20110226

മലങ്കര വര്‍ഗീസ് വധം: തുടരന്വേഷണത്തിന് ഉത്തരവ്

കൊച്ചി, ഫെബ്രുവരി 25: മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. കേസന്വേഷിച്ച സിബിഐ നല്‍കിയ കുറ്റപത്രം മടക്കി നല്‍കിയ ശേഷമാണ്‌ കോടതി ഉത്തരവ്‌.

മലങ്കര വര്‍ഗീസ് വധക്കേസില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ തലവന്‍‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്കു് പങ്കുണ്ടെന്ന ആരോപണവും സിബിഐ അന്വേഷിക്കണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (സിജെഎം) കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണു് തുടരന്വേഷണത്തിനുള്ള കോടതിയുടെ നിര്‍ണായക ഉത്തരവ്. സി.ബി.ഐ. കേരള ഘടകത്തിലെ ഉദ്യോഗസ്‌ഥനെ ഇതിനായി നിയോഗിക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സിജെഎം ബി. വിജയന്‍ നിര്‍ദേശിച്ചു.


മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു കൊല്ലപ്പെട്ട വര്‍ഗീസ്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ മുന്‍ വികാരി ഫാ. വര്‍ഗീസ് തെക്കേക്കരയെ ഒന്നാം പ്രതിയാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമല്ലെന്നും കൊലപാതകത്തിനു ഗൂഢാലോചന നടത്തിയവരെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ട ച്ചുമതലയുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ബി. വിജയന്റെ ഉത്തരവ്.


കൊലപാതകം സംബന്ധിച്ച്‌ സാറാമ്മയും മകനും നല്‍കിയ മൊഴി ശരിയായ തരത്തിലല്ല സി.ബി.ഐ. രേഖപ്പെടുത്തിയതെന്നും കോടതി വിലയിരുത്തി. മലങ്കര വര്‍ഗീസിന്റെ മകന്‍ ടില്‍സണ്‍ നല്‍കിയ മൊഴികളില്‍ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയും ശ്രേഷ്ഠ ബാവായുമായുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സിബിഐ ഈ ഭാഗം ഒഴിവാക്കിയതായി കോടതി കണ്ടെത്തി. ഫാ. വര്‍ഗീസ്‌ തെക്കേക്കരക്കെതിരേ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നു കോടതി പറഞ്ഞു. വര്‍ഗീസിനോട് ഫാ. തെക്കേക്കരയ്ക്ക് എന്തെങ്കിലും പൂര്‍വവൈരാഗ്യമുണ്ടായിരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്? മറ്റാരുടെയെങ്കിലും പ്രേരണയോ നിര്‍ദേശമോ കൊലപാതകത്തിനു പിന്നിലുണ്ടോയെന്നു സിബിഐ അന്വേഷിക്കണം കൊലപാതകത്തിന്‌ ഉപയോഗിച്ച കാറിന്റെ രേഖകളും സി.ബി.ഐ. പരിശോധിച്ചിട്ടില്ല.



വര്‍ഗീസിനു നേരെ 1993 ല്‍ വധശ്രമമുണ്ടായെന്ന സാറാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേണം നടത്തിയില്ല. ഇക്കാര്യം അഡ്വ. സി.പി. ഉദയഭാനു മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സാറാമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1993-ല്‍ വര്‍ഗീസിനുനേരെയുണ്ടായ കൊലപാതകശ്രമത്തില്‍‍ വര്‍ഗീസിന്റെ സുഹൃത്തായ കുര്യാക്കോസ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു വര്‍ഗീസിന്റെ കൊലപാതകം. ഇതന്വേഷിക്കാതെ സിബിഐയുടെ കുറ്റപത്രം പൂര്‍ണമാവില്ലെന്നും ഹര്‍ജിയിലുണ്ട്.

2002 ല്‍ ശ്രേഷ്ഠ ബാവാ മെത്രാനായിരുന്ന കാലത്ത് പെരുമ്പാവൂരിലെ സൂലോക്കോ പള്ളിയില്‍ അദ്ദേഹം പ്രവേശിക്കുന്നതു് തടഞ്ഞുകൊണ്ട്‌ സിവില്‍ കോടതിയില്‍ നിന്നും ഉത്തരവ്‌ സമ്പാദിച്ചു് അദ്ദേഹത്തിന്റെ പള്ളി സന്ദര്‍ശനം മലങ്കര വര്‍ഗീസ്‌ തടസ്സപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യം വര്‍ഗീസിനു നേരെയുണ്ടായിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. പള്ളിയുടെ ശിലാസ്ഥാപന വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് 2002 ഒക്ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായി. എതിര്‍പക്ഷക്കാര്‍ വളഞ്ഞതോടെ കാരോത്തുപടി ജംക്ഷനില്‍ നിന്നു മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ കുതിച്ചുപായുന്നതിനിടയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനു പിന്നീടു മരിച്ചു.

അസോസിയേഷന്‍ നേതാവായ ബിനുവിന്റെ മരണത്തോടെയാണ് മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നാണു് സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍, ബിനുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശ്രേഷ്ഠ ബാവാ ബിനുവിന്റെ മരണത്തിന് ഏക ഉത്തരവാദി മലങ്കര വര്‍ഗീസാണെന്നു പരസ്യപ്രസ്താവന നടത്തിയെന്ന മൊഴികള്‍ സിബിഐ അന്വേഷിച്ചില്ലെന്നു ഹര്‍ജിക്കാരി കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

അപകടമുണ്ടാക്കിയ കാറില്‍ അഞ്ചുപേരാണു സഞ്ചരിച്ചിരുന്നത്. എന്നിട്ടും അതിന്റെ പേരില്‍ കൊല്ലപ്പെട്ടതു വര്‍ഗീസ് മാത്രമാണ്. കാറപകടം മാത്രമല്ല വര്‍ഗീസിനോടുള്ള വൈരാഗ്യത്തിനു കാരണമെന്നു തെളിയിക്കുന്ന ഈ സംഭവം സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മാനേജിംഗ്‌ കമ്മറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ്‌ എന്ന ടി.എം. വര്‍ഗീസ്‌ 2002 ഡിസംബര്‍ അഞ്ചിനാണ്‌ കൊല്ലപ്പെട്ടത്‌. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസെടുത്ത സിബിഐ 2010 മേയ്‌ ഒമ്പതിന്‌ അങ്കമാലി അതിരൂപതയിലെ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കി. വര്‍ഗീസിനെ വധിച്ചത്‌ ബിസിനസ്‌ രംഗത്തെ ശത്രുക്കളാണെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടാണ്‌ സഭാതര്‍ക്കത്തിന്‌ ഇരയാകുകയായിരുന്നെന്ന്‌ മനസിലായത്‌. കേസ്‌ ക്രൈംബ്രാഞ്ചാണ്‌ അന്വേഷിച്ചതെങ്കിലും പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടാണ്‌ വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്‌. 2007ല്‍ സിബിഐയ്ക്കു വിട്ടു. കൊലപാതകത്തില്‍ 19 പേര്‍ പ്രതികളായിരുന്നു. കേസിലെ രണ്ടാം പ്രതി സിമന്റ്‌ റോയി എന്ന ജോയി വര്‍ഗീസിനെ സിബിഐ അറസ്റ്റ്‌ ചെയ്തതോടെയാണ്‌ ഒന്നാം പ്രതിയെക്കുറിച്ച്‌ അറിഞ്ഞത്‌. മറ്റുള്ള പ്രതികള്‍ വാടകക്കൊലയാളികളായിരുന്നു.

20110224

സക്കറിയാസ്‌ മാര്‍ നിക്കോളാവോസ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത


കോട്ടയം,ഫെബ്രുവരി 23: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വടക്കു് കിഴക്കേ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി സക്കറിയാസ്‌ മാര്‍ നിക്കോളാവോസിനെ നിയമിക്കാന്‍ സഭാ മാനേജിങ്‌ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ സ്വയം വിരമിച്ചതിനെത്തുടര്‍ന്നാണു് നിയമനം. മാര്‍ നിക്കോളാവോസ്‌ നിലവില്‍ അവിടെ സഹായ മെത്രാപ്പോലീത്തയാണ്‌.

പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക ദുരന്തത്തെ അതിജീവിക്കാന്‍ ആവശ്യമായ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏവരും തയാറാകണമെന്നു പരിശുദ്ധ കാതോലിക്കാബാവാ ആഹ്വാനം ചെയ്‌തു.

ജീവിതംകൊണ്ട്‌ ക്രിസ്‌തുവിന്റെ സാക്ഷികളാകുക എന്ന പരമമായ ദൗത്യമാണ്‌ സഭാംഗങ്ങള്‍ക്കുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ ധ്യാനം നയിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ നോട്ടീസ്‌ കല്‌പന വായിക്കുകയും മിനിറ്റ്‌സ്‌ അവതരിപ്പിക്കുകയും ചെയ്‌തു.

കോട്ടയം സിഎംഎസ്‌ കോളജ്‌ മുന്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഇ. ജെ. തോമസ്‌ കോറെപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. മാനേജിങ്‌ കമ്മിറ്റിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, അമേരിക്കയില്‍ `ഫോമാ ചെയര്‍മാന്‍ രാജു എം. വര്‍ഗീസ്‌, മികച്ച അധ്യാപകനുള്ള മാര്‍ പീലക്‌സിനോസ്‌ കാഷീറോ അവാര്‍ഡ്‌ നേടിയ ഡോ. ഷാജി വര്‍ഗീസ്‌ എന്നിവരെ അനുമോദിച്ചു. ഏപ്രില്‍ 10-ാം തീയതി എറണാകുളത്തു നടക്കുന്ന നസ്രാണി സംഗമം വിജയിപ്പിക്കുന്നതിനും കര്‍ണാടകയിലെ റാഞ്ചിലാടി എസ്‌റ്റേറ്റ്‌ ബ്രഹ്‌മവാര്‍ ഭദ്രാസനത്തിനു വിട്ടുകൊടുക്കുന്നതിനും യോഗം തീരുമാനിച്ചു.

20110220

വലിയ നോമ്പുവേളയില്‍‍ പരിശുദ്ധ ബാവാ പുറപ്പെടുവിച്ച കല്പന



നമ്പര്‍ 98/2011

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്‌തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍


നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹവികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളികൈക്കാരന്‍‍മാരും, ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!

പ്രിയരേ,
ആദ്ധ്യാത്മീക ജീവിതത്തിന്റെ ഉച്ചസ്ഥായിയിലേക്ക്‌ നമ്മെ കൈപിടിച്ചുയര്‍ത്തുന്ന വലിയനോമ്പ്‌ സമാഗതമാവുകയാണല്ലോ. മനുഷ്യാവതാര സംഭവങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഉയിര്‍പ്പ്‌ പെരുന്നാള്‍, ദ്രവത്വത്തില്‍നിന്നും, നാശത്തില്‍നിന്നും നമ്മുടെ കര്‍ത്താവിന്റെ കൃപയാല്‍ സൃഷ്‌ടി നേടിയ വിജയത്തിന്റെ ആഘോഷമാണ്‌. മരണത്തിന്റെയും സാത്താന്റെയും മേലുള്ള ഈ വിജയമാണ്‌ മാനവകുലത്തിന്‌ പ്രതീക്ഷയുടെ പുതിയ വാതായനങ്ങള്‍ തുറന്നുതന്നത്‌. ഉയിര്‍പ്പുപെരുന്നാളിലേക്കുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഒരുക്കത്തിന്റെ ഭാഗമായി അമ്പതുദിവസം നീണ്ടുനില്‍ക്കുന്ന നോമ്പനുഷ്‌ഠാനം ക്രമീകരിക്കപ്പെട്ടിരിക്കുന്നു.


ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി പാപത്തെ സമൂലം ഉപേക്ഷിച്ച്‌ തികഞ്ഞ ആത്മീയ ജീവിതം നയിക്കേണ്ട സമയമാണ്‌ നോമ്പുദിനങ്ങള്‍. പ്രാര്‍ത്ഥനയും ഉപവാസവും പൈശാചിക ശക്തിയെ വിജയിക്കുന്നതിനുള്ള മാര്‍ഗ്ഗമായി നമ്മുടെ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചു. വിശുദ്ധവും ശക്തവുമായ വ്രതാനുഷ്‌ഠാനങ്ങള്‍ ദൈവത്തില്‍ നിന്ന്‌ അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങുന്നതിന്‌ സഹായകമാകും. മോശ കല്‍പ്പനകള്‍ സമ്പാദിച്ചതും, ഏലിയാ ഉയരത്തിലേക്ക്‌ കരേറിയതും, നിനുവ രക്ഷപെടുന്നതുമെല്ലാം ഈ സത്യമാണ്‌ സാക്ഷിക്കുന്നത്‌. പ്രലോഭനങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി നമ്മെ സ്വാധീനിക്കുന്ന ഇക്കാലത്ത്‌ സ്വയം നിയന്ത്രണത്തിനുള്ള അവസരമായി നോമ്പിനെ കാണണം. ദൈവംതമ്പുരാന്‍ നമുക്ക്‌ നല്‍കിയ സമ്പത്തും, സൗകര്യങ്ങളും ആഡംബരങ്ങള്‍ക്കുള്ള അവസരമാക്കാതെ, പരിമിതികളെ സ്വയം സ്വീകരിച്ചുകൊണ്ട്‌ ദാനധര്‍മ്മങ്ങള്‍ക്കും മറ്റ്‌ സത്‌കര്‍മ്മങ്ങള്‍ക്കുമുള്ള പ്രചോദനം നോമ്പില്‍ നിന്നും നാം ഉള്‍ക്കൊള്ളണം. ജീവിത ശൈലിയിലെ ഗുണപരമായ മാറ്റങ്ങള്‍ക്കും, ജീവിതകാലം മുഴുവനും തുടരുന്ന ദൈവീകരണ പ്രക്രിയയുടെ പുരോഗതിക്കും നോമ്പ്‌ നമ്മെ സഹായിക്കണം.


വാത്സല്യ മക്കളേ, ദൈവസന്നിധിയില്‍ നിന്നും നമ്മെ അകറ്റിക്കളയുന്ന അനേക സാഹചര്യങ്ങള്‍ നമുക്ക്‌ ചുറ്റിലുമുണ്ട്‌. കുടുംബസമാധാനവും വ്യക്തിത്വത്തിന്റെ മാന്യതയും നഷ്‌ടപ്പെടുത്തുന്ന പെരുമാറ്റം നമ്മില്‍ നിന്ന്‌ ഉണ്ടാകരുത്‌. ക്രൈസ്‌തവ സാക്ഷ്യം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക്‌ കഴിയണം. ഈ നോമ്പ്‌ നിരപ്പിന്റെയും സ്‌നേഹത്തിന്റെയും ഔന്നത്യത്തിലേക്ക്‌ നമ്മെ നയിക്കണം. നോമ്പിന്റെ പ്രാരംഭത്തില്‍ നടത്തുന്ന നിരപ്പിന്റെ ശുശ്രൂഷയില്‍ (ശുബ്‌ക്കോനോ) എല്ലാവരും പങ്കുചേരണം. പരസ്‌പര വിട്ടുവീഴ്‌ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കണം. സമസൃഷ്‌ടികളോടുള്ള കരുതലിന്റെ ഭാഗമായി ഉപവസിച്ചും സാധുക്കള്‍ക്ക്‌ നല്‍കണം. ഈ വര്‍ഷത്തെ വലിയനോമ്പാചരണം അനുഗ്രഹത്തിന്‌ മുഖാന്തിരമായിത്തീരുവാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്‍മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................


ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

2011 ഫെബ്രുവരി മാസം 19 -ആം തീയതി
കോട്ടയം കാതോലിക്കാസന
അരമനയില്‍നിന്നും.