20110302

മലങ്കര നസ്രാണി സംഗമം ഏപ്രിലില്‍

കൊച്ചി, ഫെ 21: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ സഭാദിനമായ ഏപ്രില്‍ 10നു 4ന്‌ എറണാകുളം മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നസ്രാണി സംഗമം സംഘടിപ്പിക്കും. ബൈബിള്‍ തര്‍ജമയുടെ 200-ാം വാര്‍ഷികം, കാതോലിക്കാദിനം, 91-ാമത്‌ പൗരസ്‌ത്യ കാതോലിക്കയായി സ്‌ഥാനാരോഹണം ചെയ്‌ത ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്കു സ്വീകരണം എന്നിവയുടെ സംയുക്‌ത ആഘോഷമായാണു് നസ്രാണി സംഗമം സംഘടിപ്പിയ്ക്കുന്നതു്.

നസ്രാണി സംഗമത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മുഖ്യാതിഥിയാവുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ടും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10-ന് സംഗമത്തിന് മുമ്പ് 3 മണി മുതല്‍ 4 മണിവരെ ഡോ. എ. പി. ജെ. അബ്ദുള്‍ കലാം വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തും. ഭാവി ഭാരതത്തെ വിഭാവനം ചെയ്യുവാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം

പൗരസ്ത്യ കാതോലിക്കാ സിംഹാസനം മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. കൂനംകുരിശ് സത്യത്തിന്റെ ഓര്‍മ പുതുക്കലിന്റെ ഭാഗമായി കൂനംകുരിശില്‍ നിന്നുള്ള ബൈബിളും കുരിശും സമ്മേളനഗരത്തില്‍ എത്തിക്കും. വിവിധസ്ഥലങ്ങളില്‍ നിന്നുള്ള നാല് ദീപശിഖാ പ്രയാണവും എത്തിച്ചേരും.

സമുദായ സാമൂഹ്യ സാംസ്ക്കാരിക നായകന്മാരും പങ്കെടുക്കും. കായകുളം ഫിലിപ്പോസ് റമ്പാന്‍ മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് ഒന്നാമന്‍ , എന്നിവരുടെ നേതൃത്വത്തില്‍ 1811-ല്‍ ആണ് ആദ്യമായി വിശുദ്ധ ബൈബിളിലെ നാല് സുവിശേഷങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തത്. ബോംബയിലെ കല്ലച്ചിലായിരുന്നു അച്ചടിച്ചത്. ക്ളോഡിയസ് ബുക്കാനന്‍ ആയിരുന്നു അച്ചടിയുടെ ചുമതല വഹിച്ചത്. മലയാളികള്‍ക്ക്‌ സുവിശേഷഭാഗങ്ങള്‍ പ്രാപ്യമാക്കുക വഴി കേരള സംസ്‌കാരത്തിന്‌ അതുല്യസംഭാവന നല്‍കിയവരെ അനുസ്‌മരിക്കുന്നതിനുള്ള അവസരമാണിതെന്ന്‌ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഷംന്തോറും വലിയ നോമ്പില്‍ 36-ാം ഞായറാഴ്ച കാതോലിക്കാദിനമായി ആചരിക്കുന്ന പതിവ് സഭയ്ക്കുണ്ട്. ഇടവകകള്‍ തോറും പ്രത്യേക പ്രാര്‍ത്ഥനയും സമ്മേളനങ്ങളും നടത്തി സഭയുടെ സാമൂഹ്യ സേവന പദ്ധതികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഭാംഗങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കാതോലിക്കാദിനാചരണം നടത്തുന്നത്. പൗരസ്ത്യ കാതോലിക്കാ സിംഹാസനം മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് നസ്രാണി സംഗമം സംഘടിപ്പിക്കുന്നത്.

2010 നവംബര്‍ 1-ാം തീയതി പരുമലയില്‍ വച്ചാണ് പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ സ്ഥാനാരോഹണം ചെയ്തത്. സഭയുടെ 30 ഭദ്രാസനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സഭയുടെ പ്രധാന മേലദ്ധ്യക്ഷന് നല്‍കുന്ന സ്വീകരണത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദികരും വിശ്വാസികളും പങ്കെടുക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സഭയിലെ മെത്രാപ്പോലീത്തന്മാര്‍, വൈദികര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പയും പി.എ. അലക്‌സാണ്ടറും പറഞ്ഞു. സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കമ്മറ്റിയുടെ പ്രസിഡന്റ് ആയും, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.