20101030

പ. ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ സ്‌ഥാനത്യാഗം ചെയ്യുന്നു

ദേവലോകം, ഒക്ടോ. 29 : പൗരസ്ത്യ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ പ്രായാധിക്യം കണക്കിലെടുത്തു് സ്‌ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു. 90-ആം വയസ്സിലേയ്ക്കു് കടക്കുന്ന ദിദിമോസ്‌ പ്രഥമന്‍ ബാവാ പരുമലയില്‍ നവതി ആഘോഷിച്ചശേഷം കോട്ടയം ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ നടന്ന സുന്നഹദോസ്‌ യോഗത്തിലാണ്‌ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചത്‌.

ബാവായുടെ സ്‌ഥാനത്യാഗം സംബന്ധിച്ചും പിന്‍ഗാമിയെ നിശ്‌ചയിക്കുന്നതു് സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന്‌ ഒക്‌ടോബര്‍ 30നു് വൈകുന്നേരം മൂന്നിനു വീണ്ടും യോഗം ചേരാന്‍ ഒക്ടോ. 29 വൈകുന്നേരം ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ ചേര്‍ന്ന അടിയന്തര സുന്നഹദോസ്‌ യോഗം തീരുമാനിച്ചു.

സ്‌ഥാനമൊഴിയുന്ന ദിദിമോസ്‌ ബാവാ പൗരസ്‌ത്യദേശത്തെ 114-ാമത്‌ കാതോലിക്കായും 20-ാമത്‌ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌. സഭാ പരമാധ്യക്ഷസ്‌ഥാനത്ത്‌ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയശേഷമാണ്‌ ബാവാ സ്‌ഥാനമൊഴിയുന്നത്‌.

2005 ഒക്‌ടോബറിലാണു് മലങ്കര മെത്രാപ്പോലീത്തയും സഭയുടെ പരമാധ്യക്ഷനുമായി ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവ ചുമതലയേറ്റത്‌. കാലംചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയായാണു ദിദിമോസ്‌ ബാവ സഭയുടെ ചുമതലയേറ്റത്‌. സഭയുടെ ചരിത്രത്തിലാദ്യമായി 14 മെത്രാപ്പോലീത്താമാരെ വാഴിച്ച പരിശുദ്ധ ബാവ അഞ്ചുവര്‍ഷത്തെ ഭരണകാലത്തു നാലു മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്‌തു. ഇതും റെക്കോഡാണ്‌.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുളമൂട്ടില്‍ കുടുംബത്തില്‍ ജനിച്ച ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ പതിനേഴാം വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍അംഗമായി ചേര്‍ന്നതോടെയാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വി.മൂറോന്‍ കൂദാശ നടത്തുകയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശുശ്രൂഷാ നടപടിചട്ടങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭാഗ്യവാനായ ബാവ

മലങ്കര സഭയില്‍ ഏറ്റവും കൂടുതല്‍ മേല്പ്പട്ടക്കാരെ വാഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചതു് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയ്ക്കാണു്. അഞ്ചു വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ 14 മെത്രാപ്പോലീത്താമാരെയാണ് ദിദിമോസ് പ്രഥമന്‍ ബാവ അഭിഷേകം ചെയ്തത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ആറ് തവണയായി 11 പേരെയും ബസേലിയോസ് മാത്യൂസ്‌ ദ്വിതീയന്‍ ബാവ മൂന്നു തവണയായി 11 പേരെയും മേല്പ്പട്ടക്കാരായി വാഴിച്ചു.

രണ്ടു തവണയായി മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ വിളിച്ചുകൂട്ടി ഏഴു പേരെ വീതം തെരഞ്ഞെടുത്തതും തെരഞ്ഞെടുപ്പിന് വ്യവസ്ഥ ഉണ്ടാക്കിയതും പരിശുദ്ധ ദിദിമോസ് ബാവയാണ്. 2009 മാര്‍ച്ചില്‍ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു ഇതിനു മുമ്പ് ഏഴു പേരെ ഒരുമിച്ചു വാഴിച്ചത്. സഭാ ചരിത്രത്തില്‍ എണ്‍പത്തി നാലാം വയസ്സില്‍ കാതോലിക്കാ സിംഹാസനത്തില്‍ അവരോധിതനാകുന്ന ആദ്യത്തെ കാതോലിക്ക എന്ന ബഹുമതിയും ദിദിമോസ് ബാവയ്ക്ക് മാത്രം.

2005 ഒക്ടോബര്‍ 31 -നു പരുമല സെമിനാരിയില്‍ വച്ചാണ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ സ്ഥാനം ഏറ്റെടുത്തത്. കാതോലിക്കാ സ്ഥാനം ഏറ്റെടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ 5 തവണ മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടിയതിന്റെ മറ്റൊരു റെക്കോര്‍ഡും പരിശുദ്ധ ബാവയ്ക്ക് സ്വന്തം.

20101028

വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പൊലീത്ത

പൗരസ്ത്യ കാതോലിക്കോസ് പ്രധാനാചാര്യനായ ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയിലുള്‍‍പ്പെട്ടിട്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനാണു് മലങ്കര മെത്രാപ്പൊലീത്ത. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്, മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയാണ്‌ ഇപ്പോഴത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ. അദ്ദേഹം തന്നെയാണു് ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസും.

മലങ്കര സഭയുടെ ആത്മീകവും വൈദികവും ലൗകികവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം മലങ്കര മെത്രാപ്പോലീത്തയ്‌ക്കാണ്‌.

1876-ലെ മുളന്തുരുത്തി സുന്നഹദോസിനു മുമ്പ്‌ ഇവിടെ ഒരു മെത്രാപ്പോലീത്താ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ്‌ മലങ്കര സഭയെ ഭദ്രാസനങ്ങളായി തിരിച്ചതും അവയ്‌ക്ക്‌ ഓരോന്നിനും മെത്രാപ്പോലീത്തമാരെ നിയമിച്ചതും. വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പോലീത്തായ്‌ക്കു വിധേയരായിട്ടാണ്‌ അവര്‍ക്കുള്ള സ്‌ഥാനവും അധികാരവും. മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനം അതിനു മുമ്പ്‌ മലങ്കരയില്‍ നിലനിന്നിരുന്ന പൊതുഭാര ശുശ്രൂഷകന്‍‍, ‍അര്‍ക്കദിയാക്കോന്‍, മാര്‍ത്തോമ്മാ എന്നീ സ്‌ഥാനങ്ങളുടെ തുടര്‍ച്ചയാണു്.

മലങ്കര മെത്രാപ്പോലീത്തയ്‌ക്കുള്ള അധികാരാവകാശങ്ങള്‍ സഭാഭരണഘടനയില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌. മലങ്കര അസോസിയേഷന്‍ വിളിച്ചൂകൂട്ടുക, അതില്‍ ആധ്യക്ഷ്യം വഹിക്കുക, മലങ്കര അസോസിയേഷന്‍ മാനേജിങ്‌ കമ്മിറ്റി വിളിച്ചുകൂട്ടുക, അതില്‍ ആധ്യക്ഷ്യം വഹിക്കുക, സമുദായ സ്വത്തുക്കളുടെ ട്രസ്‌റ്റി എന്ന നിലയില്‍ മറ്റു രണ്ടു ട്രസ്‌റ്റിമാരോടു ചേര്‍ന്നു കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നിവയാണത്‌

20101025

സഭാതര്‍ക്കം: മൃതദേഹം ഹൈകോടതി ഉത്തരവിലൂടെ സംസ്‌കരിച്ചു

മുള്ളരിങ്ങാട് 2010 ഒക്ടോ.23: അങ്കമാലി ഭദ്രാസനത്തില്‍ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനാകാതിരുന്ന സംഭവത്തിന് ഹൈകോടതി ഉത്തരവിലൂടെ പരിഹാരം.

കഴിഞ്ഞ ദിവസം നിര്യാതനായ താഴത്തുതടത്തില്‍ മത്തായിയുടെ മൃതദേഹം കോടതി ഉത്തരവിനെത്തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിലെ മുള്ളരിങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുള്ളരിങ്ങാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിയ്ക്കില്ലെന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പക്ഷത്തിന്റെ നിലപാടിനെ ത്തുടര്‍ന്ന് മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. തോമസ് പോള്‍ റമ്പാന്‍, ട്രസ്റ്റിമാരായ ജോര്‍ജ് പൗലോസ്, എം.എം. ബിനോയി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് തോമസ് പി.ജോസഫിന്റേതാണ് വിധി.

തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.

20101002

പരുമല ബാവയുടെ അനുസ്‌മരണവും അവാര്‍ഡും ഒക്ടോബര്‍ ആറിന്‌


നാലാമത്‌ പരിമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ പ്രഫ. എം. തോമസ്‌ മാത്യുവിനു്

മാവേലിക്കര: നാലാമത്‌ പരിമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ ഒക്ടോബര്‍ ആറിനു് ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരുമല തിരുമേനി അനുസ്‌മരണ സമ്മേളനത്തില്‍ വച്ചു് പ്രഫ. എം. തോമസ്‌ മാത്യുവിനു് നല്‍കും. പരുമല ബാവയുടെ പരിശുദ്ധ പ്ര്യാപനത്തിന്റെ 60-ആം വാര്‍ഷികാചരണാര്‍ഥം മാര്‍ ഗ്രിഗോറിയോസ്‌ സ്‌റ്റഡി ഫോറം ഏര്‍പ്പെടുത്തിയതാണു് പരുമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌.

ഒക്ടോബര്‍ ആറിനു് ഉച്ചകഴിഞ്ഞു് രണ്ടു് മണിയ്ക്കു് ചേരുന്ന പരുമല തിരുമേനി അനുസ്‌മരണ സമ്മേള ത്തില്‍. സ്‌റ്റഡി ഫോറം ഡയറക്‌ടര്‍ ഇലവുക്കാട്ട്‌ ഗീവര്‍ഗീസ്‌ റമ്പാന്‍ അധ്യക്ഷതവഹിക്കും. ഡോ. ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ ഉദ്‌ഘാടനം ചെയ്യും. നോവലിസ്‌റ്റ്‌ പെരുമ്പടവം ശ്രീധരന്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.

കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ റിസര്‍ച്ച്‌ ഓഫിസര്‍ എ. ജി. ഒലീന പരുമല തിരുമേനിയുടെ ജീവിതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.മൂന്നിനു് പൊതുസമ്മേളനം തുടങ്ങും. പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അധ്യക്ഷതവഹിക്കും. ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ ഉദ്‌ഘാടനം ചെയ്യും. നാലാമത്‌ പരുമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ പ്രഫ. എം. തോമസ്‌ മാത്യുവിനു നല്‍കും.

കെ പി സി സി- ഐ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയാണു് മുഖ്യാതിഥി. സ്‌റ്റഡി ഫോറം രക്ഷാധികാരി കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌ അനുഗ്രഹപ്രഭാഷണം നടത്തും. നവാഭിഷിക്‌ത മെത്രാന്‍‍മാരായ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, ജോഷ്വാ മാര്‍ നിക്കോദിമോസ്‌ എന്നിവര്‍ക്കു് സ്വീകരണം നല്‍കും.

പരുമല തിരുമേനിയുടെ ജീവിതത്തിലെ 150 ചിത്രങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനവും നടത്തും.

പരുമലയെ സംഘര്‍ഷവേദിയാക്കരുത്‌: പരിശുദ്ധ പിതാവു്

കോട്ടയം, ഒക്ടോ.൧: ജാതിമതഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും തീര്‍ഥാടന കേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിയ്ക്കരുതെന്നും മലങ്കര സഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണു് നിലകൊണ്ടിട്ടുള്ളതെന്നും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ പാത്രിയര്‍‍ക്കീസ് ബാവാ പ്രസ്താവിച്ചു.

നൂറ്റിയേഴു് വര്‍ഷം മുന്‍പു് കാലംചെയ്യുകയും 67 വര്‍ഷംമുന്‍പ്‌ ഓര്‍ത്തഡോക്‌സ്‌ സഭ പരിശുദ്ധനായി പ്ര്യാപിക്കുകയും ചെയ്‌ത പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രി, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിങ്‌ കോളജ്‌, ഹൃദ്രോഗ ചികില്‍സാ കേന്ദ്രം, വൃദ്ധമന്ദിരം, ധ്യാനമന്ദിരം, ലഹരിമോചന കേന്ദ്രം എന്നിങ്ങനെ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പ്രദേശത്തു് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനാണു് വിമത വിഭാഗം ശ്രമിക്കുന്നതെന്നു് പരിശുദ്ധ പിതാവു്
പറഞ്ഞു.

പരുമലയില്‍ ഒരു കുടുംബം പോലുമില്ലാതെ വിമത വിഭാഗം ബദല്‍ പള്ളി സ്‌ഥാപിക്കാന്‍ ശ്രമിയ്ക്കുന്നതു് ദുരുദ്ദേശ്യത്തോടെയാണു്. അവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനേ ഇതുപകരിക്കൂ എന്നു് ബാവാ പറഞ്ഞു.

ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതു് ഓര്‍ത്തഡോക്‌സ്‌ സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ്‌ അംഗീകരിക്കാനാവാത്തത്‌. പരുമലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന്‌ എല്ലാവരും പ്രാര്‍ഥിക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് ആഹ്വാനം ചെയ്‌തു.

20101001

പരുമലയില്‍ ബദല്‍പള്ളി അനുവദിക്കില്ല മലങ്കര ഓര്‍ത്തഡോക്സ് സഭ

ഒക്‌ടോബര്‍ മൂന്നുമുതല്‍ നവംബര്‍ രണ്ടുവരെ പരുമലയില്‍ പ്രാര്‍ഥനാമാസം



പരുമല, സെപ്തം 30 : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, അസോസിയേഷന്‍ പ്രതിനിധികള്‍ പരുമല സെമിനാരി കൌണ്‍സില്‍, നിരണം, മാവേലിക്കര, ചെങ്ങന്നൂര്‍, തുമ്പമണ്‍, നിലയ്ക്കല്‍ ഭദ്രാസനങ്ങളിലെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക വികാരിമാര്‍ ട്രസ്റ്റ് സെക്രട്ടറിമാര്‍, എന്നിവര്‍ ഒന്നിച്ചു് സെപ്തം 29നു് പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പൂര്‍ണമായ ഉടമസ്ഥതയിലുള്ള പരുമല പള്ളിയ്ക്കെതിരെ ബദല്‍ പള്ളി പണിയാനുള്ള നീക്കം ജീവന്‍ നല്കിയും തടയുമെന്നു് യോഗം ഉദ്ഘാടനം ചെയ്ത നിയുക്ത കാതോലിക്ക ബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗം ശ്രമിക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണു്. പരുമല പള്ളിയുടെ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ വിഘടിത വിഭാഗ വിശ്വാസികളില്ല.


വിഘടിത വിഭാഗത്തിന്റെ നീക്കം പരുമലയിലെ ജാതിമതഭേദമന്യേയുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ചെറുക്കുമെന്നു് യോഗം പ്രഖ്യാപിച്ചു. പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു.


തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു. പരുമല പള്ളി സംരക്ഷണ സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.


സിനഡ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, എം.ടി.യോഹന്നാന്‍ റമ്പാന്‍, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഫാ.മത്തായി ഇടയനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാനേജിംഗ്‌ കമ്മിറ്റി യോഗം

യോഗത്തിനു മുമ്പായി നടന്ന മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസ് അധ്യക്ഷതവഹിച്ചു. ജാതിമത ഭേദമന്യേ എല്ലാവരും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയിലെ ആത്മീയ അന്തരീക്ഷവും മതസൗഹാര്‍ദ പാരമ്പര്യവും കലുഷിതമാക്കാനുള്ള ശ്രമങ്ങളെ തടയാന്‍ സഭാകേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും സഭ സര്‍വവിധ പിന്തുണയും നല്‍കുന്ന പ്രമേയം വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ അവതരിപ്പിച്ചു.

ഒക്‌ടോബര്‍ മൂന്നു് മുതല്‍ പരുമല പെരുന്നാള്‍ദിനമായ നവംബര്‍ രണ്ടുവരെ പരുമലയില്‍ പ്രാര്‍ഥനാമാസമായി ആചരിക്കും. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, പൗലോസ് മാര്‍ പക്കോമിയോസ്‌, അത്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, യൂഹാനോന്‍ റമ്പാന്‍, ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.