20120227

പിറവത്ത് സര്‍ക്കാരിനെതിരെ പ്രതികരിക്കും: ഓര്‍ത്തഡോക്‌സ് സഭ


പിറവം, ഫെ26: ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരേ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത.

സഭാതര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭ നിരാഹാരസമരം ഉള്‍പ്പെടെ നടത്തി. 15 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം പിന്‍വലിച്ചത്. 15ദിവസത്തിനകം പരിഹാരമായില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പിറവത്തെ സഭാവിശ്വാസികളായ 25,000ഓളം വോട്ടര്‍മാര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കും. പിറവത്തെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സഭാവിശ്വാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ അസംതൃപ്തരാണ്. ഇതിനെതിരെ പ്രതികരിക്കാനുള്ള ആദ്യഅവസരമായാണ് വിശ്വാസികള്‍ പിറവം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.

സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ആഹ്വാനമോ നിര്‍ദേശമോ സഭ നേരിട്ട് നല്‍കില്ല. എന്നാല്‍ സഭയുടെ മനസ് വിശ്വാസികള്‍ക്കറിയാം. അവര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കുമെന്നും മീമ്പാറ അരമനയില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.