20110314

പൗരസ്ത്യ കാതോലിക്കാ ബാവയ്ക്കു് ദല്‍ഹിയില്‍ പൌരസ്വീകരണം


ശാന്ത്രിഗ്രാം മഹിള സ്വയം സഹായത സമൂഹ് ദല്‍ഹി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂദല്‍ഹി, മാര്‍‍ച്ച് 13: ദെല്‍ഹിയില്‍‍ ഇടയ സന്ദര്‍‍ശനം നടത്താനെത്തിയ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ ബാവയ്ക്കു നല്‍കിയ പൌരസ്വീകരണത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, കേന്ദ്രമന്ത്രി കെ.വി.തോമസ്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ വജാഹത് ഹബീബുല്ല, ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം.കോണ്‍സസാവോ, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രെയോസ്, അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത തുടങ്ങിയവര്‍‍ പങ്കെടുത്തു.

കാലഘട്ടത്തിന്റെ മാറ്റം അറിയാന്‍ ഇന്ത്യയിലെ ക്രൈസ്തവ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് പൌരസ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. വ്യത്യസ്ത സംസ്കാരത്തിലും സമൂഹത്തിന്റെ ഭാഗമാണെന്നറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സഭയ്ക്കു കഴിയുന്നു. ഹിന്ദു പാരമ്പര്യങ്ങളില്‍നിന്നു ക്രിസ്തീയ മൂല്യങ്ങളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സഭകള്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ഭദ്രാസനത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ശാന്ത്രിഗ്രാം മഹിള സ്വയം സഹായത സമൂഹ് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കുള്ള പാസ്ബുക്കുകളും മുഖ്യമന്ത്രി കൈമാറി. വിദ്യാഭ്യാസ-സാമൂഹികക്ഷേമ രംഗത്ത് സഭ ചെയ്യുന്ന സേവനങ്ങള്‍ അമൂല്യമാണെന്ന് ശ്രീമതി ഷീലാ ദീക്ഷിത് പറഞ്ഞു. ക്രിസ്തീയ സ്കൂളുകളാണ് ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നത്. വിവിധ പദ്ധതികളിലൂടെ സാമൂഹിക വികസനത്തിലും പങ്കാളികളാകുന്നുണ്ട്.

അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി കെ.വി.തോമസ്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ വജാഹത് ഹബീബുല്ല, ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം.കോണ്‍സസാവോ, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രെയോസ്, വന്ദ്യ എം.എസ്.സ്കറിയ റമ്പാന്‍, ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്, എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ് എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.