20091204

നെച്ചൂര്‍ പള്ളി: നിലവിലുള്ള ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍‍‍ ഡി ഒയുടെതീരുമാനം



പിറവം, ഡിസം 3:
സഭാ തര്‍ക്കം നിലനില്‍ക്കുന്ന നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍.ഡി.ഒ. ആയ പി.കെ. നളന്‍ ഉത്തരവായി. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ ഇടദിവസങ്ങളിലും ആരാധനയ്ക്ക് പള്ളി തുറന്നുകൊടുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആവശ്യപ്പെട്ടതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ ആവശ്യമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ വികാരി ഫാ. ജോസഫ് മങ്കിടിയുടെ നേതൃത്വത്തില്‍ നവം 27 വെള്ളിയാഴ്ച വൈകുന്നേരം പള്ളിയില്‍ ആരംഭിച്ച ഉപവാസം പിറ്റേന്നു് അവസാനിപ്പിച്ചതു് ഡി മൂന്നാം തീയതി ആര്‍.ഡി.ഒയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനിയ്ക്കാമെന്ന ധാരണയിലായിരുന്നു.

ഞായറാഴ്ചയിലെ കുര്‍ബാനയ്ക്കല്ലാതെ മറ്റ് ദിവസങ്ങളില്‍ കുര്‍ബാനയ്ക്കു് പള്ളി തുറന്നുകൊടുക്കാന്‍ പള്ളിയുടെ താക്കോല്‍ നിയന്ത്രണത്തിലാക്കിയിരിയ്ക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തയ്യാറായില്ല. അതുകൊണ്ടു് രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് ആര്‍.ഡി.ഒ. നിര്‍ദ്ദേശിച്ചു. ആര്‍ ഡി ഒ ഏകപക്ഷീയമായിനീങ്ങുന്നുവെന്നു് പറഞ്ഞ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ തുടര്‍ന്നു് ചര്‍ച്ച ബഹിഷ്‌കരിച്ചതുകൊണ്ടു് ചര്‍ച്ച വിജയിച്ചില്ല.

ഞായറാഴ്ചകള്‍ക്ക് പുറമെ വിവാഹം, മാമോദീസ, മരണം, പെരുന്നാള്‍, നാല്പതാം ചരമദിനാചരണം തുടങ്ങിയവയ്ക്ക് മാത്രം പള്ളി തുറന്നുകൊടുക്കുന്ന രീതി മേലില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ഡി.ഒ. പിന്നീടു് ഉത്തരവിറക്കുകയാണുണ്ടായത്. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് ഇരുസഭകള്‍ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആര്‍.ഡി.ഒ.യുടെ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടു്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതിനിധീകരിച്ച് അവരുടെ വികാരി മൂലാമറ്റത്തില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‍‍കോപ്പ, സോജന്‍ പി. എബ്രഹാം, രാജു ജോണ്‍, എല്‍ദോ പീറ്റര്‍, ഐസക് തറയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് അവരുടെ വികാരി ഫാ. ജോസഫ് മങ്കിടി, പോള്‍ കോഴിക്കോട്ടുതറ, ബാബു ഐക്കനംപുറത്ത്, യോഹന്നാന്‍ കയ്യാലപ്പറമ്പില്‍ എന്നിവരുമാണു് ആര്‍.ഡി.ഒ. വിളിച്ചുകൂട്ടിയ അനുരഞ്ജനചര്‍ച്ചയില്‍ പങ്കെടുത്തതു്.

*