20120226

ജയിലില്‍ കുര്‍ബ്ബാനയ്ക്ക് തിരശീലയുണ്ടാക്കിയ കഥ



കോട്ടയം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികള്‍ക്കു വേണ്ടിയുള്ള ചാപ്പല്‍. 1975ല്‍ അവിടെ മാസത്തിലൊരിക്കല്‍ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത് ഫാ. കെ.ഐ. പോള്‍ എന്ന യുവ വൈദികനാണ്. അദ്ദേഹം കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ആദ്യം അവിടെയെത്തുമ്പോള്‍ ജയില്‍ ചാപ്പലില്‍ തിരശീലയില്ലായിരുന്നു.

എന്നാല്‍ ആ കുറവ് തടവുകാര്‍ തന്നെ പരിഹരിച്ചു. അനേകം ഈരേഴ തോര്‍ത്തുകള്‍ യോജിപ്പിച്ച് അവര്‍ തിരശീലയുണ്ടാക്കി. തോര്‍ത്തുകളാകട്ടെ ജയിലിലെ കൈത്തറി നെയ്ത്തു കേന്ദ്രത്തില്‍ നിന്നു മോഷ്ടിച്ചവയും! അന്നത്തെ ഫാ. കെ.ഐ. പോളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.
പരിശുദ്ധ കാതോലിക്ക ബാവയുടെ ആത്മകഥയുടെ ആദ്യഭാഗമായി പ്രസിദ്ധീകരിക്കുന്ന 'വിനയസ്മിതം' എന്ന പുസ്തകത്തിലൂടെ ചുരുളഴിയുന്ന രസകരമായ സംഭവങ്ങളിലൊന്നാണ് ജയിലിലെ തിരശീലയുടെ കഥ. കുന്നംകുളത്തെ നിര്‍ധന കര്‍ഷക കുടുംബത്തില്‍ പിറന്ന് കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന സാധാരണക്കാരനായ ബാലന്‍ മലങ്കര സഭയുടെ നായകസ്ഥാനത്തെത്തിയ അത്ഭുതാവഹമായ യാത്രയുടെ കഥയാണ് വിനയസ്മിതത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ബാല്യം മുതല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നതുവരെയുള്ള ജീവിതത്തിന്റെ ഏടുകളാണീ പുസ്തകത്തില്‍. രസകരവും മനുഷ്യമനസുകളെ പിടിച്ചുലയ്ക്കുന്നതുമായ അനുഭവങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
വെളുപ്പിന് രണ്ടു മണിക്ക് ഉണര്‍ന്ന് പിതാവിനും ജ്യേഷ്ഠനുമൊപ്പം കമുകിന്‍തോട്ടം നനയ്ക്കുന്നതോടെയാണ് ബാല്യകാലത്ത് അദ്ദേഹത്തിന്റെ ദിവസം തുടങ്ങിയിരുന്നത്. തോട്ടത്തില്‍ റാന്തല്‍ വെളിച്ചം കാട്ടിക്കൊടുക്കുകയായിരുന്നു ഇളയവനായ പോളിന്റെ ചുമതല. സ്വകുടുംബത്തില്‍ വെളിച്ചം പകര്‍ന്നു ജീവിതം തുടങ്ങിയ ബാലന്‍ സമൂഹത്തിനും സഭയ്ക്കും വെളിച്ചം പകരുന്നവനായി മാറി.
പുസ്തകത്തിന്റെ ആദ്യഭാഗത്താണ് പരിശുദ്ധ ബാവയുടെ ആത്മകഥ. പ്രമുഖര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങള്‍, സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ഓര്‍മക്കുറിപ്പുകള്‍ എന്നിവയും ബാവയുടെ ലേഖനങ്ങളുടെ സമാഹാരവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ മറ്റൊരു പുറം തുറക്കുന്നത് കുന്നംകുളത്തിന്റെ ചരിത്രത്തിലേക്കാണ്.

കടപ്പാടു്- മലയാളമനോരമ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.