20110220

വലിയ നോമ്പുവേളയില്‍‍ പരിശുദ്ധ ബാവാ പുറപ്പെടുവിച്ച കല്പന



നമ്പര്‍ 98/2011

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്‌തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍


നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹവികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളികൈക്കാരന്‍‍മാരും, ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!

പ്രിയരേ,
ആദ്ധ്യാത്മീക ജീവിതത്തിന്റെ ഉച്ചസ്ഥായിയിലേക്ക്‌ നമ്മെ കൈപിടിച്ചുയര്‍ത്തുന്ന വലിയനോമ്പ്‌ സമാഗതമാവുകയാണല്ലോ. മനുഷ്യാവതാര സംഭവങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഉയിര്‍പ്പ്‌ പെരുന്നാള്‍, ദ്രവത്വത്തില്‍നിന്നും, നാശത്തില്‍നിന്നും നമ്മുടെ കര്‍ത്താവിന്റെ കൃപയാല്‍ സൃഷ്‌ടി നേടിയ വിജയത്തിന്റെ ആഘോഷമാണ്‌. മരണത്തിന്റെയും സാത്താന്റെയും മേലുള്ള ഈ വിജയമാണ്‌ മാനവകുലത്തിന്‌ പ്രതീക്ഷയുടെ പുതിയ വാതായനങ്ങള്‍ തുറന്നുതന്നത്‌. ഉയിര്‍പ്പുപെരുന്നാളിലേക്കുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഒരുക്കത്തിന്റെ ഭാഗമായി അമ്പതുദിവസം നീണ്ടുനില്‍ക്കുന്ന നോമ്പനുഷ്‌ഠാനം ക്രമീകരിക്കപ്പെട്ടിരിക്കുന്നു.


ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി പാപത്തെ സമൂലം ഉപേക്ഷിച്ച്‌ തികഞ്ഞ ആത്മീയ ജീവിതം നയിക്കേണ്ട സമയമാണ്‌ നോമ്പുദിനങ്ങള്‍. പ്രാര്‍ത്ഥനയും ഉപവാസവും പൈശാചിക ശക്തിയെ വിജയിക്കുന്നതിനുള്ള മാര്‍ഗ്ഗമായി നമ്മുടെ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചു. വിശുദ്ധവും ശക്തവുമായ വ്രതാനുഷ്‌ഠാനങ്ങള്‍ ദൈവത്തില്‍ നിന്ന്‌ അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങുന്നതിന്‌ സഹായകമാകും. മോശ കല്‍പ്പനകള്‍ സമ്പാദിച്ചതും, ഏലിയാ ഉയരത്തിലേക്ക്‌ കരേറിയതും, നിനുവ രക്ഷപെടുന്നതുമെല്ലാം ഈ സത്യമാണ്‌ സാക്ഷിക്കുന്നത്‌. പ്രലോഭനങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി നമ്മെ സ്വാധീനിക്കുന്ന ഇക്കാലത്ത്‌ സ്വയം നിയന്ത്രണത്തിനുള്ള അവസരമായി നോമ്പിനെ കാണണം. ദൈവംതമ്പുരാന്‍ നമുക്ക്‌ നല്‍കിയ സമ്പത്തും, സൗകര്യങ്ങളും ആഡംബരങ്ങള്‍ക്കുള്ള അവസരമാക്കാതെ, പരിമിതികളെ സ്വയം സ്വീകരിച്ചുകൊണ്ട്‌ ദാനധര്‍മ്മങ്ങള്‍ക്കും മറ്റ്‌ സത്‌കര്‍മ്മങ്ങള്‍ക്കുമുള്ള പ്രചോദനം നോമ്പില്‍ നിന്നും നാം ഉള്‍ക്കൊള്ളണം. ജീവിത ശൈലിയിലെ ഗുണപരമായ മാറ്റങ്ങള്‍ക്കും, ജീവിതകാലം മുഴുവനും തുടരുന്ന ദൈവീകരണ പ്രക്രിയയുടെ പുരോഗതിക്കും നോമ്പ്‌ നമ്മെ സഹായിക്കണം.


വാത്സല്യ മക്കളേ, ദൈവസന്നിധിയില്‍ നിന്നും നമ്മെ അകറ്റിക്കളയുന്ന അനേക സാഹചര്യങ്ങള്‍ നമുക്ക്‌ ചുറ്റിലുമുണ്ട്‌. കുടുംബസമാധാനവും വ്യക്തിത്വത്തിന്റെ മാന്യതയും നഷ്‌ടപ്പെടുത്തുന്ന പെരുമാറ്റം നമ്മില്‍ നിന്ന്‌ ഉണ്ടാകരുത്‌. ക്രൈസ്‌തവ സാക്ഷ്യം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക്‌ കഴിയണം. ഈ നോമ്പ്‌ നിരപ്പിന്റെയും സ്‌നേഹത്തിന്റെയും ഔന്നത്യത്തിലേക്ക്‌ നമ്മെ നയിക്കണം. നോമ്പിന്റെ പ്രാരംഭത്തില്‍ നടത്തുന്ന നിരപ്പിന്റെ ശുശ്രൂഷയില്‍ (ശുബ്‌ക്കോനോ) എല്ലാവരും പങ്കുചേരണം. പരസ്‌പര വിട്ടുവീഴ്‌ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കണം. സമസൃഷ്‌ടികളോടുള്ള കരുതലിന്റെ ഭാഗമായി ഉപവസിച്ചും സാധുക്കള്‍ക്ക്‌ നല്‍കണം. ഈ വര്‍ഷത്തെ വലിയനോമ്പാചരണം അനുഗ്രഹത്തിന്‌ മുഖാന്തിരമായിത്തീരുവാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്‍മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................


ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

2011 ഫെബ്രുവരി മാസം 19 -ആം തീയതി
കോട്ടയം കാതോലിക്കാസന
അരമനയില്‍നിന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.