് പാത്രിയാര്‍ക്കീസ് ബാവ ആവശ്യപ്പെട്ടത്. ഞായറാഴ്ചയോടെ മെത്രാപ്പോലീത്തമാര്‍ ദമസ്കസിലേക്ക് പോകുമെന്നാണ് വിവരം.

20120217

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്



പരുമല(മാന്നാര്‍): ലോകശ്രദ്ധ നേടിയ ദൈവശാസ്ത്രജ്ഞനും മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഫെബ്രുവരി 16 വ്യാഴാഴ്ച കാലം ചെയ്തു. കബറടക്കം ശനിയാഴ്ച മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്ററില്‍ നടന്നു. നിരണം ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞശേഷം മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 8.15ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തലേ ഞായറാഴ്ചയാണ് ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ പരുമല മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

മരണസമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നിരണം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് , യൂഹാനോന്‍ മാര്‍ സേവോ ദോറോസ് (കൊട്ടാരക്കര ഭദ്രാസനം), സഖറിയാസ് മാര്‍ തെയോഫിലോസ് (മലബാര്‍), പൗലോസ് മാര്‍ പക്കോമിയോസ് (മാവേലിക്കര) എന്നീ മെത്രാപ്പോലീത്തമാരും പരുമല സെമിനാരി മാനേജര്‍ യൂഹാനോന്‍ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ എബ്രഹാം, സെക്രട്ടറിമാരായ ഫാ. ജോസഫ്, ഡീക്കണ്‍ ഷാജന്‍, സഹോദരന്‍െറ ഭാര്യ സാറാമ്മ, കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു.

 കാലം ചെയ്ത വാര്‍ത്തയറിഞ്ഞ് പരുമല പള്ളിയില്‍ 95 ദുഃഖമണി മുഴങ്ങിയപ്പോള്‍ ആശുപത്രിയിലും പരിസരത്തും വൈദികരും സമൂഹത്തിലെ നാനാതുറയിലുള്ള ആയിരങ്ങളും ഒഴുകിയെത്തി. രാത്രി 9.30 ഓടെ ഭൗതിക ശരീരം അംശവസ്ത്രങ്ങളണിയിച്ച് സിംഹാസനത്തിലിരുത്തി പരുമല ആശുപത്രിയിലുള്ള സെന്‍റ് ഗ്രീഗോറിയോസ് ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും ചാപ്പലിലെത്തി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ജീവിതരേഖ

മാവേലിക്കര മുണ്ടുവേലില്‍ വൈദ്യന്‍ കൊച്ചിട്ടി കൊച്ചിട്ടിയുടെയും മറിയാമ്മയുടെയും നാലുമക്കളില്‍ രണ്ടാമനായി 1918 ഡിസംബര്‍ ഒമ്പതിന് ജനിച്ചു. കെ.വി. ജോര്‍ജ് (ജോര്‍ജ് കുട്ടി) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. സഹോദരങ്ങള്‍ പരേതരായ ഡോ.കെ.മാത്യു, പി.കെ.ജോഷ്വാ, കുഞ്ഞമ്മ ചെറിയാന്‍.

1944ല്‍ കോട്ടയം വൈദിക സെമിനാരിയില്‍ ചേര്‍ന്നു. 1948ല്‍ ശെമ്മാശപട്ടവും 1956ല്‍ വൈദികപട്ടവും സ്വീകരിച്ചു. 1974 ഒക്ടോബര്‍ രണ്ടിന് നിരണത്തു നടന്ന മലങ്കര അസോസിയേഷനില്‍ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ദാനിയല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയില്‍നിന്ന് റമ്പാന്‍ പട്ടം സ്വീകരിച്ചു. 1975 ഫെബ്രുവരി 16ന് നിരണം വലിയപള്ളിയില്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവ അദ്ദേഹത്തെ മെത്രാനായി വാഴിച്ചു. 1976 ഏപ്രില്‍ ഒന്നിന് നിരണം ഭദ്രാസന മെത്രാപോലീത്തയായി. 2006 ജൂലൈ മൂന്നിന് ഭദ്രാസന ഭരണം ഒഴിഞ്ഞ് മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രെയ്നിങ് സെന്‍റ റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1952 മുതല്‍ 2008 വരെ കോട്ടയം പഴയ സെമിനാരിയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചശേഷം യു എസിലേക്ക് പോയി. ഫിലോസഫിയില്‍ എം എ ബിരുദധാരിയാണ്.

ലോക സഭാ കൗണ്‍സിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.മഹാത്മാഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

സാമൂഹികനീതിയുടെ പ്രവാചകനായും 'സാര്‍വലൗകികസ്‌നേഹ' മെന്ന മതത്തിന്റെ പ്രചാരകനായും അറിയപ്പെട്ട ഒസ്താത്തിയോസ് തിരുമേനി ക്രിസ്ത്യന്‍ മതദര്‍ശനത്തിന് പുതിയ മാനം നല്‍കാന്‍ ശ്രമിച്ച മെത്രാപൊലീത്തയാണ്. ക്രൈസ്തവ ദര്‍ശനത്തിന്റെ ത്രിത്വത്തെയും ഭാരതീയ തത്വചിന്തയുടെ അദ്വൈതത്തെയും സമന്വയിപ്പിച്ചുകൊണ്ട് 'അത്രൈത' മെന്ന ഒരു പുതിയ ദര്‍ശനം അദ്ദേഹം വികസിപ്പിച്ചെടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത് മാര്‍ ഒസ്താത്തിയോസായിരുന്നു. മലങ്കരസഭയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആന്ധ്ര, ഒറീസ്സ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളുടെയും എയ്ഡ്‌സ് രോഗികളുടെയും പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലുമായി 56 ഗ്രന്ഥങ്ങള്‍ രചിച്ചു. 'വര്‍ഗരഹിത സമൂഹത്തിന്റെ ദൈവശാസ്ത്രം', 'ദരിദ്രമായ ലോകത്തില്‍ സമ്പന്നനായിരിക്കുന്നതിന്റെ പാപം' തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. ദേശീയ അന്താരാഷ്ട്ര സെമിനാറുകളില്‍ ആയിരത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മാര്‍ ഒസ്താത്തിയോസ് 100-ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചു. നാല്പത് ആതുരസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും സഭയിലെ സേവനങ്ങളെയും മാനിച്ച് 2008 ജനുവരി 27ന് ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ 'സഭാരത്‌നം' ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 1993ല്‍ സെറാംപൂര്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റും നല്‍കി.


20120215

മാര്‍ ഒസ്താത്തിയോസിന്റെ നില ഗുരുതരമായി തുടരുന്നു

മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത
- എംറ്റിവിയോടു് കടപ്പാടു്


പരുമല, ഫെ 15: സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാരത്നം അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്തായുടെ (1918-) നില ഗുരുതരമായി തുടരുന്നു.

എന്നിരുന്നാലും രക്തസമ്മര്‍ദ്ദം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവ ഇപ്പോഴും സാധാരണ നിലയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്.

ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി വിപുലീകരിക്കും



കോട്ടയം,ഫെ 14: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിങ് കമ്മിറ്റിയോഗം തീരുമാനിച്ചു.

സഭാ സ്ഥാനികളായ ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഡോ.ജോര്‍ജ് ജോസഫ് എന്നിവരുടെയും കാലാവധി പൂര്‍ത്തിയാക്കുന്ന മറ്റ് അംഗങ്ങളുടെയും സേവനങ്ങളെ കാതോലിക്കാ ബാവ അഭിനന്ദിച്ചു. എമിനന്‍സ് അവാര്‍ഡിനര്‍ഹനായ ഫാ.റ്റി.ജെ.അലക്സാണ്ടറെ അനുമോദിച്ചു. കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ്, ഡോ.സുകുമാര്‍ അഴീക്കോട്, എം.എസ്. ജോസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

സ്നേഹദര്‍ശനങ്ങളുടെ പ്രചാരകരാകണം വിശ്വാസ സമൂഹം: ഡോ. മാര്‍ അത്തനാസിയോസ്


പുത്തൂര്‍,ഫെ 8: വിശ്വസമാധാനത്തിനും ശാന്തിയ്ക്കുമായി വിശ്വാസ സമൂഹം മാനവസ്നേഹ ദര്‍ശനങ്ങളുടെ പ്രചാരകരായി വര്‍ത്തിയ്ക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തില്‍പ്പെട്ട പുത്തൂരും പരിസരങ്ങളിലുമുള്ള വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തുന്ന 10-ാമത് പുത്തൂര്‍ കണ്‍വെന്‍ഷനും മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവവചനങ്ങള്‍ക്ക് കാലികമായ രൂപഭാവങ്ങള്‍ നല്‍കുകയാണ് കണ്‍വെന്‍ഷനുകളുടെയും വചന ശുശ്രൂഷകളുടെയും ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ഫാ. ഇ.ജി.തോമസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷനായി. ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര വചനശുശ്രൂഷ നടത്തി. ആശാമറിയം റോയി ബൈബിള്‍ റീഡിങ് നടത്തി. ഫാ.ഡോളു കോശി സമര്‍പ്പണ പ്രാര്‍ഥന നടത്തി. ജനറല്‍ കണ്‍വീനര്‍ മാത്യൂസ് ടി.ജോണ്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ബേബിക്കുട്ടി നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി കണ്‍വെന്‍ഷന്‍ ക്വയര്‍ ടീമിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരുന്നു.


20120214

പീച്ചി പള്ളിയുടെ കുരിശുംതൊട്ടിയുടെ ചില്ലുകള്‍ തകര്‍ത്തു



പീച്ചി,ഫെ 13: തൃശൂര്‍ ഭദ്രാസനത്തിലെ പീച്ചി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള തെക്കേകുളം മാര്‍ ഗ്രീഗോറിയോസ് കുരിശുംതൊട്ടിയുടെ ചില്ലുകള്‍ തകര്‍ത്തവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് തൃശൂര്‍ ഭദ്രാസനത്തിലെ മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പീച്ചി പള്ളി വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. മാത്യു ജേക്കബ് പുതുശ്ശേരി, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. സണ്ണി പുളിക്കക്കുടിയില്‍, ഫാ. ജോയ് പുലിക്കോട്ടില്‍, സഭാ മാനേജിംങ് കമ്മിറ്റിയംഗം ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പിറവം വലിയപള്ളിയില്‍ വീണ്ടും സംഘര്‍ഷം



പിറവം: ശവസംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം (ഫെ 12) തര്‍ക്കം രൂപപ്പെട്ട പിറവം വലിയപള്ളിയില്‍ ഫെ 13-നും സംഘര്‍ഷം. ശുശ്രൂകള്‍ക്ക് നേതൃത്വം നല്‍കുന്ന മൂന്നു് വൈദികര്‍ക്കു് പുറമെ മറ്റൊരു വൈദികനും ശുശ്രൂഷാ വസ്ത്രം ധരിച്ച് പള്ളിയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതാണ് തര്‍ക്ക കാരണം. സംഭവമറിഞ്ഞു് ഉച്ചയോടെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ഫാ. ജോസഫ് മങ്കിടിയും സഭാ മാനേജിംഗ് കമ്മിറ്റിയംഗം ടി.ടി. ജോയിയും പള്ളിയിലെത്തി. പള്ളിയുടെ പ്രധാന വാതിലിനു സമീപം അവര്‍ക്കു് നേരെ കയ്യേറ്റശ്രമമുണ്ടായി. സംഘര്‍ഷത്തിനിടെ കൂട്ടമണി മുഴക്കിയതോടെ ഒട്ടേറെപേര്‍ പള്ളിപരിസരത്തു തടിച്ചുകൂടി.

മൂന്നു വൈദികര്‍ക്കു പുറമെ മറ്റൊരു വൈദികനും ശുശ്രൂഷാ വസ്ത്രം ധരിച്ച് പള്ളിയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത വിവരം അറിഞ്ഞെത്തിയ തന്റെ ഇരുചക്രവാഹനം വിമത യാക്കോബായക്കാര്‍ തകര്‍ത്തതായി ഫാ. മങ്കിടി പറഞ്ഞു. ബാഗില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയും നഷ്ടപ്പെട്ടു.
അക്രമം തടയുന്നിടെയാണ് ജോയിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായത്. അക്രമം നടത്തി പള്ളി പൂട്ടിക്കുന്നതിനുള്ള ശ്രമമാണു മറുവിഭാഗം നടത്തുന്നതെന്നും ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആരോപിച്ചു.നിലവിലുള്ള മൂന്നു വൈദികര്‍ക്കു് മാത്രമേ പ്രവേശനാനുമതി നല്‍കുകയുള്ളുവെന്നു് കഴിഞ്ഞ ദിവസവും ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനു് വിരുദ്ധമായ നടപടി വിമത യാക്കോബായ വിഭാഗം സ്വീകരിച്ചതാണ് തര്‍ക്കമായത്.

20120213

കട്ടപ്പുറം പള്ളിയില്‍ ഓര്‍ത്തഡോക്സ്-വിമത യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം



തിരുവല്ല, ഫെ 12: കാവുംഭാഗം കട്ടപ്പുറം പള്ളിയില്‍ ഓര്‍ത്തഡോക്സ്-വിമത യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.

സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥനയ്ക്ക് വിമത യാക്കോബായ വിഭാഗം കയറിയ ഉടനെ പള്ളിയുടെ പ്രധാന കവാടം പൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വിമത യാക്കോബായ വിഭാഗക്കാരുടെ കാവുംഭാഗം പള്ളിയില്‍ സെമിത്തേരിയില്ലാത്തതിനാല്‍ കട്ടപ്പുറം പള്ളിയിലാണ് ശവസംസ്കാരം നടത്തുന്നത്. ഇവിടെ ആണ്ടുതോറും ഇവര്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നുണ്ട്. ഇതിനായി ഫെ 12 ഞായറാഴ്ച രാവിലെ 10.30 ഓടെ വിമത യാക്കോബായക്കാര്‍ പ്രധാന കവാടത്തിലൂടെ പള്ളിയില്‍ എത്തി. എന്നാല്‍ ഇവര്‍ പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ ഇത് അടച്ചുപൂട്ടിയതായി വിമത യാക്കോബായ മെത്രാന്‍ ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

പടിഞ്ഞാറുവശത്തുള്ള കവാടത്തില്‍ കൂടിയാണ് ഇവര്‍ പള്ളിയില്‍ കയറിയതെന്നും തന്നോട് അപമര്യാദയായി വിമത യാക്കോബായക്കാര്‍ പെരുമാറിയതായും പള്ളി വികാരി ജേക്കബ് ജോര്‍ജ് അറിയിച്ചു. 12.30 ഓടെ ഡിവൈ.എസ്.പി സാബു പി.ഇടിക്കുള ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

നെച്ചൂര്‍ പള്ളിയില്‍ ഇരുകൂട്ടര്‍ക്കും കോടതി പെരുന്നാള്‍ സമയക്രമം നിശ്ചയിച്ചു നല്‍കി


പിറവം, ഫെ 13: ഓര്‍ത്തഡോക്‌സ് -- വിമത യാക്കോബായ പക്ഷക്കാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ മൂന്ന്‌നോമ്പ് പെരുന്നാള്‍ ചടങ്ങുകള്‍ നടത്താന്‍ കോടതി ഇരുകൂട്ടര്‍ക്കും സമയക്രമം നിശ്ചയിച്ചു നല്‍കി. പള്ളിയില്‍ ഞായറാഴ്ചയാണ് പെരുന്നാള്‍ ആരംഭിച്ചത് 16-ന് സമാപിക്കും.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഫിബ്രവരി 15-വരെ രാവിലെ 9.25 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 6 മുതല്‍ 7 വരെയും 16-ന് രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ആരാധന ചടങ്ങുകള്‍ നടത്താം.

വിമത യാക്കോബായ വിഭാഗത്തിന് 14ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയും വൈകിട്ട് 7 മുതല്‍ 8 വരെയും 15 ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയും വൈകിട്ട് 7 മുതല്‍ രാത്രി 9.30 വരെയും സമാപനദിവസമായ 16 ന് രാവിലെ 7 മുതല്‍ 9.20 വരെയും ഉച്ചതിരിഞ്ഞ് ഒരു മണിക്കുശേഷവും ചടങ്ങുകള്‍ നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

പള്ളിയിലും ചാപ്പലിലും സെമിത്തേരിയിലും അതതു വിഭാഗങ്ങളുടെ പുരോഹിതര്‍ മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പിറവം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി നിര്‍ദേശിച്ചു.

ഇരുകൂട്ടരും സമയക്രമം കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി വി. ഷിര്‍സിയുടെതാണ് വിധി.

അതേസമയം, രണ്ടുകൂട്ടരുടെയും മൂന്നുനോമ്പു പെരുന്നാള്‍ ചടങ്ങുകള്‍ ഫെ 12 ഞായറാഴ്ച ആരംഭിച്ചിട്ടുണ്ട്.

ശവസംസ്‌കാരത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞു; മൃതദേഹം അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്ത് വച്ചു



പിറവം: വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നു് പിറവം വലിയ പള്ളിയില്‍ ഇടവകാംഗമായ പിറവം പാഴൂര്‍ വാതക്കാട്ടില്‍ വി.എം. എബ്രാഹാ (91)മിന്റെ മൃതദേഹം അടക്കം ചെയ്യാനാകാതെ അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്തുവച്ചു.

രാത്രി വൈകി ആര്‍.ഡി.ഒ ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് രാത്രി ഒമ്പതിനാണ് മൃതദേഹം സംസ്‌കാരശുശ്രൂഷകള്‍ക്കായി പള്ളിയ്ക്കകത്തേയ്ക്ക് എടുത്തത്. മരിച്ച എബ്രാഹാമിന്റെ മകനും, ഓര്‍ത്തഡോക്‌സ് സഭയുടെ മണകുന്നം മാര്‍ ഔഗേന്‍ പള്ളി വികാരിയുമായ ഫാ. വി.എ. മാത്യൂസ് 'കറുത്ത കുപ്പായം' ധരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയെന്നു് പറഞ്ഞാണ് വിമത യാക്കോബായ കക്ഷിക്കാര്‍ അക്രമത്തിനു് മുതിര്‍ന്നതു്. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പള്ളി മുറ്റത്തേയ്ക്ക് കയറ്റുമ്പോള്‍ തന്നെ വിമത യാക്കോബായ കക്ഷിക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ മണിക്കൂറുകള്‍ നീണ്ടു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു.

ഫെ 10 വെള്ളിയാഴ്ച രാത്രിയാണ് പാഴൂര്‍ വാതക്കാട്ടില്‍ എബ്രാഹം മരിച്ചത്. 12 ഞായറാഴ്ച വൈകീട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വലിയപള്ളി വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടിലും സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പയും ചേര്‍ന്നാണ് വീട്ടിലെ ശുശ്രൂഷകള്‍ നടത്തിയത്. തുടര്‍ന്ന് നാല് മണിയോടെ മൃതദേഹം വലിയ പള്ളിയിലേക്ക് കൊണ്ടുവന്നു. മറ്റ് വൈദികര്‍ക്കൊപ്പം ഫാ. വി.എ. മാത്യൂസും കറുത്തകുപ്പായമണിഞ്ഞാണ് പള്ളിയിലേയ്ക്കു വന്നത്.

വിലാപയാത്രയെ പള്ളിയുടെ പിന്നിലെ മുറ്റത്ത് വിമത യാക്കോബായ കക്ഷിക്കാരായ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെങ്കിലും ബലം പ്രയോഗിച്ചുതന്നെ മൃതദേഹം പള്ളിയുടെ മൂന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിമത യാക്കോബായ കക്ഷിക്കാര്‍ അതിനോടകം പള്ളിക്കകത്തുകയറി ആനവാതിലടക്കമുള്ള മുഴുവന്‍ വാതിലുകളും അടച്ചു. തുടര്‍ന്നാണ് പള്ളിയുടെ ആനവാതില്‍ക്കലില്‍ തന്നെ മുറ്റത്ത് ഡസ്‌കിട്ട് ശവമഞ്ചം വച്ചത്.

ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്‌കാര ശുശ്രൂഷ നടത്താന്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് പള്ളികയ്യടക്കിയ വിമത യാക്കോബായ കക്ഷിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഫാ. വി.എ. മാത്യൂസ് അപേക്ഷ നല്‍കിയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്.

ഓര്‍ത്തഡോക്‌സ് പക്ഷക്കാരനായ ഫാ. വി.എ. മാത്യൂസ് കറുത്ത കുപ്പായമണിഞ്ഞ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്താല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതൊരു കീഴ്‌വഴക്കമായി ഭാവിയില്‍ ചിത്രീകരിച്ചേക്കാമെന്ന ആശങ്കയുയര്‍ത്തിയാണ് യാക്കോബായ വിഭാഗം അതിനെ എതിര്‍ത്തത്.

ധാരണയായതിനെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയായിരുന്നു സംസ്‌കാരം. വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടില്‍ , മറ്റ് വൈദികരായ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് എന്നിവരും ഫാ. വി.എ. മാത്യൂസും ശുശ്രൂഷകളില്‍ പങ്കെടുത്തു. വന്‍ പോലീസ് സംഘത്തിന്റെ സംരക്ഷണയിലായിരുന്നു സംസ്‌കാരം.

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ അത്യാസന്ന നിലയില്‍



മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ അത്യാസന്ന നിലയില്‍. ഫെബ്രുവരി 12 ഞായറാഴ്‌ച രാത്രി 11 മണിയോടെയാണു് പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്‌. ആശുപത്രിയില്‍ അദ്ദേഹത്തിന്‌ കന്തീലാശുശ്രൂഷ നടത്തി.

ആശുപത്രിയില്‍ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ, ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാരായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, എബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, ഗബ്രിയാല്‍ മാര്‍ ഗ്രിഗോറിയോസ്‌, യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, മറ്റ്‌ സഭകളിലെ ബിഷപ്പുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

20120212

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു


പിറവം, ഫെ11: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷങ്ങളും കുടുംബസംഗമവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതാണ് കുടുംബ സംഗമങ്ങളെന്നും നോമ്പും പ്രാര്‍ഥനയും ഉപവാസവുമെല്ലാം കുടുംബങ്ങളുടെയും അതിലൂടെ സഭയുടെയും കെട്ടുറപ്പിന് അനിവാര്യമാണെന്നും വലിയ ബാവ പറഞ്ഞു. പിറവം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാര്‍ ഔഗേന്‍ നഗറില്‍ കൂടിയ യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അദ്ധ്യക്ഷനായി.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സഭയുടെ ഫ്രട്ടേണിറ്റി അവാര്‍ഡ് ജേക്കബ് കുര്യന് സിനിമാനടന്‍ ജഗതി ശ്രീകുമാര്‍ സമ്മാനിച്ചു.

സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് കുര്യന്‍ സ്വാഗതവും ഫാ. ജോണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.

20120208

എത്യോപ്യയില്‍ റോമന്‍ കത്തോലിക്കാ- പുരാതന ഓര്‍ത്തഡോക്സ് ഡയലോഗ് നടന്നു



കോട്ടയം: സഭകള്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ എന്ന പൊതുവിഷയത്തെ അധികരിച്ച് ജനുവരി 16 മുതല്‍ 23 വരെ എത്യോപ്യയിലെ ആഡിസ് ആബാബയില്‍ കത്തോലിക്കാ- ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ് നടന്നു. കത്തോലിക്കാസഭയും ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ഡയലോഗിനുവേണ്ടിയുള്ള അന്തര്‍ദേശീയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണു് ഡയലോഗ് നടന്നത്.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ് ഒന്നാമന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ സിനഡ് ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ നിയമഗ്രന്ഥങ്ങളുടെ വെളിച്ചത്തിലും രക്തസാക്ഷിത്വം, പ്രാര്‍ഥന എന്നീ തലങ്ങളിലും സഭകള്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മക്കുറിച്ചുള്ള ആറു പ്രബന്ധങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

റോമിലെ സഭൈക്യ കാര്യാലയത്തിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കോര്‍ട്ട് കുഹ് കത്തോലിക്കാ പ്രതിനിധിസംഘത്തിനും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ എക്യുമെനിക്കല്‍ സെക്രട്ടറി മാര്‍ ആംബാ ബിഷോയ് മെത്രാപ്പോലീത്ത ഓര്‍ത്തഡോക്സ് പ്രതിനിധിസംഘത്തിനും നേതൃത്വം നല്കി.

ഔദ്യോഗിക റിപ്പോര്‍ട്ട്

20120204

കണ്യാട്ടുനിരപ്പ്‌: സിഐയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി, ഫെ 3: കോലഞ്ചേരി കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ പുത്തന്‍കുരിശ്‌ സിഐ: ബിജു കെ. സ്‌റ്റീഫനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികക്ഷികളില്‍‍പെട്ട
വര്‍ ആക്രമിച്ച കേസില്‍ 11 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ബി. കെമാല്‍പാഷ തള്ളി.

ചോറ്റാനിക്കര കുഴിയറ പെരുംപട്ട ബിപിന്‍ ജോണ്‍ ഏലിയാസ്‌(21), അബിന്‍ ജോണ്‍ ഏലിയാസ്‌(25), തിരുവാണിയൂര്‍ വെട്ടുകാട്ടില്‍ സജി പൗലോസ്‌(28), കുഴിയറ മറിയടിയില്‍ ജോമോന്‍(28), കുപ്പക്കാട്ട്‌ ജോണി(48), തലക്കോട്‌ മുറീക്കല്‍ പോള്‍(32), നടുമൂലയില്‍ യോഹന്നാന്‍(46), കോക്കപ്പിള്ളി കൊട്ടാരത്തില്‍ പീറ്റര്‍(42), കുഴിയറ ഞാറ്റുതൊട്ടിയില്‍ ജോസഫ്‌(76), കോട്ടപ്പിള്ളി തച്ചേടത്ത്‌ ടി.കെ.ബാബു(52), തലക്കോട്‌ ജോര്‍ജ്‌(65) എന്നിവരുടെ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്‌.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കോടതി ഉത്തരവു പാലിക്കാനെത്തിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെ ആക്രമിച്ച കേസിലെ പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന ജില്ലാ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ്‌ മണവാളന്റെ വാദം ശരിവച്ചാണു ജാമ്യം നിഷേധിച്ചത്‌.

പതിനൊന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ചോറ്റാനിക്കര കുഴിയറ ഞാറ്റംതൊട്ടിയില്‍ സണ്ണി, അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ട രണ്ടാംപ്രതി കണയന്നൂര്‍ ചിറപ്പാട്ട്‌ ബാബു, പത്തു കേസുകളില്‍ ഉള്‍പ്പെട്ട മൂന്നാംപ്രതി ഞാറ്റുതൊട്ടിയില്‍ സാജു, ഒന്‍പതു കേസുകളില്‍ ഉള്‍പ്പെടുന്ന നാലാംപ്രതി പാറക്കുളങ്ങരയില്‍ ഏലിയാസ്‌, രണ്ടു കേസുകളില്‍ ഉള്‍പ്പെട്ട എട്ടാംപ്രതി ഇലഞ്ഞി കയ്യാരത്ത്‌ പൗലോസ്‌ എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി നേരത്തെ തള്ളിയിരുന്നു. ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ തലയോട്ടിക്കു പൊട്ടലുണ്ടായത്‌ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്‌.