കോട്ടയം, ഒക്ടോ.൧: ജാതിമതഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും തീര്‍ഥാടന കേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിയ്ക്കരുതെന്നും മലങ്കര സഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണു് നിലകൊണ്ടിട്ടുള്ളതെന്നും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ പ്രസ്താവിച്ചു.
നൂറ്റിയേഴു് വര്‍ഷം മുന്‍പു് കാലംചെയ്യുകയും 67 വര്‍ഷംമുന്‍പ് ഓര്‍ത്തഡോക്‌സ് സഭ പരിശുദ്ധനായി പ്ര്യാപിക്കുകയും ചെയ്‌ത പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രി, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിങ് കോളജ്, ഹൃദ്രോഗ ചികില്‍സാ കേന്ദ്രം, വൃദ്ധമന്ദിരം, ധ്യാനമന്ദിരം, ലഹരിമോചന കേന്ദ്രം എന്നിങ്ങനെ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പ്രദേശത്തു് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനാണു് വിമത വിഭാഗം ശ്രമിക്കുന്നതെന്നു് പരിശുദ്ധ പിതാവു്
പറഞ്ഞു.
പരുമലയില്‍ ഒരു കുടുംബം പോലുമില്ലാതെ വിമത വിഭാഗം ബദല്‍ പള്ളി സ്‌ഥാപിക്കാന്‍ ശ്രമിയ്ക്കുന്നതു് ദുരുദ്ദേശ്യത്തോടെയാണു്. അവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനേ ഇതുപകരിക്കൂ എന്നു് ബാവാ പറഞ്ഞു.
ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതു് ഓര്‍ത്തഡോക്‌സ് സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ് അംഗീകരിക്കാനാവാത്തത്. പരുമലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ആഹ്വാനം ചെയ്‌തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.