20100629

ഐ സി പത്രോസ് റമ്പാന്‍ കൂറുമാറി

പുത്തന്‍ കുരിശ്,ജൂണ്‍ 26 : മലങ്കരസഭയിലെ ഒരു കശീശയായ ഐ സി പത്രോസ് റമ്പാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേക്കു് കൂറുമാറി. മെത്രാന്‍ സ്ഥാനമോഹമാണിതിനുപിന്നിലെന്ന് കരുതപ്പെടുന്നു. മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനം കിട്ടണമെങ്കില്‍ മലങ്കര ഓര്‍‍ത്തഡോക്സ് സഭാ ഭരണഘടനപ്രകാരം സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുക്കേണ്ടതും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കേണ്ടതുമാണു്.

പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗ വാര്‍ഷികം


പിറവം, ജൂണ്‍ 20 : പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗത്തിന്റെ വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി വന്ദ്യ സൈമണ്‍ വറുഗീസ് കശീശ അദ്ധ്യക്ഷം വഹിച്ചു. ഫാ. ഗീവറുഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. ബിനോയ് പട്ടകുന്നേല്‍, ഫാ. വി എ മാത്യൂസ്, ഫാ. ജോസഫ് മങ്കിടിയില്‍ വിപി വറുഗീസ് കെ പി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

20100625

വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ പ. ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു

ദേവലോകം, ജൂണ്‍ 25 : അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍‍ മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഇന്നു് കൂടിയ പൗരസ്ത്യ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു.


യൂറോപ്യന്‍‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയ്ക്കും അതിന്റെ തലവനായി മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ മെത്രാപ്പോലീത്തയ്ക്കും മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭ നല്കിയിരുന്ന അംഗീകാരം 2010 മാര്‍‍ച്ചില്‍ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ പിന്‍‍വലിച്ചിരുന്നു. തുടര്‍‍ന്നാണു് യൂറോപ്യന്‍‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് അവരുടെ സഭയുടെ പേരു് അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയെന്നാക്കിയതു്.


മലങ്കര സഭയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അംഗീകരിക്കുകയോ ചെയ്യാതെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത മാര്‍‍ സേവേറിയോസ്‌ മൂസാ ഗുര്‍ഗാനാല്‍‍ അനധികൃതമായി മേല്‍പട്ടക്കാരായി മലങ്കരയിലേയ്ക്കു് വരുന്ന ആരേയും മലങ്കര സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ്‌ ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ലെന്ന് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ കര്‍ശനമായി ജൂണ്‍ 19 നു് കല്‍പിച്ചിട്ടുണ്ടു് . ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത്‌ പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ്‌ മൂസാ ഗുര്‍ഗാനോ അദ്ദേഹത്താല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവര്‍‍ക്കും ഇതു് ബാധകമായിരിക്കും എന്നും ആണു് കല്‍പന.


മലങ്കര സഭയുടെ സഹോദരീ സഭ എന്ന അംഗീകാരമില്ലാതായ അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയ്ക്കു് അഞ്ചു മെത്രാന്‍‍മാരുണ്ടു്.

20100622

മലങ്കര വര്‍ഗീസ്‌ വധം: തല്‍പരകക്ഷികളുടെ ഇഷ്‌ടത്തിനല്ല അന്വേഷണം

കൊച്ചി, ജൂണ്‍ 21: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ തല്‍പര കക്ഷികളുടെ ഇഷ്‌ടത്തിനൊത്ത്‌ അന്വേഷണം നടത്തി മതവികാരത്തിന്റെ ചുഴലിക്കാറ്റില്‍ അന്വേഷണ ഏജന്‍സിയെ അകപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നു് സിബിഐ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയെ അറിയിച്ചു. മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ അന്വേഷണവും കുറ്റപത്രവും പരിപൂര്‍ണമല്ലെന്നു കാണിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സിജെഎം: എന്‍. ലീലാമണി മുന്‍പാകെ നല്‍കിയ ഹര്‍ജിയിലാണു സിബിഐ എതിര്‍വാദം സമര്‍പ്പിച്ചത്‌.

അന്വേഷണം സമഗ്രമല്ല, കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തില്ല, കൊലപാതകത്തില്‍ പങ്കുള്ള ഉന്നതരെ അന്വേഷണത്തില്‍ നിന്ന്‌ ഒഴിവാക്കി തുടങ്ങിയ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.
നിഷ്‌പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ്‌ നടന്നതെന്ന്‌ സി.ബി.ഐ വ്യക്തമാക്കി. ഗൂഢാലോചനയും കൊലയാളികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയതും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. മുഖ്യപ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാത്തത്‌ അന്വേഷണത്തെ ബാധിച്ചെന്ന ഹര്‍ജിക്കാരിയുടെ ആരോപണം തെറ്റാണ്‌. യാക്കോബായ സഭയിലെ ഉന്നതര്‍ അറിയാതെ ഗൂഢാലോചന നടക്കില്ലെന്നാണ്‌ മറ്റൊരു ആരോപണം. ഹര്‍ജിക്കാരിയുടെ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായി കേസ്‌ അന്വേഷിക്കാനാവില്ല. ക്രിമിനല്‍ നിയമത്തെ ആധാരമാക്കിയാണ്‌ അന്വേഷണം നടക്കുന്നത്‌. മതവികാരത്തിലേക്ക്‌ സി.ബി.ഐയെ വലിച്ചിഴയ്‌ക്കേണ്ടതില്ല. ഹര്‍ജിക്കാരിയുടെ സംശയങ്ങളും മറ്റും നിയമപ്രകാരം തെളിവായെടുക്കാനാവില്ലെന്നും സി.ബി.ഐ ബോധിപ്പിച്ചു. കേസ്‌ ജൂലായ്‌ അഞ്ചിന്‌ പരിഗണിക്കാന്‍ മാറ്റി.

പ. ബാവയുടെ കല്പന

നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളികൈക്കാരന്മാരും, ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!
പ്രിയരേ,

പ. സഭയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അംഗീകരിക്കുകയോ ചെയ്യാതെ, ഒരു വൈദികനെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത സേവേറിയോസ്‌ മൂസാ ഗുര്‍ഗാന്‍ എന്നയാള്‍ മേല്‍പട്ടക്കരാനായി വാഴിച്ച വിവരം പത്രമാധ്യമങ്ങ ളിലൂടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഈ വിധം അനധികൃതമായി മേല്‍പട്ടക്കാരായി വരുന്ന ആരേയും നമ്മുടെ പ. സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ്‌ ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന്‌ നാം കര്‍ശനമായി കല്‍പിക്കുന്നു. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത്‌ പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ. പിതാക്കന്മാര്‍ ദൈവീകമായി നമ്മെ ഭരമേല്‍പിച്ച ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി നാം കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ്‌ മൂസാ ഗുര്‍ഗാനോ, അയാളാല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവരെ സംബന്ധിച്ചും ഈ കല്‌പന ബാധകമായിരിക്കും. പ. സഭയുടെ ആത്മീയവും ഭൗതികവുമായ അച്ചടക്കം വിലയേറിയതായി നാം കരുതുന്നതിനാല്‍ നമ്മുടെ വാല്‍സല്യനിധികളായ സഭാമക്കള്‍ ആരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും പ. സഭയില്‍ ഭിന്നത സൃഷ്‌ടിക്കുന്ന ആരുമായും യാതൊരു സംസര്‍ഗ്ഗവും പാടില്ലെന്നും നാം സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു.

ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരി
ക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................

ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍

2010 ജൂണ്‍ മാസം 19 -ാം തീയതി
കോട്ടയം കാതോലിക്കേറ്റ്‌
അരമനയില്‍നിന്നും.

Click here to read the Kalpana

http://www.orthodoxchurch.in/images/pdf/22-06-2010/kalpanatoallparish.pdf

20100617

മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീഴടങ്ങി

.
പ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ആവശ്യപ്പെടാത്തതുകൊണ്ടു് ജാമ്യം കൊടുത്തു

കൊച്ചി, ജൂണ്‍ 16: ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിങ്‌ കമ്മിറ്റി അംഗം മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കര (50) എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ കീഴടങ്ങി. പ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി ജാമ്യം അനുവദിച്ചു.

ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ മുന്‍പാകെ ഏഴു ദിവസത്തിനകം കീഴടങ്ങണമെന്ന ഉപാധിയോടെ ജൂണ്‍ 11 നു ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കു ഹൈക്കോടതി ജസ്റ്റിസ്‌ കെ ഹേമ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ ഒന്നാം പ്രതിയാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒന്‍പതു വകുപ്പുകളാണ്‌ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്‌.

20100615

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നല്കിയ വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കും

കൊച്ചി, ജൂണ്‍ 15: കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി സംബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കുന്നതാണെന്നു ഹൈക്കോടതി വ്യക്‌തമാക്കി. വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ പള്ളിക്കമ്മറ്റിയുടെ പ്രാരംഭ തടസ്സ വാദം നിരസിച്ചുകൊണ്ടാണ്‌ ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയുടെ ഭരണം സംബന്ധിച്ച്‌ 1974 മുതല്‍ നടന്നു വരുന്ന കേസില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ എതിര്‍വിഭാഗം നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി, ഭേദഗതിയോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി അംഗീകരിച്ചു.

വിധി നടപ്പാക്കിക്കിട്ടാന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്കു വേണ്ടി വികാരി മാറാച്ചേരില്‍ തോമസ്‌ റമ്പാന്‍, കോതമംഗലം കുത്തുകുഴി സ്വദേശി ബാബു പോള്‍, തങ്കളം സ്വദേശി കെ.വി. ജയിംസ്‌ എന്നിവര്‍ സമര്‍പ്പിച്ച വിധി നടത്തിപ്പു ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കോസിനും ഭദ്രാസന മെത്രാപ്പൊലീത്തയ്‌ക്കും പള്ളിയുടെ മേലുള്ള അവകാശങ്ങള്‍, വികാരിയെ നിയമിക്കാനുള്ള അധികാരം, ആരാധന-ഭരണ കാര്യങ്ങളിലുള്ള നിയന്ത്രണം എന്നിവയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ 1974ലെ മൂന്ന്‌ ഇടവക യോഗത്തിലും രണ്ടു കമ്മിറ്റി യോഗത്തിലും എടുത്ത തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണു ഹര്‍ജി. ഇവരുടെ അധികാരം മറികടന്നുള്ള നടപടികളും വൈദികരെ നീക്കുന്നതും അവര്‍ക്കു ശമ്പളമോ പെന്‍ഷനോ നിഷേധിക്കുന്നതും ഫണ്ട്‌ ചെലവിടുന്നതും സുപ്രീംകോടതി വിലക്കിയതു നടപ്പാക്കിക്കിട്ടണമെന്നും ആണു് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതു്.

മാര്‍തോമ ചെറിയ പള്ളി പള്ളിയുടെ ഭരണം നടത്തേണ്‌ടത്‌ 1934 ലെ ഓര്‍ത്തഡോക്സ്‌ സഭാ ഭരണഘടനയനുസരിച്ചാണെന്നും അതനുസരിച്ചുള്ള കാതോലിക്കയോ മെത്രാപ്പോലീത്തയോ നിയമിക്കുന്ന വൈദികര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനമുള്ളൂ എന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തോമസ്‌ മാര്‍ ദീവന്നാസിയോസോ മറ്റാരെങ്കിലുമോ നിയമിക്കുന്ന വൈദികര്‍ക്കും സഭാസ്ഥാനികള്‍ക്കും പള്ളിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്‌.

വൈദികരെ നിയമിക്കുവാനോ നീക്കം ചെയ്യുവാനോ പള്ളി മുതലുകള്‍ ചെലവിടുന്നതിനോ നിലവിലുള്ള കമ്മറ്റിക്ക്‌ അധികാരമില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. പള്ളി പൊതുയോഗം വിളിച്ചുകൂട്ടുകയോ എന്തെങ്കിലും തീരുമാനം എടുക്കുന്നതിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്ക് മാത്രമാണ്‌ അധികാരമുള്ളൂ.

പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ശരിവച്ച 2002-ലെ മലങ്കര അസോസിയേഷന്റെയും ഭരണസമിതിയുടെയും തിരഞ്ഞെടുപ്പോടെ വിധി നടത്തിപ്പു കഴിഞ്ഞുവെന്നും വിധി ലഭിച്ചവരല്ല വിധി നടത്തിപ്പു ഹര്‍ജി നല്‍കിയതെന്നും അതിനാല്‍ വിധി നടത്തിപ്പു സാധ്യമല്ലെന്നുമുള്ള എതിര്‍വാദം കോടതി അംഗീകരിച്ചില്ല. വിധി നടത്തിപ്പ്‌ ഹര്‍ജി സംബന്ധിച്ചുള്ള ഹര്‍ജി ഏത്‌ ഫോറത്തില്‍ പറയണമെന്നല്ലാതെ സിവില്‍ നിയമത്തില്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നില്ലെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സിവില്‍ നടപടി ക്രമത്തിലെ 21-ആം വകുപ്പു പ്രകാരമുള്ള വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇക്കാരണം കൊണ്ട്‌ തന്നെ വിധി നടത്തിപ്പ്‌ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി വിധി : 1 2 3 4 5 6 7 8 9 10 11 12 13 14 15 16

മലങ്കര വര്‍ഗീസ്‌ 1993 മുതല്‍ വധഭീഷണിയില്‍




കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നു് ആവശ്യം‍


പെരുമ്പാവൂര്‍‍ : മലങ്കര വര്‍ഗീസ്‌ 1993 മുതല്‍ വധഭീഷണിയിലാണെന്നും അദ്ദേഹത്തിനെതിരെ ഒന്നിലേറെ തവണ ആക്രമണമുണ്ടായിട്ടുണ്ടെന്നും വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണു്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ആദ്യ രക്തസാക്ഷി കുര്യാക്കോസിന്റെ വധക്കേസുമായി ബന്ധപ്പെട്ടാണു് മലങ്കര വര്‍ഗീസ്‌ കൊല്ലപ്പെട്ടതെന്ന സംശയം സാറാമ്മ ഉന്നയിച്ചിട്ടുണ്ടു്.

ഓര്‍‍ത്തഡോക്സ് കക്ഷിക്കാരനായ തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌ കൊല്ലപ്പെട്ടതു് 1993 ഒക്ടോബറിലായിരുന്നു. ഒരു വിവാഹത്തില്‍ കാര്‍‍മികത്വം വഹിക്കാനെന്ന പേരില്‍ പാത്രിയര്‍‍ക്കീസ് കക്ഷിയിലെ ഫാ. പോള്‍‍ ആയത്തുകുടി അനധികൃതമായി പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിക്കുന്നതു് കാതോലിക്കോസ് കക്ഷിക്കാര്‍ പള്ളിമുറ്റത്തു് തട‍ഞ്ഞതിനെ തുടര്‍‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌ ഇഷ്ടികകൊണ്ടു് തലക്ക് അടിയേറ്റ് മരിക്കുകയായിരുന്നു.
രക്തസാക്ഷിമരണം
തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌

തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌ കൊല്ലപ്പെട്ട കേസില്‍ മുന്‍ പാത്രിയര്‍‍ക്കീസ് കക്ഷിക്കാരെ അതായതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതികളാക്കിയതിന്റെ പേരില്‍ മലങ്കര വര്‍ഗീസിനു നേരെ ഭീഷണിയുയര്‍‍ന്നുകൊണ്ടിരുന്നു.

2002 ഒക്‌ടോബര്‍ രണ്ടിനു് യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍‍‍ തന്റെ വീട്ടില്‍ വന്നു് ബഹളമുണ്ടാക്കിയെന്നറിഞ്ഞു് വീട്ടിലേക്കു് പുറപ്പെട്ട മലങ്കര വര്‍ഗീസിന്റെ അംബാസഡര്‍ കാറ്‍‍ കുറിയാക്കോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകരുമായ ഞാളിയമ്പറമ്പില്‍‍ ബിനു വറുഗീസും കൂട്ടരും ചേര്‍‍ന്നു് തടഞ്ഞു. മാരകായുധങ്ങളുമായി നിന്ന അവരെക്കണ്ട് ഭയന്നു് പ്രാണരക്ഷാര്‍‍ത്ഥം വണ്ടി പെട്ടന്നു് പിന്നോട്ടെടുത്തപ്പോള്‍ വണ്ടിക്കുമുമ്പിലേക്കു് ചാടിയ ബിനുവിനു് ഗുരുതരമായി പരിക്കേറ്റു. കാറോടിച്ചിരുന്നതു് വറുഗീസിനോടൊപ്പമുണ്ടായിരുന്ന പാത്തിക്കല്‍ ഏലിയാസായിരുന്നുവത്രേ. ബിനുപിന്നീടു് ആശുപത്രിയില്‍‍വച്ചു മരിച്ചു. ഈ സംഭവത്തില്‍ വാഹനാപകടക്കേസാണു് പെരുമ്പാവൂര്‍‍ പോലീസ് രജിസ്റ്റര്‍‍ ചെയ്തതു്.

ഓര്‍‍ത്തഡോക്സ് സഭക്കാര്‍ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകനെ വണ്ടികയറ്റിക്കൊന്നുവെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നേതാക്കള്‍ വ്യാപകമായി പ്രചരണം നടത്തി. കേസിനില്ലെന്നും അല്ലാതെതന്നെ കൈകാര്യം ചെയ്യുമെന്നും പൊതുസമ്മേളനങ്ങളില്‍ പരസ്യമായി ഏറ്റവും മുതിര്‍‍ന്ന നേതാക്കള്‍ തന്നെ പ്രസംഗിച്ചു.

വാഹനാപകടമരണം
ഞാളിയമ്പറമ്പില്‍‍ ബിനു വറുഗീസ്

ഒപ്പം അതേ മാസം തന്നെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപനായ ശ്രേഷ്ഠ കാതോലിക്കാ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയുടെ ദൗത്യം വിശ്വസ്ഥനായ ഭദ്രാസനമാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ ഏല്പിച്ചു. ഫാ ഔസേഫ് പാത്തിക്കലായിരുന്നു അതുവരെ വികാരി. ഭദ്രാസനം നേരിട്ടു് പള്ളി ഭരണം കൈകാര്യം ചെയ്യുവാനായിരിക്കാം ഭദ്രാസനമാനേജരെത്തന്നെ വികാരിയാക്കിയതു്.



2002 ഡിസംബര്‍ ‍5 ഉച്ചയ്ക്കു് ഒന്നരയ്ക്കു് മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിങ് കമ്മറ്റിയംഗമായ മലങ്കര വറുഗീസിനെ കൊന്നു. ഭദ്രാസനമാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കരയാണു് സിബിഐ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം കേസിലെ ഒന്നാം പ്രതി. മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു് ചൂണ്ടിക്കാട്ടിയാണു് കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളതു്. കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ്‌ അഡ്വ.സി.പി. ഉദയഭാനു മുഖേന നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം.


കേസില്‍ വിശദമായ അന്വേഷണം നടത്താതെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്‌തവരെക്കുറിച്ചും ഗൂഢാലോചന നടത്തിയവരെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്‌. സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട്‌ തള്ളി തുടരന്വേഷണത്തിനു നിര്‍ദേശിക്കണമെന്നാണ്‌ ആവശ്യം.

ഏതായാലും, മലങ്കര വറുഗീസിന്റെ കൊലയില്‍ തനിക്കു് പങ്കില്ലെന്ന് 2002 ഡിസംബര്‍‍‍‍ 7ലെ ദേശാഭിമാനി വാര്‍‍ത്തയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപനായ ശ്രേഷ്ഠ കാതോലിക്കാ വ്യക്തമാക്കിയിട്ടുണ്ടു്. അതു് സത്യമാണെന്നു് കരുതാനാണു് എല്ലാവരും ആഗ്രഹിക്കുന്നതു്.

കടപ്പാടു്: മലങ്കര ശബ്ദം


20100611

മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ഫാ.തേക്കേക്കരയ്‌ക്ക്‌ മുന്‍കൂര്‍ ജാമ്യം

കൊച്ചി,ജൂണ്‍ 11: മലങ്കര വര്‍ഗീസ്‌ വധക്കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്ക്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏഴു ദിവസത്തിനകം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണു് ജസ്റ്റിസ് കെ. ഹേമയുടെ ഉത്തരവു്.

20100610

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് 290 കോടിയുടെ ബജറ്റ്‌

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയില്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച 290.80 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു.

പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാരെ അഭിനന്ദിച്ച് പ്രസംഗിച്ചു ഫാ. പ്രൊഫ. കുര്യന്‍ ദാനിയേല്‍ ധ്യാനം നയിച്ചു. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, ഫാ. ആന്‍ഡ്രൂസ് ഏബ്രഹാം കോറെപ്പിസ്ക്കോപ്പാ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബന്യാമിന്‍, പദ്മശ്രീ നേടിയ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ പോള്‍ മത്തായി എന്നിവരെ യോഗം അനുമോദിച്ചു.

ഈ വര്‍ഷം കാതോലിക്കാ ദിന പിരിവില്‍ നിന്നും 3 കോടി രൂപാ വരവ് പ്രതീക്ഷിക്കുന്നതായും വിവാഹ സഹായ നിധിയിലേക്ക് 40 ലക്ഷം രൂപയും, പഠന സഹായം ചികിത്സാ സഹായം എന്നിവയ്ക്കായി 44 ലക്ഷം രൂപയും നീക്കിവച്ചിട്ടുള്ളതായി സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായുള്ള നവജ്യോതി സ്വയം തൊഴില്‍ പദ്ധതിക്ക് 11 ലക്ഷം രൂപയും മട്ടാഞ്ചേരി കൂനന്‍ കുരിശ് സ്മാരകത്തിന് 43 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നീതി സ്റ്റോര്‍ മാതൃകയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും.

പള്ളി മൂപ്പന്മാര്‍ക്ക് (സൂക്ഷിപ്പുകാര്‍ക്ക്) ഇന്‍ഷ്വറന്‍സ്, ബ്രഹ്മവാര്‍ വികസനം, വെല്ലൂര്‍ സ്നേഹഭവന്‍ വികസനം, കോയമ്പത്തൂര്‍ സ്റുഡന്റസ് ചാപ്പല്‍, ഗോവയില്‍ അല്‍വാറീസ് സ്മൃതി മന്ദിരം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്മൃതി മന്ദിരം എന്നീ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 43% ശമ്പള വര്‍ദ്ധനവ് ഉള്‍ക്കൊള്ളുന്ന വൈദിക ശമ്പള പദ്ധതി യോഗം അംഗീകരിച്ചു.

റാന്നി-നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, കൊട്ടാരക്കര-പുനലൂര്‍, ബ്രഹ്മവാര്‍ എന്നീ 4 പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

മലങ്കര വര്‍ഗീസ് വധം സംബന്ധിച്ച് നടക്കുന്ന സി. ബി. ഐ അന്വേഷണം മുഴുവന്‍ പ്രതികളെയും നീതിപീഠത്തിനു മുന്‍പില്‍ എത്തിക്കാനും ഗൂഢാലോചന പുറത്തു കൊണ്ടുവരാനും ഉതകുന്ന വിധത്തില്‍ ആകണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അംഗീകരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു നാലു പുതിയ ഭദ്രാസനങ്ങള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നാല് പുതിയ ഭദ്രാസനങ്ങള്‍ കൂടി രൂപീകരിക്കുവാന്‍ സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.1. നിലയ്ക്കല്‍, 2. ബ്രഹ്മവാര്‍ 3. അടൂര്‍ - കടമ്പനാട്. 4. കൊട്ടാരക്കര - പുനലൂര്‍. ഇവയാണ് പുതുതായി തീരുമാനമായ ഭദ്രാസനങ്ങള്‍. ഇതോടെ സഭയ്‌ക്കു 30 ഭദ്രാസനങ്ങളായി.

മലങ്കര വര്‍ഗീസ്‌ വധം: പരാതികള്‍ സി.ജെ.എം കോടതിയില്‍ ഉന്നയിക്കാം

കൊച്ചി, ജൂണ്‍ 9: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തെക്കുറിച്ചുളള പരാതികള്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.
കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തണമെന്നാവശ്യപ്പെട്ട്‌ വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ്‌ ജസ്റ്റീസ്‌ വി രാംകുമാറിന്റെ ഉത്തരവ്‌. അന്വേഷണം പൂര്‍ത്തിയാക്കി സി. ബി. ഐ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ (സി.ജെ.എം) കോടതിയില്‍ അന്തിമ റിപോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ കുറ്റപത്രം സംബന്ധിച്ച പരാതികള്‍ സി.ജെ.എം കോടതിയിലാണ്‌ ഉന്നയിക്കേണ്‌ടതെന്ന്‌ കോടതി വ്യക്തമാക്കി.

20100609

റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ മെത്രാന്മാര്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ സ്വീകരണം



കൊരട്ടി, ജൂണ്‍ 1: സീറോ മലബാര്‍‍ റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭകളിലെ അഭിനവ മെത്രാന്മാര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ സ്വീകരണം നല്‍കി.

കത്തോലിക്കാ സഭയിലെ തൃശൂര്‍ ജില്ലയില്‍പെട്ട അഭിനവ ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍ (തൃശൂര്‍ രൂപത), മാര്‍ പോളി കണ്ണൂര്‍ക്കാടന്‍ (ഇരിങ്ങാലക്കുട രൂപത); കല്‍ദായ സഭയിലെ അഭിനവ ബിഷപ്പുമാരായ മാര്‍ യോഹന്നാന്‍ യോസഫ്,മാര്‍ ഔഗേന്‍ കുറിയാക്കോസ് എന്നിവര്‍ക്ക് കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ 2010 ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം സ്വീകരണവും അത്താഴവിരുന്നും നല്‍കി.
അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭയിലെ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേമും സംബന്ധിച്ചിരുന്നു.

ഇപ്രകാരമുള്ള എപ്പിസ്കോപ്പല്‍ സംഗമം തുടര്‍ന്നും നടത്തുവാന്‍ തീരുമാനമായി.

Reception of Catholic and Kaldaya Church Bishops at Koratti Seeyon Aramana on 1st June 2010
.

20100607

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ. ബാവാ ഉദ്ഘാടനം ചെയ്തു


കോട്ടയം: ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10-ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വഹിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രസംഗത്തില്‍ നിന്ന് :- "ഭൂമിയുടെ സംരക്ഷകനാകേണ്ട മനുഷ്യന്‍ അതിന്റെ അന്തകനായി മാറിക്കൊണ്ട് ഭൂമിക്കു ചരമഗീതം രചിച്ചു കൊണ്ടിരിക്കുന്ന ഭയാനകമായ വര്‍ത്തമാനകാല യാഥാര്‍ത്യത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോക സമൂഹം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും മറ്റു അനേക പ്രകൃതി ദുരന്തങ്ങള്‍ക്കുമുള്ള പ്രധാന കാരണം മനുഷ്യന്റെ അത്യാര്‍ത്തി പൂണ്ട പ്രകൃതി ചൂഷണം തന്നെയാണെന്ന് ആധുനിക ശാസ്ത്ര പഠനങ്ങള്‍ സംശയ ലേശമെന്യേ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഭൂമിയെ ചൂഷണം ചെയ്യുവാന്‍ വേണ്ടിയല്ല മറിച്ച് തോട്ടം കാപ്പാനും വേല ചെയ്യുവാനുമായിട്ടാണ് ദൈവം നമ്മെ ഭൂമിയില്‍ ആക്കിയിരിക്കുന്നത്‌ എന്ന ഉത്തമമായ ചിന്ത നമ്മെ ഭരിക്കണം. പ്രകൃതി കേന്ദ്രീകൃതമായ ജീവിത ശൈലിയുടേയും ആത്മീയ ജീവിതത്തിന്റെയും വക്താക്കളായി മാറുവാന്‍ നമുക്ക് ആത്മാര്‍ഥമായി പരിശ്രമിക്കാം.

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കികൊണ്ട് പരിസ്ഥിതി പരിപാലനം ഒരു സുപ്രധാന ദൌത്യങ്ങളിലൊന്നായി ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരായ സഭാമക്കള്‍ക്ക് പരിസ്ഥിതിയെപ്പറ്റി കൂടുതല്‍ അവബോധം നല്‍കി പ്രകൃതിയെ കൂടുതല്‍ സ്നേഹിക്കുന്ന ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ തക്കവണ്ണം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് നാം പ്രത്യാശിക്കുന്നു. മഹത്തായ ഒരു സാമൂഹിക ഉത്തരവാദിത്വമാണ് നാം ഇതിലൂടെ നിര്‍വഹിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം. സമൃദ്ധിയായ ജീവന്റെ ബഹിര്‍സ്ഫുരണമായ ഒരു ഹരിത സഭയും സമൂഹവും യാഥാര്‍ത്ഥ്യമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആധുനികതയുടെ കൃത്രിമത്വത്തില്‍ നിന്നു പ്രകൃതിയുടെ സ്വച്ചതയിലേക്ക് സമൂഹത്തെ നയിക്കുവാനും, കൃഷി കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പുത്തന്‍ തലമുറയെ ഭൂമിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറയായി വളര്‍ത്തിക്കൊണ്ടുവരുവാനും ഈ പ്രവര്‍ത്തനങ്ങളില്‍കൂടി ദൈവരാജ്യത്തിന്റെ പതിപ്പായ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചെടുക്കുവാനുമുള്ള ധന്യമായ ഈ ദൌത്യത്തില്‍ പങ്കുകാരാകുവാനും സഭയായും സമൂഹമായും ഇടവകയായും ഭവനങ്ങളായും വ്യക്തികളായും നമുക്ക് ഒത്തൊരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുവാന്‍ തക്കവണ്ണം ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷനു സാധിക്കട്ടെ എന്നു പ്രാര്‍ഥിച്ചു കൊണ്ടും എല്ലാ നന്മകളും ആശംസകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ന്നുകൊണ്ടും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി നാം പ്രഖ്യാപിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ."


ടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ട്‌ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ അഭി. ഡോ ജോസഫ്‌ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മാത്യു കോശി പുന്നക്കാട് , അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്. പരിസ്ഥിതി കമ്മീഷന്‍ സെക്രട്ടറി ഫാ. ബിജു മാത്യൂസ്‌, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് , പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍പ്രസംഗിച്ചു.

അനുബന്ധ വാര്‍‍ത്ത

ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ രൂപവത്കരിച്ചു

20100605

മലങ്കര വര്‍ഗീസ്‌ വധം: കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു് ഹര്‍ജി

കൂടുതല്‍ അന്വേഷണം വേണമെന്നു് ആവശ്യപ്പെട്ട്‌ ഭാര്യ കോടതിയില്‍

കൊച്ചി, ജൂണ്‍ 3: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ്‌ അഡ്വ.സി.പി. ഉദയഭാനു മുഖേന നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം.
കേസില്‍ വിശദമായ അന്വേഷണം നടത്താതെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്‌തവരെക്കുറിച്ചും ഗൂഢാലോചന നടത്തിയവരെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്‌. സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട്‌ തള്ളി കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശിക്കണമെന്നാണ്‌ ആവശ്യം.

കേസിലെ മുഖ്യപ്രതികളായ ഫാ. വര്‍ഗീസ്‌ തെക്കേക്കര, ജോയ്‌ വര്‍ഗീസ്‌ എന്നിവരുടെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കണം. 1993 മുതല്‍ മലങ്കര വര്‍ഗീസ്‌ വധഭീഷണിയിലാണ്‌. ഒന്നിലേറെ തവണ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഇത്തരം വിശദാംശങ്ങളിലേക്കു സിബിഐ അന്വേഷണം നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ 2002 ഒക്‌ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായ കാരോത്തുപടി ജംക്‌ഷനില്‍നിന്നു് മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ വേഗത്തില്‍ കുതിച്ചുപായുന്നതിനിടയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനുവിന്റെ മരണത്തോടെയാണ്‌ മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന സിബിഐയുടെ കണ്ടെത്തല്‍ സാറാമ്മ വര്‍ഗീസ്‌ പൂര്‍ണമായി അംഗീകരിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ കുര്യാക്കോസ്‌ വധക്കേസുമായി ബന്ധപ്പെട്ടാണു മലങ്കര വര്‍ഗീസ്‌ കൊല്ലപ്പെട്ടതെന്ന സംശയവും സാറാമ്മ ഉന്നയിക്കുന്നുണ്ട്‌.

ഹര്‍ജി വാദത്തിനായി മജിസ്‌ട്രേറ്റ്‌ എന്‍. ലീലാമണി ജൂണ്‍7 തിങ്കളാഴ്‌ചത്തേക്കു മാറ്റി.

20100604

ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ രൂപവത്കരിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഔപചാരിക ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10-ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വഹിക്കും.

കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് അനുഗ്രഹ പ്രഭാഷണവും ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് പ്രന്‍സിപ്പല്‍ വിഷയാവതരണവും നടത്തും. ഡോ. ജോര്‍ജ്ജ് ജോസഫ്, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ ചര്‍ച്ച നയിക്കും. വൃക്ഷ തൈകള്‍ വിതരണവും നടക്കും. ഓര്‍ത്തഡോക്സ് സഭാ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിലും സഭാ പ്രസ്ഥാനങ്ങളുടെയും ഇടവകകളുടെയും സഹകരണത്തിലും ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുന്നതാണ്.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ തലങ്ങളില്‍ നടന്നുവന്ന പരിസ്ഥിതിപ്രവര്‍ത്തനം 'ഹരിതസഭ' എന്ന പേരില്‍ ഏകോപിപ്പിക്കുന്നതിനായി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത (പ്രസി.) ഡോ.ജോസഫ് മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലീത്ത(വൈസ് പ്രസി.) ഫാ.ബിജു മാത്യു (ജന. സെക്ര) എന്നിവര്‍ ഉള്‍പ്പെടുന്ന ഒമ്പതംഗ ഉപദേശകസമിതിയും 17 അംഗ കേന്ദ്രക്കമ്മറ്റിയും ഉള്ള പരിസ്ഥിതി കമ്മീഷന്‍ ഫെബ്രുവരിയില്‍‍ പ. സുന്നഹദോസാണു് രൂപവത്കരിച്ചതു്. പ്രഥമയോഗം മെയ് 23 ഞായറാഴ്ച 5ന് പത്തനംതിട്ട ബേസില്‍ അരമനയില്‍ ചേര്‍‍ന്നു.


Read H.G. Kuriakose Mar Clemis Metropolitan's Kalpana. മലങ്കര ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ട്‌ അഭി. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായുടെ കല്പന ഇവിടെ ചേര്‍ത്തിരിക്കുന്നു.

20100603

മലങ്കര വര്‍ഗീസ് വധം: ജാമ്യമില്ലാ വാറണ്ടിലെ നടപടികള്‍ക്ക് സ്റ്റേ


കൊച്ചി:
മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി ഫാ.വര്‍ഗീസ് തെക്കേക്കരക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിലെ നടപടികള്‍ ഹൈ കോടതി താല്‍‍ക്കാലികമായി തടഞ്ഞു. ഫാ.വര്‍ഗീസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) ഉത്തരവു് നടപ്പാക്കുന്നതാണ് ഹൈ കോടതിയിലെ ജസ്റ്റിസ് കെ.ഹേമ ജൂണ്‍ ‍2-നു് സ്റ്റേ ചെയ്തതു്.

വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും വാടക ഗുണ്ടകള്‍ക്ക് ഫണ്ട്കൈമാറുകയും ചെയ്തുവെന്നാണ് ഫാ.വര്‍ഗീസിനെതിരായ ആരോപണം. 55,000 രൂപ കേസിലെ രണ്ട് പ്രതികള്‍ മുഖേന കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ തലവന് ഇദ്ദേഹം നല്‍കിയെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ബിനു കുടുംബ സഹായ നിധിക്കായി പിരിച്ച പണത്തില്‍നിന്ന് തുക വകമാറ്റി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തുക കൈമാറിയിട്ടുണ്ടെങ്കില്‍ മതിയായ തെളിവുകള്‍ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സി.ബി.ഐ അഭിഭാഷകന് കഴിഞ്ഞില്ല.

ഫാ. തെക്കേക്കരക്കെതിരെ കൂട്ടുപ്രതികളുടേതല്ലാതെ മറ്റു സാക്ഷി മൊഴികളില്ലെന്നും സി.ബി.ഐ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ഏഴാം പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പങ്കാളിത്തത്തെക്കുറിച്ച് പറയുന്നുണ്ട്. ഫാ.വര്‍ഗീസ് തെക്കേക്കരയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകന്‍ എം വി എസ് നമ്പൂതിരി ബോധിപ്പിച്ചു.

അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ വാദം

ഒന്നാം പ്രതിയെക്കുറിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ സൂചനകളൊന്നും പറഞ്ഞിരുന്നില്ലെങ്കിലും തുടക്കം മുതലെ (ലോക്കല് പോലീസ് അന്വേഷണം ആരംഭിക്കുന്നതു മുതലെ) സംശയത്തിന്റെ നിഴലിലായിരുന്നുവെന്ന് കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മയുടെ അഭിഭാഷകന്‍ സി പി ഉദയഭാനു ബോധിപ്പിച്ചു. പൊലീസ് ആദ്യം നടത്തിയ അന്വേഷണ സമയത്ത് അറസ്റ്റിലായ പ്രതികള്‍ ഗൂഡാലോചനയിലുള്‍പ്പെട്ട മുഴുവന്‍പേരെ കുറിച്ചും മൊഴി നല്‍കിയിരുന്നു. എന്നാല്‍, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍‍ദവും രാഷ്ട്രീയ ഇടപെടലും മൂലമാണു് പങ്ക് പുറത്തു വരാതിരുന്നതു്. ഉന്നത സ്വാധീനം മൂലം അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനായി ഹൈ കോടതിയെ സമീപിച്ചത്.

സി.ബി.ഐ അന്വേഷണം ഫലപ്രദമല്ലെന്ന് കാണിച്ച് പിന്നീട് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഉന്നതരുടെ അറിവില്ലാതെ ഒന്നാം പ്രതി കൊലപാതകം ആസൂത്രണം ചെയ്യില്ല. ഈ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാകൂ. സിബിഐയുടെ ഒത്തുകളിയുടെ ഫലമാണു് കൊലപാതകത്തിനു് ഗൂഢാലോചന നടത്തിയ ഉന്നത വൈദീകരെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ചതെന്നും സി.പി.ഉദയഭാനു ബോധിപ്പിച്ചു.

വര്‍ഗീസിനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമം നടന്നിരുന്നു. ആ കേസില്‍ ഒന്നും രണ്ടും പ്രതികളായിരുന്നവര്‍ ഇപ്പോഴത്തെ കേസില്‍ മൂന്നും നാലും പ്രതികളാണ്. അക്കാലത്തുണ്ടായ ഗൂഢാലോചന പിന്നീടും തുടര്‍ന്നതാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഉന്നതരുടെ അറിവോടെയാണിതെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ സി.പി.ഉദയഭാനു വാദിച്ചു.

സി.ബി.ഐ അറസ്റ്റ് ചെയ്ത രണ്ടാം പ്രതി സിമന്റ് ജോയിയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ള സമാന കുറ്റാരോപണങ്ങള്‍‍തന്നെയാണു് ഫാ. തെക്കേക്കരക്കെതിരെയുള്ളതെന്നും അറസ്റ്റ് ഒഴിവാക്കിയതു് ന്യായീകരിക്കാനാവില്ലെന്നും സി.പി.ഉദയഭാനു ബോധിപ്പിച്ചു. അതിനാല്‍, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതിയില്‍ ഹാജരായി ഫാ. തെക്കേക്കര ജാമ്യം തേടുകയാണു വേണ്ടതെന്നും മുന്‍‍കൂര്‍‍ ജാമ്യം അനുവദിക്കേണ്ട പ്രത്യേക സാഹചര്യം നിലവിലില്ലെന്നും സി.പി.ഉദയഭാനു വാദിച്ചു.ഫാ.വര്‍ഗീസ് ഫാ. തെക്കേക്കര സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) ഉത്തരവു് നടപ്പാക്കുന്നതാണു് ജസ്റ്റിസ് കെ.ഹേമ സ്റ്റേ ചെയ്തതു്.
.

20100601

മലങ്കര വര്‍ഗീസ്‌ വധം: ഫാ. തെക്കേക്കരയുടെ പങ്ക്‌ എന്തെന്നു കോടതി

കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാംപ്രതിയായ ഫാ. വര്‍ഗീസ് തെക്കേക്കരയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി മെയ് 31നു് ആരാഞ്ഞു. ഇതുസംബന്ധിച്ച കേസ് ഡയറി സി.ബി.ഐ. ജൂണ്‍ 2 ബുധനാഴ്ച ഹാജരാക്കാന്‍ ജസ്റ്റിസ് കെ. ഹേമ നിര്‍ദേശിച്ചു. രണ്ടാംപ്രതിയായ ജോയ് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്ത സി.ബി.ഐ. ഒന്നാംപ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും ഇത് ഒത്തുകളിയാണെന്നും കാണിച്ച് മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്. ഫാ. വര്‍ഗീസ് തെക്കേക്കരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പമാണ് ഹര്‍ജി പരിഗണിച്ചത്.


എട്ടുവര്‍ഷമായി അന്വേഷണം നടത്തുന്ന സിബിഐ അവസാന നിമിഷം തന്നെ ഒന്നാംപ്രതിയാക്കിയെന്ന്‌ ഫാ. തെക്കേക്കരയ്‌ക്കു വേണ്ടി അഭിഭാഷകന്‍ ബോധിപ്പിച്ചു. സമന്‍സ്‌ പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ കോടതി ജാമ്യമില്ലാവാറന്റ്‌ പുറപ്പെടുവിച്ചുവെന്നും ഹര്‍ജിഭാഗത്ത്‌ അഡ്വ. ബി. രാമന്‍പിള്ള ബോധിപ്പിച്ചു.

അന്വേഷണവുമായി പ്രതി പൂര്‍ണമായി സഹകരിച്ചുവെന്നും, കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പരിഗണിച്ചാണ്‌ അറസ്‌റ്റ്‌ ഒഴിവാക്കിയതെന്നും സിബിഐക്കു വേണ്ടി അഡ്വ. എം.വി.എസ്‌. നമ്പൂതിരി ബോധിപ്പിച്ചു.

സി.ബി.ഐ.യുടെ നിലപാട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസന്വേഷണവുമായി സഹകരിക്കുന്നവരെയൊക്കെ അറസ്റ്റില്‍നിന്നൊഴിവാക്കുമോ എന്ന് കോടതി വാക്കാല്‍ ആരായുകയും ചെയ്തു. അറസ്‌റ്റിന്റെ കാര്യത്തില്‍ പ്രതികള്‍ക്കിടയില്‍ വിവേചനപരമായ നിലപാടാണു സ്വീകരിച്ചതെന്നു മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.

കുറ്റകൃത്യത്തിനുശേഷം കേസില്‍ മറ്റൊരു പ്രതിയും ഗുണ്ടാനേതാവുമായ വ്യക്തിക്ക് ഒന്നാംപ്രതി 55,000 രൂപ നല്‍കിയെന്നു കുറ്റപത്രത്തിലുണ്ടെന്ന്‌ സാറാമ്മയ്‌ക്കുവേണ്ടി അഡ്വ. സി.പി. ഉദയഭാനു ബോധിപ്പിച്ചു.

ഈ സാഹചര്യത്തിലാണ്‌, ഒന്നാംപ്രതിയുടെ കേസിലെ പങ്ക്‌ എന്താണെന്നു കോടതി വിശദീകരണം തേടിയത്‌. സിബിഐ ഹര്‍ജിക്കാരനെ സഹായിക്കുന്നുവെന്നാണ്‌ ആക്ഷേപം. അറസ്‌റ്റു ചെയ്‌തില്ല, കുറ്റപത്രം നല്‍കി വെറുതെയിരുന്നു, സമന്‍സ്‌ നല്‍കിയില്ല എന്നൊക്കെ പരാതികളുണ്ട്‌. ഒന്നാംപ്രതിയുടെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെങ്കിലും അറസ്റ്റ് നടക്കാതിരുന്നത് മറ്റേതെങ്കിലും പരിഗണനകൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ വൈദികര്‍ അറസ്റ്റിലാവുന്നത് ഇത് ആദ്യമായല്ല- വാദം കേള്‍ക്കുമ്പോള്‍ കോടതി പറഞ്ഞു. കേസ്‌ ജൂണ്‍ 2 നു് വീണ്ടും പരിഗണിക്കാനായി മാറ്റി.

ഏതായാലും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ സാധാരണഗതിയില്‍ ഒന്നാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിനര്‍ഹതയുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കേസില്‍ 19 പ്രതികളുണ്ട്.
.