20100610

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് 290 കോടിയുടെ ബജറ്റ്‌

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയില്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച 290.80 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു.

പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാരെ അഭിനന്ദിച്ച് പ്രസംഗിച്ചു ഫാ. പ്രൊഫ. കുര്യന്‍ ദാനിയേല്‍ ധ്യാനം നയിച്ചു. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, ഫാ. ആന്‍ഡ്രൂസ് ഏബ്രഹാം കോറെപ്പിസ്ക്കോപ്പാ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബന്യാമിന്‍, പദ്മശ്രീ നേടിയ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ പോള്‍ മത്തായി എന്നിവരെ യോഗം അനുമോദിച്ചു.

ഈ വര്‍ഷം കാതോലിക്കാ ദിന പിരിവില്‍ നിന്നും 3 കോടി രൂപാ വരവ് പ്രതീക്ഷിക്കുന്നതായും വിവാഹ സഹായ നിധിയിലേക്ക് 40 ലക്ഷം രൂപയും, പഠന സഹായം ചികിത്സാ സഹായം എന്നിവയ്ക്കായി 44 ലക്ഷം രൂപയും നീക്കിവച്ചിട്ടുള്ളതായി സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായുള്ള നവജ്യോതി സ്വയം തൊഴില്‍ പദ്ധതിക്ക് 11 ലക്ഷം രൂപയും മട്ടാഞ്ചേരി കൂനന്‍ കുരിശ് സ്മാരകത്തിന് 43 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നീതി സ്റ്റോര്‍ മാതൃകയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും.

പള്ളി മൂപ്പന്മാര്‍ക്ക് (സൂക്ഷിപ്പുകാര്‍ക്ക്) ഇന്‍ഷ്വറന്‍സ്, ബ്രഹ്മവാര്‍ വികസനം, വെല്ലൂര്‍ സ്നേഹഭവന്‍ വികസനം, കോയമ്പത്തൂര്‍ സ്റുഡന്റസ് ചാപ്പല്‍, ഗോവയില്‍ അല്‍വാറീസ് സ്മൃതി മന്ദിരം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്മൃതി മന്ദിരം എന്നീ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 43% ശമ്പള വര്‍ദ്ധനവ് ഉള്‍ക്കൊള്ളുന്ന വൈദിക ശമ്പള പദ്ധതി യോഗം അംഗീകരിച്ചു.

റാന്നി-നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, കൊട്ടാരക്കര-പുനലൂര്‍, ബ്രഹ്മവാര്‍ എന്നീ 4 പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

മലങ്കര വര്‍ഗീസ് വധം സംബന്ധിച്ച് നടക്കുന്ന സി. ബി. ഐ അന്വേഷണം മുഴുവന്‍ പ്രതികളെയും നീതിപീഠത്തിനു മുന്‍പില്‍ എത്തിക്കാനും ഗൂഢാലോചന പുറത്തു കൊണ്ടുവരാനും ഉതകുന്ന വിധത്തില്‍ ആകണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അംഗീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.