കൊച്ചി, ഫെബ്രുവരി 25: മലങ്കര വര്‍ഗീസ് വധക്കേസ് തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസന്വേഷിച്ച സിബിഐ നല്‍കിയ കുറ്റപത്രം മടക്കി നല്‍കിയ ശേഷമാണ് കോടതി ഉത്തരവ്.
മലങ്കര വര്‍ഗീസ് വധക്കേസില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്കു് പങ്കുണ്ടെന്ന ആരോപണവും സിബിഐ അന്വേഷിക്കണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (സിജെഎം) കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണു് തുടരന്വേഷണത്തിനുള്ള കോടതിയുടെ നിര്‍ണായക ഉത്തരവ്. സി.ബി.ഐ. കേരള ഘടകത്തിലെ ഉദ്യോഗസ്‌ഥനെ ഇതിനായി നിയോഗിക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സിജെഎം ബി. വിജയന്‍ നിര്‍ദേശിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു കൊല്ലപ്പെട്ട വര്‍ഗീസ്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ മുന്‍ വികാരി ഫാ. വര്‍ഗീസ് തെക്കേക്കരയെ ഒന്നാം പ്രതിയാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമല്ലെന്നും കൊലപാതകത്തിനു ഗൂഢാലോചന നടത്തിയവരെക്കുറിച്ച് സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ട ച്ചുമതലയുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ബി. വിജയന്റെ ഉത്തരവ്.
കൊലപാതകം സംബന്ധിച്ച് സാറാമ്മയും മകനും നല്‍കിയ മൊഴി ശരിയായ തരത്തിലല്ല സി.ബി.ഐ. രേഖപ്പെടുത്തിയതെന്നും കോടതി വിലയിരുത്തി. മലങ്കര വര്‍ഗീസിന്റെ മകന്‍ ടില്‍സണ്‍ നല്‍കിയ മൊഴികളില്‍ ഒന്നാം പ്രതി ഫാ. വര്‍ഗീസ് തെക്കേക്കരയും ശ്രേഷ്ഠ ബാവായുമായുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സിബിഐ ഈ ഭാഗം ഒഴിവാക്കിയതായി കോടതി കണ്ടെത്തി. ഫാ. വര്‍ഗീസ് തെക്കേക്കരക്കെതിരേ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നു കോടതി പറഞ്ഞു. വര്‍ഗീസിനോട് ഫാ. തെക്കേക്കരയ്ക്ക് എന്തെങ്കിലും പൂര്‍വവൈരാഗ്യമുണ്ടായിരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്? മറ്റാരുടെയെങ്കിലും പ്രേരണയോ നിര്‍ദേശമോ കൊലപാതകത്തിനു പിന്നിലുണ്ടോയെന്നു സിബിഐ അന്വേഷിക്കണം കൊലപാതകത്തിന് ഉപയോഗിച്ച കാറിന്റെ രേഖകളും സി.ബി.ഐ. പരിശോധിച്ചിട്ടില്ല.
വര്‍ഗീസിനു നേരെ 1993 ല്‍ വധശ്രമമുണ്ടായെന്ന സാറാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേണം നടത്തിയില്ല. ഇക്കാര്യം അഡ്വ. സി.പി. ഉദയഭാനു മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സാറാമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1993-ല്‍ വര്‍ഗീസിനുനേരെയുണ്ടായ കൊലപാതകശ്രമത്തില്‍ വര്‍ഗീസിന്റെ സുഹൃത്തായ കുര്യാക്കോസ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു വര്‍ഗീസിന്റെ കൊലപാതകം. ഇതന്വേഷിക്കാതെ സിബിഐയുടെ കുറ്റപത്രം പൂര്‍ണമാവില്ലെന്നും ഹര്‍ജിയിലുണ്ട്.
2002 ല്‍ ശ്രേഷ്ഠ ബാവാ മെത്രാനായിരുന്ന കാലത്ത് പെരുമ്പാവൂരിലെ സൂലോക്കോ പള്ളിയില്‍ അദ്ദേഹം പ്രവേശിക്കുന്നതു് തടഞ്ഞുകൊണ്ട് സിവില്‍ കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചു് അദ്ദേഹത്തിന്റെ പള്ളി സന്ദര്‍ശനം മലങ്കര വര്‍ഗീസ് തടസ്സപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യം വര്‍ഗീസിനു നേരെയുണ്ടായിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. പള്ളിയുടെ ശിലാസ്ഥാപന വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് 2002 ഒക്ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായി. എതിര്‍പക്ഷക്കാര്‍ വളഞ്ഞതോടെ കാരോത്തുപടി ജംക്ഷനില്‍ നിന്നു മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ കുതിച്ചുപായുന്നതിനിടയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനു പിന്നീടു മരിച്ചു.
അസോസിയേഷന്‍ നേതാവായ ബിനുവിന്റെ മരണത്തോടെയാണ് മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നാണു് സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍, ബിനുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശ്രേഷ്ഠ ബാവാ ബിനുവിന്റെ മരണത്തിന് ഏക ഉത്തരവാദി മലങ്കര വര്‍ഗീസാണെന്നു പരസ്യപ്രസ്താവന നടത്തിയെന്ന മൊഴികള്‍ സിബിഐ അന്വേഷിച്ചില്ലെന്നു ഹര്‍ജിക്കാരി കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
അപകടമുണ്ടാക്കിയ കാറില്‍ അഞ്ചുപേരാണു സഞ്ചരിച്ചിരുന്നത്. എന്നിട്ടും അതിന്റെ പേരില്‍ കൊല്ലപ്പെട്ടതു വര്‍ഗീസ് മാത്രമാണ്. കാറപകടം മാത്രമല്ല വര്‍ഗീസിനോടുള്ള വൈരാഗ്യത്തിനു കാരണമെന്നു തെളിയിക്കുന്ന ഈ സംഭവം സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് എന്ന ടി.എം. വര്‍ഗീസ് 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസെടുത്ത സിബിഐ 2010 മേയ് ഒമ്പതിന് അങ്കമാലി അതിരൂപതയിലെ ഫാ. വര്‍ഗീസ് തെക്കേക്കരയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കി. വര്‍ഗീസിനെ വധിച്ചത് ബിസിനസ് രംഗത്തെ ശത്രുക്കളാണെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടാണ് സഭാതര്‍ക്കത്തിന് ഇരയാകുകയായിരുന്നെന്ന് മനസിലായത്. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചതെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടാണ് വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. 2007ല്‍ സിബിഐയ്ക്കു വിട്ടു. കൊലപാതകത്തില്‍ 19 പേര്‍ പ്രതികളായിരുന്നു. കേസിലെ രണ്ടാം പ്രതി സിമന്റ് റോയി എന്ന ജോയി വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് ഒന്നാം പ്രതിയെക്കുറിച്ച് അറിഞ്ഞത്. മറ്റുള്ള പ്രതികള്‍ വാടകക്കൊലയാളികളായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.