20101028

വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പൊലീത്ത

പൗരസ്ത്യ കാതോലിക്കോസ് പ്രധാനാചാര്യനായ ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയിലുള്‍‍പ്പെട്ടിട്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനാണു് മലങ്കര മെത്രാപ്പൊലീത്ത. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്, മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയാണ്‌ ഇപ്പോഴത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ. അദ്ദേഹം തന്നെയാണു് ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസും.

മലങ്കര സഭയുടെ ആത്മീകവും വൈദികവും ലൗകികവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം മലങ്കര മെത്രാപ്പോലീത്തയ്‌ക്കാണ്‌.

1876-ലെ മുളന്തുരുത്തി സുന്നഹദോസിനു മുമ്പ്‌ ഇവിടെ ഒരു മെത്രാപ്പോലീത്താ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ്‌ മലങ്കര സഭയെ ഭദ്രാസനങ്ങളായി തിരിച്ചതും അവയ്‌ക്ക്‌ ഓരോന്നിനും മെത്രാപ്പോലീത്തമാരെ നിയമിച്ചതും. വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പോലീത്തായ്‌ക്കു വിധേയരായിട്ടാണ്‌ അവര്‍ക്കുള്ള സ്‌ഥാനവും അധികാരവും. മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനം അതിനു മുമ്പ്‌ മലങ്കരയില്‍ നിലനിന്നിരുന്ന പൊതുഭാര ശുശ്രൂഷകന്‍‍, ‍അര്‍ക്കദിയാക്കോന്‍, മാര്‍ത്തോമ്മാ എന്നീ സ്‌ഥാനങ്ങളുടെ തുടര്‍ച്ചയാണു്.

മലങ്കര മെത്രാപ്പോലീത്തയ്‌ക്കുള്ള അധികാരാവകാശങ്ങള്‍ സഭാഭരണഘടനയില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌. മലങ്കര അസോസിയേഷന്‍ വിളിച്ചൂകൂട്ടുക, അതില്‍ ആധ്യക്ഷ്യം വഹിക്കുക, മലങ്കര അസോസിയേഷന്‍ മാനേജിങ്‌ കമ്മിറ്റി വിളിച്ചുകൂട്ടുക, അതില്‍ ആധ്യക്ഷ്യം വഹിക്കുക, സമുദായ സ്വത്തുക്കളുടെ ട്രസ്‌റ്റി എന്ന നിലയില്‍ മറ്റു രണ്ടു ട്രസ്‌റ്റിമാരോടു ചേര്‍ന്നു കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നിവയാണത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.