20101127

ബാബു കുഴിമറ്റത്തിനു്‌ ജെ.കെ.വി. പുരസ്‌കാരം

ചങ്ങനാശേരി, നവം 25: ജെ.കെ.വി. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെ.കെ.വി. പുരസ്‌കാരത്തിന്‌ കഥാകൃത്ത്‌ ബാബു കുഴിമറ്റം അര്‍ഹനായി. 'ചാവേറുകളുടെ പാട്ട്‌' എന്ന നോവലിനെ മുന്‍നിര്‍ത്തി സമഗ്രസംഭാവനയ്‌ക്കാണ്‌ അവാര്‍ഡ്‌. എം. അച്യുതന്‍, കാക്കനാടന്‍, വി.ബി.സി. നായര്‍ എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയാണ്‌ ബാബു കുഴിമറ്റത്തിന്റെ പുസ്‌തകം തെരഞ്ഞെടുത്തത്‌. അടുത്ത മാസം ചങ്ങനാശേരിയില്‍ നടക്കുന്ന ചടങ്ങില്‍ പതിനയ്യായിരം രൂപയും(15000 രൂപ) പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നല്‍കും. രണ്ടു വര്‍ഷത്തിലൊരിക്കലാണു ഈ പുരസ്കാരം നല്‍കുന്നത്.

പുരസ്‌കാരം ലഭിച്ച മറ്റു പുസ്‌തകങ്ങളും എഴുത്തുകാരും: ധാരാവി (കഥ) ജോസ്‌ പനച്ചിപ്പുറം, അന്ത്യപ്രലോഭനം(കവിത) വിജയലക്ഷ്‌മി, ഫാഷിസവും സംഘപരിവാറും ( സാമൂഹിക വിമര്‍ശനം) എം. കെ. മുനീര്‍.

കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ

പാമ്പാക്കുട, നവം 27: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സുറിയാനി പണ്ഡിതനും അതുല്യ പ്രതിഭയുമായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ (1860-1927).

പാമ്പാക്കുട കോനാട്ട് കോര, അന്നം ദമ്പതി കളുടെ നാലാമത്തെ പുത്രനായി 1860 മീനം 17 ന് ജനിച്ച ഇദ്ദേഹത്തിന് 1871 ഒക്‌ടോബര്‍ 29 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്ത കോറൂയോ സ്ഥാനം നല്കി. കോനാട്ട് ഗീവര്‍ഗീസ് മല്‍പ്പാന്‍ (പിന്നീട് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത), ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാന്‍ (വിശുദ്ധ പരുമല തിരുമേനി) എന്നിവരുടെ കീഴില്‍ വൈദികപഠനവും സുറിയാനി പഠനവും നടത്തി. 1883 നവംബര്‍ 25 ന് പുലിക്കോട്ടില്‍ മോര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്തായില്‍ നിന്നു കശീശ്ശസ്ഥാനം സ്വീകരിച്ചു. വൈദിക പാരമ്പര്യമുളള കോനാട്ട് കുടുംബത്തിലെ 21 -ആം വൈദികനായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ.

വടക്കന്‍ പറവൂര്‍ ചെട്ടിപ്പീടികയില്‍ യോഹന്നാന്റെ മകള്‍ എലിശുബാ യായിരുന്നു സഹധര്‍മ്മിണി. മക്കള്‍ 6 പെണ്‍മക്കളും ഒരു മകനും. ഈ മകനാണ് പിന്നീട് മലങ്കര മല്‍പാനായ അബ്രഹാം കശീശ്ശ.

1890 ല്‍ തന്റെ മുന്‍ഗാമിയായിരുന്ന കോനാട്ട് യൂഹാനോന്‍ മല്‍പ്പാന്‍ അന്തരിച്ചതിന്റെ 40-ആം ദിവസം മലങ്കര മെത്രാപ്പോലിത്ത പുലിക്കോട്ടില്‍ മാര്‍ ദീവന്നാസി യോസ് മെത്രാപ്പോലിത്ത മലങ്കര മല്‍പ്പാന്‍ സ്ഥാനം നല്കി. പാമ്പാക്കുട ഗുരുകുലത്തിലും കോട്ടയം പഴയസെമിനാരി യിലും വൈദികരെ അഭ്യസിപ്പിച്ചു.

1891 ല്‍ അങ്കമാലി ഭദ്രാസന ത്തിന്റെ വികാരി ജനറാള്‍ ആയി കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു.

സഭാ പുരോഗതിക്കായി ”മലബാര്‍ ത്രീസ്സാസ് ശുബഹോ സമൂഹം” എന്ന മലങ്കര സഭയിലെ ആദ്യത്തെ അദ്ധ്യത്മിക പ്രസ്ഥാനം സ്ഥാപിച്ചു. സഭാ പ്രസിദ്ധീകരണങ്ങള്‍, പൊതു വിദ്യാഭ്യാസം, മത വിദ്യാഭ്യാസം, സുവിശേഷവേല തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹം ചെയ്തു.

മലങ്കര സഭയിലെ ആരാധനകളുടെ ഏകീകരണവും നടപടിക്രമങ്ങളും ക്രമീകരിച്ച മഹത് വ്യക്തിയായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ. സുറിയാനി പുസ്തകങ്ങളുടെ അച്ചടിയില്‍ നല്കിയ നേതൃത്വം, പാമ്പാക്കുട ഗ്രന്ഥശേഖരം, നടപടി ക്രമത്തിന് അന്തിമരൂപം നല്കിയതില്‍ വഹിച്ച പങ്ക്, വേദപുസ്തക വിവര്‍ത്തനം, വൈദിക വിദ്യാഭ്യാസത്തിന് നല്കിയ സേവനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനങ്ങളാണ്.

പാമ്പാക്കുട നമസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന പ്രാര്‍ത്ഥനക്രമം ഉള്‍പ്പെടെ അനേകം സുറിയാനി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തതു് കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പയായിരുന്നു. സുറിയാനി ഭാഷയിലുളള ഗ്രന്ഥങ്ങളും ആരാധനാപൈതൃകവും സഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സുറിയാനി യില്‍ സീമാസ് ഹായേ, മലയാളത്തില്‍ ജീവനിക്ഷേപം എന്നി മാസികകള്‍ പ്രസിദ്ധീകരിച്ചു. വി. കുര്‍ബ്ബാന ക്രമം, വി. ദൈവമാതാവിന്റെ ചരിത്രം, വി. മത്തായി ശ്ലീഹ എഴുതിയ ഏവന്‍ഗേലിയോന്റെ മൂന്നു വാല്യങ്ങള്‍ എന്നിവ സുറിയാനിയില്‍ നിന്ന് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. മലങ്കര ഇടവക പത്രികയിലെ അനേകം ലേഖനങ്ങളും കുറിപ്പുകളും, ആരാധനയുടെ വ്യാഖ്യാനം, മാര്‍ ഗീവര്‍ഗീസ് സഹദായുടെ ചരിത്രം തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. വെളിപാട് ഒഴികെയുളള പുതിയ നിയമ പുസ്തകങ്ങള്‍ സുറിയാനിയില്‍ നിന്നും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1892 മാര്‍ച്ച് 31 ന് കോനാട്ട് മാത്തന്‍ മല്‍പ്പാന്‍ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെ വൈദിക ട്രസ്റ്റിയായി തുടര്‍‍ന്നു. 1926 ചിങ്ങം (ഓഗസ്റ്റ്) 16 ന് അന്ത്യോക്യായുടെ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക കല്പനപ്രകാരം മാര്‍ അത്താനാസിയോസ്, മാര്‍ ഒസ്താത്തിയോസ്, മാര്‍ യൂലിയോസ് തുടങ്ങിയ മെത്രാച്ചന്‍മാര്‍ പല പട്ടക്കാരുടെയും സഹകരണത്തോടെ കരിങ്ങാച്ചിറ പളളിയില്‍ വെച്ച് കോര്‍എപ്പിസ്‌കോപ്പ സ്ഥാനവും പ. അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവ സമ്മാനമായി അയച്ചുകൊടുത്ത കുരിശും മാലയും നല്കി. അക്കാലത്ത് ഇത് ഒര പൂര്‍വ്വ സംഭവമായിരുന്നു. ചില പ്രത്യേക അവകാശങ്ങളും ചിഹ്നവും മാത്തന്‍ മല്‍പ്പാന് നല്കിയിരുന്നു. മേല്‍പ്പട്ടക്കാരുടേതിന് അനുരൂപമായ ഒരു മുടിയും വൈദികര്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മേല്‍പ്പട്ടക്കാര്‍ സന്നിഹിതരാണെങ്കില്‍ അനുവര്‍ത്തിക്കാനുളള കര്‍മ്മ ങ്ങളെല്ലാം അതുപോലെ നിര്‍വ്വഹിക്കാനുളള അനുവാദവും നല്‍കിയതിനു് പുറമേ കുക്കിലിയോന്‍ ചെല്ലുമ്പോള്‍ വടി ഉപയോഗിക്കാനും , കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വ്വഹിക്കുവാനുമുള്ള അവകാശങ്ങള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്കു് ഉണ്ടായിരുന്നു.

1912-ല്‍ സഭയില്‍ കക്ഷിവഴക്കുണ്ടായപ്പോള്‍‍ അബ്ദുളളാപാത്രിയര്‍ക്കീസ് കക്ഷിയ്ക്കു് നേതൃത്വം നല്കിയതു് വൈദിക ട്രസ്റ്റി കോനാട്ട് മാത്തന്‍ മല്‍പ്പാനും അത്മായ ട്രസ്റ്റി രാജശ്രീ സി.ജെ. കുര്യന്‍ അക്കരയും ആയിരുന്നു. കക്ഷിവഴക്കു് സഭയെ പിളര്‍‍ത്തുമെന്നു് കണ്ടപ്പോള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ അവസാനകാലത്തു് അതില്‍ ഖേദിയ്ക്കുകയും കക്ഷിവഴക്കു് അവസാനിപ്പിയ്ക്കുവാനുള്ള ശ്രമങ്ങള്‍‍ നടത്തുകയും ചെയ്തു.

1927 നവംബര്‍ 8-ന് കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി, പാമ്പാക്കുട വലിയ പളളിയില്‍ കബറടക്കപ്പെട്ടു.

മാത്തന്‍ മല്‍പ്പാന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനായിരുന്നു പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍‍ ബാവ.

20101125

ഹൈക്കോടതി നിര്‍‍ദേശം ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്തു

കോട്ടയം, നവം 24: ഇന്ത്യയിലെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ 1995-ലെ അന്തിമ വിധിയുടെയും സുപ്രീം കോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ വിമത വിഭാഗവുമായി ഏത് ഒത്തുതീര്‍പ്പിനും സഭ തയ്യാറാണെന്ന്  മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്താവിച്ചു. ഐക്യത്തിനും സമാധാനത്തിനും വേണ്ടിയാണ് സഭ നിലകൊണ്ടിട്ടുള്ളതെന്നും സഭാ ഭരണഘടന വിഭാവന ചെയ്യുന്ന അധികാരാവകാശങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ഏവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവം25-ലെ മലയാള മനോരമ റിപ്പോര്‍‍ട്ട് ചുവടെ:-
സഭാതര്‍ക്കം: മധ്യസ്‌ഥ പരിഹാര സാധ്യത തേടണമെന്നു ഹൈക്കോടതി
സ്വന്തം ലേഖകന്‍

കൊച്ചി: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സഭാതര്‍ക്കം മധ്യസ്‌ഥതയിലൂടെ പരിഹരിക്കുന്നതിന്റെ സാധ്യത തേടണമെന്നു് ഹൈക്കോടതി. ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ കേസുകള്‍ ഒത്തു തീര്‍ക്കാനാകുമോ എന്ന്‌ ഇരുഭാഗം അഭിഭാഷകരും കക്ഷികളുമായി കൂടിയാലോചിച്ചശേഷം അറിയിക്കണം. യോജിച്ചു പോകാനാവുന്നില്ലെങ്കില്‍, രമ്യതയില്‍ കണക്കുകള്‍ തീര്‍ത്തു പിരിയാനുള്ള സാധ്യതയും ആരായാവുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നു കോടതികള്‍ പല തവണ താല്‍പര്യപ്പെട്ടിട്ടും പ്രശ്‌നം തീരുന്നില്ല. 1890 ല്‍ തുടങ്ങി, 2001ലെ പി.എം.എ. മെത്രാപ്പൊലീത്തന്‍ കേസിലെ സുപ്രീം കോടതി വിധിതീര്‍പ്പുവരെ ഉണ്ടായിട്ടും തര്‍ക്കം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഉത്തരവനുസരിച്ചു പള്ളിക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകൃതമായ എറണാകുളം ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയില്‍ എഴുപതോളം കേസുകള്‍ നിലവിലുണ്ട്‌.

ഹൈക്കോടതിയില്‍ 70 അപ്പീലുകളുണ്ട്‌. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിവിധ കോടതികളിലായി മറ്റ്‌ എഴുപതോളം കേസുകളുണ്ട്‌. സംസ്‌ഥാനത്തു മറ്റു ജില്ലകളിലെ കോടതികളിലും കേസുകളുണ്ടാകാം. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നു നിര്‍ദേശിക്കാന്‍ കോടതി മുതിരുന്നില്ലെന്നും, മധ്യസ്‌ഥരുടെ സഹായവും ഉപദേശവും വഴി കക്ഷികള്‍ ഇതിനു മാര്‍ഗം കണ്ടെത്തണമെന്നും കോടതി വ്യക്‌തമാക്കി.തര്‍ക്കങ്ങളുടെ സ്വഭാവം പരിഗണിച്ച്‌ ഇക്കാര്യത്തില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അഭിപ്രായം അറിയിക്കണം. ബദല്‍ പരിഹാരമാര്‍ഗം സാധ്യമാണോ എന്നും, അങ്ങനെയെങ്കില്‍ ഇരു കക്ഷികള്‍ക്കും സ്വീകാര്യരായ മധ്യസ്‌ഥര്‍ ആരൊക്കെയെന്നും പറയണം.

ബദല്‍ മാര്‍ഗം തേടുന്ന കാര്യം കക്ഷികളുടെ തീരുമാനത്തിനു വിടുകയാണെന്നു കോടതി പറഞ്ഞു.ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കവെയാണു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. എറണാകുളം ജില്ലാക്കോടതിയില്‍ സമര്‍പ്പിച്ച അന്യായം നിലനില്‍ക്കില്ലെന്നു കണ്ടു തള്ളിയതിനെതിരെ തിരുമാറാടി സ്വദേശി പി.സി. ജോയ്‌ തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലാണു കോടതി പരിഗണിച്ചത്‌. ദൗര്‍ഭാഗ്യവശാല്‍ അല്‍മായര്‍ക്കിടയിലും ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വേര്‍തിരിവുണ്ടായെന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്‌തമാകും.

സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികളുടെ വിധികളിലും ഉന്നയിക്കപ്പെട്ട വാദങ്ങളിലും ഇതിന്റെ സൂചനയുണ്ട്‌. ക്രിസ്‌തുവിന്റെയോ കുരിശിന്റെയോ പ്രാധാന്യത്തെച്ചൊല്ലി ക്രിസ്‌ത്യാനികള്‍ക്കിടയില്‍ പുരോഹിതര്‍ക്കോ അല്‍മായര്‍ക്കോ തര്‍ക്കമില്ല.- കോടതി പറഞ്ഞു. ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കാനാകുമോ എന്നും, ചേര്‍ന്നു പോകാനാവില്ലെങ്കില്‍ പിരിയാനാകുമോ എന്നും അഭിഭാഷകര്‍ കക്ഷികളുമായി ആലോചിക്കണമെന്നു കോടതി നിര്‍ദേശിച്ചു.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു് വേണ്ടി അഭിഭാഷകരായ പി. ചിദംബരേഷ്, എന്‍.സി. സെന്‍, കെ.ജെ. കുര്യാച്ചന്‍ എന്നിവരും മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയ്ക്കു വേണ്ടി എസ്. ശ്രീകുമാറും ഹാജരായി.

പാമ്പാക്കുട നമസ്കാരക്രമം സഭയുടെ അമൂല്യ സമ്പത്ത്

കോട്ടയം, നവം 24: മലങ്കര മല്‍പാന്‍ കോനാട്ട് മാത്തന്‍ കോര്‍-എപ്പിസ്കോപ്പാ (1860-1927) സുറിയാനിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത പാമ്പാക്കുട നമസ്കാരക്രമം സഭയുടെ അമൂല്യ സമ്പത്താണെന്ന് പഉരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലൊസ് ദ്വിതീയന്‍ ബാവ പ്രസ്താവിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ പാമ്പാക്കുട നമസ്കാരക്രമത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ കണ്ടനാട് വെസ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്, ഫാ.ടി.ജെ.ജോഷ്വാ, പഴയ സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 30 ചൊവ്വാഴ്ച രണ്ടു മണിക്ക് പാമ്പാക്കുട നമസ്കാരക്രമത്തെക്കുറിച്ചുള്ള സെമിനാര്‍ വൈദിക സെമിനാരി എക്യുമെനിക്കല്‍ ഹാളില്‍ നടത്തും

20101112

ഓര്‍ത്തഡോക്‌സ്‌ സഭ തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും

പിറവം, നവംബര്‍ 11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനം അസംഘടിതരായ തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. `പ്രപാലനം' എന്ന്‌ പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം നവംബര്‍ 13 നു് നാമക്കുഴി ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഭദ്രാസന ദിനാഘോഷം, കുടുംബസംഗമം എന്നിവയോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ നടക്കും.

പെന്‍ഷന്‍ പദ്ധതി 60 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്കാണ്‌ നടപ്പാക്കുന്നത്‌. സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന അര്‍ഹരായ നാനാജാതി മതസ്ഥര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കുമെന്ന്‌ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായാണ്‌ ഭദ്രാസനം വ്യാപിച്ചുകിടക്കുന്നത്‌.

ഭദ്രാസനത്തിനുള്ളിലുള്ളവര്‍ക്കാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒരുമാസം 250 രൂപയാണ്‌ പെന്‍ഷനായി നല്‍കുന്നത്‌. വിവിധ കേന്ദ്രങ്ങളില്‍ രണ്‌ട്‌ മാസം കൂടുമ്പോള്‍ 500 രൂപ വീതമായിരിക്കും വിതരണം ചെയ്യുന്നത്‌. ഇതിന്‌ അര്‍ഹാരയവര്‍ പഞ്ചായത്തംഗത്തിന്റെയും വൈദികന്റെയും സാക്ഷ്യപത്രം സഹിതമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്‌ടത്‌. പിറവം, പെരുവ, പാമ്പാക്കുട, കോലഞ്ചേരി എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വിതരണ കേന്ദ്രങ്ങളുണ്‌ടാകും.

തുടക്കത്തില്‍ 100 പേര്‍ക്കാണ്‌ നല്‍കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതില്‍ കൂടുതല്‍ അപേക്ഷകള്‍ എത്തിക്കൊണ്‌ടിരിക്കുന്നതിനാല്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം നല്‍കുമെന്ന്‌ മെത്രാപ്പോലീത്ത അറിയിച്ചു. അശരണരായ വൃദ്ധര്‍ക്കായി കൂത്താട്ടുകുളത്ത്‌ പ്രതീക്ഷാ ഭവന്‍, നിര്‍ധനരായ രോഗികളെ പരിപാലിക്കുന്നതിനായി കടയിരുപ്പില്‍ പ്രശാന്തി ഭവന്‍, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി സൗത്ത്‌ പിറമാടത്ത്‌ പ്രത്യാശഭവന്‍, കുന്നയ്‌ക്കാലുള്ള സ്വയം തോഴില്‍ സംരഭമായ പ്രതിഭ ഭവന്‍, നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സസഹായ പദ്ധതിയായ കോലഞ്ചേരിയിലെ പ്രദാനവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക്‌ സൗജന്യമായി ഉച്ചഭക്ഷണമെത്തിക്കുന്ന മീമ്പാറയിലെ പ്രമോദം അന്നദാനം പദ്ധതി, മാനസിക രോഗികളെ പരിപാലിക്കുന്ന കാരിക്കോട്ടിലെ പ്രസന്നം എന്നിവ നിലവില്‍ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്‌.

 ഭദ്രാസനദിനാഘോഷം നാമക്കുഴിയില്‍


കണ്‌ടനാട്‌ വെസ്റ്റ്‌ ഭദ്രാസനദിനാഘോഷവും കുടുംബസംഗമവും നവംബര്‍ 13 ശനിയാഴ്ച മുളക്കുളം നാമക്കുഴി ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചടങ്ങില്‍ കാതോലിക്ക ബാവയ്‌ക്ക്‌ സ്വീകരണവും നല്‍കും.

ഇതോടനുബന്ധിച്ച്‌ നവംബര്‍ 12നു് വൈകുന്നേരം അഞ്ചിന്‌ കൊടിമരഘോഷയാത്ര മുളക്കുളം പള്ളിയില്‍ ജോസഫ്‌ മാര്‍ പക്കോമിയോസിന്റെ കബറിടത്തില്‍ നിന്നാരംഭിക്കും. നാളെ രാവിലെ ഒമ്പതിന്‌ എം.ജെ.ജേക്കബ്‌ എംഎല്‍എ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‌ കായികമത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം ജൂലി സാബുവും, കലാപരിപാടികള്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം ഗ്രേസി മാത്യുവും, ജനറല്‍ സ്‌റ്റോഴ്‌സ്‌ പിറവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ.ജേക്കബും, വിവിധ ഭക്ഷണശാലകള്‍ പഞ്ചായത്തംഗം അഡ്വ. കെ.എന്‍.ചന്ദ്രശേഖരനും, കൂപ്പണ്‍ വിതരണം പഞ്ചായത്തംഗം മോളി പീറ്ററും ഉദ്‌ഘാടനം ചെയ്യും.

ഇടവകകളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ സ്ഥാപിക്കുന്നുണ്‌ട്‌. ഇവിടെ നിന്നും ദൈനംദിന ഉപയോഗ വസ്‌തുക്കളും ഭക്ഷണസാധനങ്ങളും ലഭ്യമാകും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സഭയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ വിനിയോഗിക്കുന്നതെന്ന്‌ സഭ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കര്‍മേല്‍ക്കുന്ന്‌ പള്ളിയില്‍ നിന്നും കാതോലിക്ക ബാവയെ സ്വീകരിച്ചുകൊണ്‌ടുള്ള ഘോഷയാത്ര നടക്കും. നാലിന്‌ ഭദ്രാസനദിനാഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം കാതോലിക്ക ബാവ നിര്‍വഹിക്കും. ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിക്കും. വാര്‍ധക്യകാല പെന്‍ഷന്‍ വിതരണോദ്‌ഘാടനം സിനിമാനടന്‍ സലിംകുമാര്‍ നിര്‍വഹിക്കും.

പത്രസമ്മേളനത്തില്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഫാ.ജേക്കബ്‌ കുര്യന്‍, റവ.കുര്യാക്കോസ്‌ പോത്താറയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.സ്‌കറിയ പി.ചാക്കോ, ഫാ.റോബിന്‍ മര്‍ക്കോസ്‌, ഫാ.ജോസ്‌ തോമസ്‌, ഫാ.സി.എം.കുര്യാക്കോസ്‌, ഫാ.വര്‍ഗീസ്‌ എം.വര്‍ഗീസ്‌, ഫാ.ബാബു വര്‍ഗീസ്‌, സാജു മടക്കാലില്‍, ജോസി ഐസക്‌, പ്രിന്‍സ്‌ ഏലിയാസ്‌ എന്നിവര്‍ പങ്കെടുത്തു.

20101111

സഭാധ്യക്ഷന്മാരുടെ കടമ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കല്‍- പ. ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ ബാവ

.


പുതുപ്പള്ളി, നവംബര്‍ 6: പരസ്‌പര വിരുദ്ധങ്ങളായ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കുകയാണ് സഭാധ്യക്ഷന്മാരുടെ കടമയെന്ന് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ പാത്രിയര്‍‍ക്കീസ് ബാവ പറഞ്ഞു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി നേതൃത്വത്തില്‍ ബാവക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സഭ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കണം. വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പൗരസ്ത്യ അസ്സിറിയന്‍ സഭാധ്യക്ഷന്‍ ആര്‍‍ച്ച് ബിഷപ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സഭകള്‍ തമ്മിലുള്ള ബന്ധം വളരുന്നത് സഭക്കും സമൂഹത്തിനും നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ സഭയ്ക്കു് വളരെ പ്രതീക്ഷകളുണ്ടെന്നു് കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ദിശാബോധത്തോടെയുള്ള നേതൃത്വമാണു് സഭ പുതിയ കാതോലിക്കാ ബാവയില്‍ നിന്നു് പ്രതീക്ഷിക്കുന്നതു്. വിപണിയുടെ ആധിപത്യത്തില്‍ നിന്നു് ജനത്തെ വിമോചിപ്പിച്ചു് ദൈവരാജ്യത്തിനനുസൃതമായി ലോകത്തെ പരിവര്‍‍ത്തനപ്പെടുത്തുന്നതിനുള്ള നേതൃത്വം നല്കാന്‍ സഭ ബാദ്ധ്യസ്ഥമാണു് . കാലാകാലങ്ങളിലുണ്ടാകുന്ന ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ പ്രതികരണങ്ങള്‍ക്കു് വ്യതിയാനം സംഭവിക്കുന്നുണ്ടു്. കഷായത്തിന്റെ കുറിപ്പടിപോലെയുള്ള ഒന്നല്ല വിശ്വാസം.
ചുറ്റുപാടുകളോടു് ചേര്‍‍ന്നു് ഗൗരവമായിട്ടുള്ള വിശ്വാസ പ്രതികരണങ്ങള്‍‍ സഭയില്‍നിന്നുണ്ടാകുവാന്‍ പരിശുദ്ധ ബാവ നേതൃത്വം നല്കണം.

പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവയെ അനുസ്മരിപ്പിയ്ക്കുന്ന വിധം ദീര്‍ഘകാലം സഭാഭരണം നടത്താനും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ യുഗം തന്നെ സൃഷ്ടിയ്ക്കുവാനും പുതിയ കാതോലിക്കാ ബാവയ്ക്കു് കഴിയട്ടെ എന്നു് മെത്രാപ്പോലീത്ത ആശംസിച്ചു.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഗോലോകാനന്ദജി, പ്രതിപക്ഷ നേതാവും മുന്‍ മഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, ജോസ്.കെ.മാണി എം.പി, ജില്ലാ കലക്ടര്‍ മിനി ആന്റണി, ജോസഫ് എം. പുതുശേരി എം.എല്‍.എ തുടങ്ങിയവരും ആശംസയര്‍‍പ്പിച്ച് സംസാരിച്ചു


സ്നേഹം സാഗരമായി, പരിശുദ്ധ ബാവായ്ക്ക് ഊഷ്മള വരവേല്‍പ്
(മലയാള മനോരമ)
പുതുപ്പള്ളി: വിശ്വാസികള്‍ സ്നേഹംകൊണ്ട് സാഗരം തീര്‍ത്തു. ആത്മീയ ചൈതന്യം നിറഞ്ഞു കവിഞ്ഞ സന്ധ്യയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക്പുതുപ്പള്ളി പള്ളിയില്‍ ഹൃദ്യമായ എതിരേല്‍പ്പാണു് ലഭിച്ചതു്. ദേവലോകം കാതോലിക്കാസന അരമനയില്‍നിന്നു് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് പരിശുദ്ധ ബാവായെ പുതുപ്പള്ളിയിലേക്ക് ആനയിച്ചത്. കാതോലിക്കോസ് പതാകയുമായി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയായിരുന്നു. അംശവടിയേന്തിയ വൈദികരായിരുന്നു മുന്‍പില്‍.

ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും അകമ്പടിയേകി. മുണ്ടകപ്പാടം മന്ദിരങ്ങളുടെ നേതൃത്വത്തില്‍ മാങ്ങാനത്ത് പരിശുദ്ധ കാതോലിക്കാബാവായെ സ്വീകരിച്ചു. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയില്‍ കോട്ടയം ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ബാവായെ സ്വീകരിച്ചു. വിവിധ സംഘടനകള്‍ പുഷ്പമാലയണിയിച്ചാണ് ബാവായെ സ്വീകരിച്ചത്. തുടര്‍ന്ന് ഹംസരഥത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെയുംവാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ബാവായെ പള്ളിയിലേക്ക് ആനയിച്ചു.

ഹംസരഥത്തില്‍ എഴുന്നള്ളിയ പരിശുദ്ധ ബാവായെ കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു.നിലവിളക്കുകള്‍ തെളിച്ചാണ് വീഥികള്‍ക്കിരുവശവും ഘോഷയാത്രയെ വരവേറ്റത്. ബാന്‍ഡ് മേളം, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍, ചെണ്ടമേളം, ഗായക സംഘങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. ജംക്ഷനിലെത്തിയ
ബാവായെ ആര്‍പ്പു വിളികളോടെയാണ് വിശ്വാസികള്‍ കുരിശിന്‍ തൊട്ടിയിലേക്ക് ആനയിച്ചത്. സമീപത്തെ ദേവാലയങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു. പുതുപ്പള്ളിപള്ളിയുടെ പ്രവേശന കവാടം മുതല്‍ പള്ളിമുറ്റം വരെ വിശ്വാസികള്‍ ഇരുവശവും തിങ്ങിനിറഞ്ഞു നിന്നാണ് വരവേല്‍പ്പ് ഒരുക്കിയത്. ജയ് ജയ് കാതോലിക്കോസ് വിളികളായിരുന്നു എങ്ങും.

ആചാരവെടികള്‍ മുഴക്കിയും ദേവാലയ മണികളുടെ നാദം പൊഴിച്ചുമാണ് പള്ളിയിലേക്ക് ബാവായെ സ്വീകരിച്ചത്. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയിലും പള്ളിയിലും പ്രാര്‍ഥനയും നടന്നു. പരിശുദ്ധകാതോലിക്കാ ബാവാ നേരത്തെ നിയുക്ത കാതോലിക്കാസ്ഥാനത്തേക്ക് ഉയര്‍ത്തിയ ദിനം തന്നെയായിരുന്നു പുതുപ്പള്ളി പള്ളിയെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ ഉയര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

ഫോട്ടോകള്‍ക്കു് കടപ്പാടു് എം ടി വിയോട്

20101109

ഓര്‍ത്തഡോക്‌സ് സഭയ്ക്കു് ഔദ്യോഗിക രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്തുന്ന ശൈലിയില്ല: പൗരസ്ത്യ ബാവ

കോട്ടയം, 2010 നവം 9: ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയ്ക്ക് ഔദ്യോഗിക രാഷ്ട്രീയ കാഴ്ചപ്പാട് പ്രഖ്യാപിയ്ക്കുന്ന ശൈലിയില്ലെന്ന് പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ വ്യക്തമാക്കി. സഭയ്ക്ക് ഹിതകരമായ നിലയില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഔദ്യോഗികമായ രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്താറില്ല.

സമൂഹത്തിന് നന്മചെയ്യുന്ന ഏത് രാഷ്ട്രീയതീരുമാനത്തെയും സ്വാഗതം ചെയ്യും. സഭയ്ക്ക് ദോഷകരമാകുന്ന വിധത്തില്‍ പരസ്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായാല്‍ സഭാ വിശ്വാസികള്‍ സ്വയം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേവലോകം അരമനയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ ഒരു ഇടവകയുടെ മേലും സഭാതീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നേതൃത്വത്തിന് അധികാരമില്ല. മറിച്ച് ഇടവകയ്ക്കുമില്ല. അര്‍ദ്ധ ജനാധിപത്യ പ്രക്രിയയാണുള്ളത്. സഭയുടെ ഭരണ നിര്‍വ്വഹണ സമിതികളില്‍ വനിതാ പങ്കാളിത്തം വരുത്തുന്നതിന്റെ ഭാഗമായി സഭയുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പള്ളി പൊതുയോഗങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശമോ മാനേജിംഗ് കമ്മറ്റിയിലേക്ക് മത്സരിക്കുവാനോ അനുവാദമില്ല. മാറിമാറിവരുന്ന സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്ത് സഭാനടപടികളില്‍ വനിതകളുടെ സാന്നിധ്യവും കൂടി ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനിതാ പങ്കാളിത്തത്തെക്കുറിച്ചുള്ള ബാവയുടെ തീരുമാനം നടപ്പാക്കപ്പെട്ടാല്‍ ഇടവകകളിലെ മാനേജിംഗ് കമ്മറ്റികളില്‍ തുടങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാര സമിതിയായ മലങ്കര അസോസിയേഷനില്‍ വരെ വനിതാ പ്രാതിനിധ്യം കൈവരും.

കുടുംബബന്ധങ്ങള്‍ തകരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ബാവ സഭയിലെ യുവതലമുറയെ ആദ്ധ്യാത്മിക ചൈതന്യത്തോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ പരിശ്രമിക്കുമെന്നും പറഞ്ഞു.

സഭകള്‍ തമ്മില്‍ സമാധാനം ഉണ്ടായി കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ നോക്കുമ്പോള്‍ ചര്‍ച്ചകളും, മധ്യസ്ഥതകളും വിജയപ്രദമാവുന്നത് സംശയകരമാണ്. മധ്യസ്ഥത വന്നാല്‍ ഇരു വിഭാഗങ്ങളും പാലിക്കാന്‍ തയ്യാറാകണം. തീവ്രമായി ചിന്തിക്കുന്നവരില്‍ ഈ പക്ഷത്തുമുണ്ട്. അതുകൊണ്ടു തന്നെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുവാന്‍ പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതിന് ധൈര്യക്കുറവുണ്ടെന്നും കാതോലിക്കാബാവ പറഞ്ഞു.

20101101

വലിയ ബാവ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍

കോട്ടയം: സ്‌ഥാനമൊഴിഞ്ഞ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ ഇനി ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവ എന്നറിയപ്പെടും. ഒക്ടോ. 30നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍‍ സുന്നഹദോസാണ്‌ ദിദിമോസ്‌ ബാവായെ വലിയ ബാവ എന്നു വിളിയ്ക്കാന്‍ തീരുമാനിച്ചത്‌.

'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.

സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.

കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.

പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ ബാവയാണ്‌.

കടപ്പാടു് മംഗളം

115-ആം പൗരസ്ത്യ കാതോലിക്കോസായി ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ അവരോധിതനായി




പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ സ്‌ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നു് ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയും ആയി നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ വാഴിച്ചു. സ്ഥാനമൊഴിഞ്ഞ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റുമെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും ആയി നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ചാണു് സ്ഥാനാരോഹണച്ചടങ്ങു് നടന്നതു്. തോമാ ശ്ലീഹാതൊട്ടുള്ള 115-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്‍ മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌ 64 വയസുകാരനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ.


സ്ഥാനാരോഹണ ചടങ്ങില്‍ സഭയിലെ ഇരുപത്തഞ്ചോളം മെത്രാപ്പോലീത്താമാരും നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും പതിനായിരത്തിലധികം വിശ്വാസി സമൂഹവും സാക്ഷ്യം വഹിച്ചു. രാവിലെ ആറരയ്ക്ക് അഭിവന്ദ്യ തിരുമേനിമാരെ പള്ളി മേടയില്‍ നിന്ന് പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രഭാത നമസ്കാറാം ആരംഭിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി പരിശുദ്ധ പൌലോസ് ദ്വിതീയനെ അവരോധിച്ച പ്രഖ്യാപനം വായിച്ചപ്പോള്‍ പള്ളി മണികള്‍ ഉച്ചത്തില്‍ മുഴങ്ങി. നാലര മണിക്കൂറുകള്‍ നിന്ന ശുശ്രൂഷകള്‍ പതിനൊന്നു് മണിയോടെയാണു് അവസാനിച്ചതു്‌. കാതോലിക്കയായി സ്ഥാനമേറ്റ പരിശുദ്ധ പൌലോസ് ദ്വിതീയന്‍ ബാവയെ സ്ഥാനമൊഴിഞ്ഞ വലിയ ബാവ ഹാരമണിയിച്ചു.

തുടര്‍ന്ന് സഭയുടെ മെത്രാപ്പോലീത്താമാരും വൈദിക - അല്‍മായ ട്രെസ്റ്റിയും ഹാരമണിയിച്ചു. പുതിയ ഇടയനു ആശംസകള്‍ നേര്‍ന്നു. ബിഷപ്‌ മാര്‍ പൌവത്തില്‍, മര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, കേരള സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് തുടങ്ങി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക രംഗങ്ങളില്‍ നിന്നായി അനേകം പേര്‍ പുതിയ കാതോലിക്ക ബാവയ്ക്ക് ആശംസകള്‍ നേരുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നിരുന്നു.

115ആം പൗരസ്ത്യ കാതോലിക്കോസ്

ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ 115ആം പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ 21ആം മലങ്കര മെത്രാപ്പൊലീത്തയും ആയി സ്ഥാനമേറ്റ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റേയും കുഞ്ഞിട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനിച്ചത്. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുംവൈദിക പഠനം പൂര്‍ത്തിയാക്കി. 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു. 1982-ല്‍ എപ്പിസ്‌കോപ്പയായി. 1985-ല്‍ മെത്രാപ്പൊലീത്തയും കുന്നംകുളം ഭദ്രാസനാധിപനുമായി. 2006 ഒക്‌ടോബര്‍ 12-ആം തീയതിയാണ് നിയുക്ത പൗരസ്ത്യ കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടത്.

ദൈവനിയോഗം

2010 ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനമറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു്, ദൈവനിയോഗമാണ്‌ ഈ സ്‌ഥാനലബ്‌ധിയെന്നും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്‌ക്കായി ഈ അവസരം വിനിയോഗിക്കുമെന്നും ആയിരുന്നു. കുടുംബജീവിതങ്ങള്‍ ഭദ്രമാക്കാനുള്ള പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുകയെന്ന്‌ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആത്മീയത നഷ്‌ടപ്പെടുന്നതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ആധ്യാത്മീയതയിലൂടെ സഭാമക്കളെ ഉയര്‍ത്തിക്കൊണ്ടു വരുവാനും ഇതുവഴി എല്ലാ മേലയിലും ഉയര്‍ച്ചയുണ്ടാകുവാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി വയ്‌ക്കും.എല്ലാ സഭകളെയും യോജിപ്പിച്ചു കൊണ്ടുപോകാനും എക്യുമെനിക്കല്‍ പ്രസ്‌ഥാനത്തിന്‌ കൂടുതല്‍ ശക്‌തി പകരാനും ശ്രമിയ്ക്കും. ജീവകാരുണ്യ മേലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സമൂഹത്തിന്റെ വിവിധ മേലകളില്‍ പിന്തള്ളപ്പെട്ടവര്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.