20101127

കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ

പാമ്പാക്കുട, നവം 27: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സുറിയാനി പണ്ഡിതനും അതുല്യ പ്രതിഭയുമായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ (1860-1927).

പാമ്പാക്കുട കോനാട്ട് കോര, അന്നം ദമ്പതി കളുടെ നാലാമത്തെ പുത്രനായി 1860 മീനം 17 ന് ജനിച്ച ഇദ്ദേഹത്തിന് 1871 ഒക്‌ടോബര്‍ 29 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്ത കോറൂയോ സ്ഥാനം നല്കി. കോനാട്ട് ഗീവര്‍ഗീസ് മല്‍പ്പാന്‍ (പിന്നീട് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത), ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാന്‍ (വിശുദ്ധ പരുമല തിരുമേനി) എന്നിവരുടെ കീഴില്‍ വൈദികപഠനവും സുറിയാനി പഠനവും നടത്തി. 1883 നവംബര്‍ 25 ന് പുലിക്കോട്ടില്‍ മോര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്തായില്‍ നിന്നു കശീശ്ശസ്ഥാനം സ്വീകരിച്ചു. വൈദിക പാരമ്പര്യമുളള കോനാട്ട് കുടുംബത്തിലെ 21 -ആം വൈദികനായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ.

വടക്കന്‍ പറവൂര്‍ ചെട്ടിപ്പീടികയില്‍ യോഹന്നാന്റെ മകള്‍ എലിശുബാ യായിരുന്നു സഹധര്‍മ്മിണി. മക്കള്‍ 6 പെണ്‍മക്കളും ഒരു മകനും. ഈ മകനാണ് പിന്നീട് മലങ്കര മല്‍പാനായ അബ്രഹാം കശീശ്ശ.

1890 ല്‍ തന്റെ മുന്‍ഗാമിയായിരുന്ന കോനാട്ട് യൂഹാനോന്‍ മല്‍പ്പാന്‍ അന്തരിച്ചതിന്റെ 40-ആം ദിവസം മലങ്കര മെത്രാപ്പോലിത്ത പുലിക്കോട്ടില്‍ മാര്‍ ദീവന്നാസി യോസ് മെത്രാപ്പോലിത്ത മലങ്കര മല്‍പ്പാന്‍ സ്ഥാനം നല്കി. പാമ്പാക്കുട ഗുരുകുലത്തിലും കോട്ടയം പഴയസെമിനാരി യിലും വൈദികരെ അഭ്യസിപ്പിച്ചു.

1891 ല്‍ അങ്കമാലി ഭദ്രാസന ത്തിന്റെ വികാരി ജനറാള്‍ ആയി കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു.

സഭാ പുരോഗതിക്കായി ”മലബാര്‍ ത്രീസ്സാസ് ശുബഹോ സമൂഹം” എന്ന മലങ്കര സഭയിലെ ആദ്യത്തെ അദ്ധ്യത്മിക പ്രസ്ഥാനം സ്ഥാപിച്ചു. സഭാ പ്രസിദ്ധീകരണങ്ങള്‍, പൊതു വിദ്യാഭ്യാസം, മത വിദ്യാഭ്യാസം, സുവിശേഷവേല തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹം ചെയ്തു.

മലങ്കര സഭയിലെ ആരാധനകളുടെ ഏകീകരണവും നടപടിക്രമങ്ങളും ക്രമീകരിച്ച മഹത് വ്യക്തിയായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ. സുറിയാനി പുസ്തകങ്ങളുടെ അച്ചടിയില്‍ നല്കിയ നേതൃത്വം, പാമ്പാക്കുട ഗ്രന്ഥശേഖരം, നടപടി ക്രമത്തിന് അന്തിമരൂപം നല്കിയതില്‍ വഹിച്ച പങ്ക്, വേദപുസ്തക വിവര്‍ത്തനം, വൈദിക വിദ്യാഭ്യാസത്തിന് നല്കിയ സേവനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനങ്ങളാണ്.

പാമ്പാക്കുട നമസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന പ്രാര്‍ത്ഥനക്രമം ഉള്‍പ്പെടെ അനേകം സുറിയാനി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തതു് കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പയായിരുന്നു. സുറിയാനി ഭാഷയിലുളള ഗ്രന്ഥങ്ങളും ആരാധനാപൈതൃകവും സഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സുറിയാനി യില്‍ സീമാസ് ഹായേ, മലയാളത്തില്‍ ജീവനിക്ഷേപം എന്നി മാസികകള്‍ പ്രസിദ്ധീകരിച്ചു. വി. കുര്‍ബ്ബാന ക്രമം, വി. ദൈവമാതാവിന്റെ ചരിത്രം, വി. മത്തായി ശ്ലീഹ എഴുതിയ ഏവന്‍ഗേലിയോന്റെ മൂന്നു വാല്യങ്ങള്‍ എന്നിവ സുറിയാനിയില്‍ നിന്ന് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. മലങ്കര ഇടവക പത്രികയിലെ അനേകം ലേഖനങ്ങളും കുറിപ്പുകളും, ആരാധനയുടെ വ്യാഖ്യാനം, മാര്‍ ഗീവര്‍ഗീസ് സഹദായുടെ ചരിത്രം തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. വെളിപാട് ഒഴികെയുളള പുതിയ നിയമ പുസ്തകങ്ങള്‍ സുറിയാനിയില്‍ നിന്നും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1892 മാര്‍ച്ച് 31 ന് കോനാട്ട് മാത്തന്‍ മല്‍പ്പാന്‍ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെ വൈദിക ട്രസ്റ്റിയായി തുടര്‍‍ന്നു. 1926 ചിങ്ങം (ഓഗസ്റ്റ്) 16 ന് അന്ത്യോക്യായുടെ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക കല്പനപ്രകാരം മാര്‍ അത്താനാസിയോസ്, മാര്‍ ഒസ്താത്തിയോസ്, മാര്‍ യൂലിയോസ് തുടങ്ങിയ മെത്രാച്ചന്‍മാര്‍ പല പട്ടക്കാരുടെയും സഹകരണത്തോടെ കരിങ്ങാച്ചിറ പളളിയില്‍ വെച്ച് കോര്‍എപ്പിസ്‌കോപ്പ സ്ഥാനവും പ. അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവ സമ്മാനമായി അയച്ചുകൊടുത്ത കുരിശും മാലയും നല്കി. അക്കാലത്ത് ഇത് ഒര പൂര്‍വ്വ സംഭവമായിരുന്നു. ചില പ്രത്യേക അവകാശങ്ങളും ചിഹ്നവും മാത്തന്‍ മല്‍പ്പാന് നല്കിയിരുന്നു. മേല്‍പ്പട്ടക്കാരുടേതിന് അനുരൂപമായ ഒരു മുടിയും വൈദികര്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മേല്‍പ്പട്ടക്കാര്‍ സന്നിഹിതരാണെങ്കില്‍ അനുവര്‍ത്തിക്കാനുളള കര്‍മ്മ ങ്ങളെല്ലാം അതുപോലെ നിര്‍വ്വഹിക്കാനുളള അനുവാദവും നല്‍കിയതിനു് പുറമേ കുക്കിലിയോന്‍ ചെല്ലുമ്പോള്‍ വടി ഉപയോഗിക്കാനും , കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വ്വഹിക്കുവാനുമുള്ള അവകാശങ്ങള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്കു് ഉണ്ടായിരുന്നു.

1912-ല്‍ സഭയില്‍ കക്ഷിവഴക്കുണ്ടായപ്പോള്‍‍ അബ്ദുളളാപാത്രിയര്‍ക്കീസ് കക്ഷിയ്ക്കു് നേതൃത്വം നല്കിയതു് വൈദിക ട്രസ്റ്റി കോനാട്ട് മാത്തന്‍ മല്‍പ്പാനും അത്മായ ട്രസ്റ്റി രാജശ്രീ സി.ജെ. കുര്യന്‍ അക്കരയും ആയിരുന്നു. കക്ഷിവഴക്കു് സഭയെ പിളര്‍‍ത്തുമെന്നു് കണ്ടപ്പോള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ അവസാനകാലത്തു് അതില്‍ ഖേദിയ്ക്കുകയും കക്ഷിവഴക്കു് അവസാനിപ്പിയ്ക്കുവാനുള്ള ശ്രമങ്ങള്‍‍ നടത്തുകയും ചെയ്തു.

1927 നവംബര്‍ 8-ന് കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി, പാമ്പാക്കുട വലിയ പളളിയില്‍ കബറടക്കപ്പെട്ടു.

മാത്തന്‍ മല്‍പ്പാന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനായിരുന്നു പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍‍ ബാവ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.