20101101

115-ആം പൗരസ്ത്യ കാതോലിക്കോസായി ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ അവരോധിതനായി




പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ സ്‌ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നു് ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയും ആയി നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ വാഴിച്ചു. സ്ഥാനമൊഴിഞ്ഞ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റുമെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും ആയി നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ചാണു് സ്ഥാനാരോഹണച്ചടങ്ങു് നടന്നതു്. തോമാ ശ്ലീഹാതൊട്ടുള്ള 115-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്‍ മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌ 64 വയസുകാരനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ.


സ്ഥാനാരോഹണ ചടങ്ങില്‍ സഭയിലെ ഇരുപത്തഞ്ചോളം മെത്രാപ്പോലീത്താമാരും നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും പതിനായിരത്തിലധികം വിശ്വാസി സമൂഹവും സാക്ഷ്യം വഹിച്ചു. രാവിലെ ആറരയ്ക്ക് അഭിവന്ദ്യ തിരുമേനിമാരെ പള്ളി മേടയില്‍ നിന്ന് പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രഭാത നമസ്കാറാം ആരംഭിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി പരിശുദ്ധ പൌലോസ് ദ്വിതീയനെ അവരോധിച്ച പ്രഖ്യാപനം വായിച്ചപ്പോള്‍ പള്ളി മണികള്‍ ഉച്ചത്തില്‍ മുഴങ്ങി. നാലര മണിക്കൂറുകള്‍ നിന്ന ശുശ്രൂഷകള്‍ പതിനൊന്നു് മണിയോടെയാണു് അവസാനിച്ചതു്‌. കാതോലിക്കയായി സ്ഥാനമേറ്റ പരിശുദ്ധ പൌലോസ് ദ്വിതീയന്‍ ബാവയെ സ്ഥാനമൊഴിഞ്ഞ വലിയ ബാവ ഹാരമണിയിച്ചു.

തുടര്‍ന്ന് സഭയുടെ മെത്രാപ്പോലീത്താമാരും വൈദിക - അല്‍മായ ട്രെസ്റ്റിയും ഹാരമണിയിച്ചു. പുതിയ ഇടയനു ആശംസകള്‍ നേര്‍ന്നു. ബിഷപ്‌ മാര്‍ പൌവത്തില്‍, മര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, കേരള സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് തുടങ്ങി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക രംഗങ്ങളില്‍ നിന്നായി അനേകം പേര്‍ പുതിയ കാതോലിക്ക ബാവയ്ക്ക് ആശംസകള്‍ നേരുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നിരുന്നു.

115ആം പൗരസ്ത്യ കാതോലിക്കോസ്

ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ 115ആം പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ 21ആം മലങ്കര മെത്രാപ്പൊലീത്തയും ആയി സ്ഥാനമേറ്റ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റേയും കുഞ്ഞിട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനിച്ചത്. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുംവൈദിക പഠനം പൂര്‍ത്തിയാക്കി. 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു. 1982-ല്‍ എപ്പിസ്‌കോപ്പയായി. 1985-ല്‍ മെത്രാപ്പൊലീത്തയും കുന്നംകുളം ഭദ്രാസനാധിപനുമായി. 2006 ഒക്‌ടോബര്‍ 12-ആം തീയതിയാണ് നിയുക്ത പൗരസ്ത്യ കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടത്.

ദൈവനിയോഗം

2010 ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനമറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു്, ദൈവനിയോഗമാണ്‌ ഈ സ്‌ഥാനലബ്‌ധിയെന്നും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്‌ക്കായി ഈ അവസരം വിനിയോഗിക്കുമെന്നും ആയിരുന്നു. കുടുംബജീവിതങ്ങള്‍ ഭദ്രമാക്കാനുള്ള പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുകയെന്ന്‌ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആത്മീയത നഷ്‌ടപ്പെടുന്നതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ആധ്യാത്മീയതയിലൂടെ സഭാമക്കളെ ഉയര്‍ത്തിക്കൊണ്ടു വരുവാനും ഇതുവഴി എല്ലാ മേലയിലും ഉയര്‍ച്ചയുണ്ടാകുവാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി വയ്‌ക്കും.എല്ലാ സഭകളെയും യോജിപ്പിച്ചു കൊണ്ടുപോകാനും എക്യുമെനിക്കല്‍ പ്രസ്‌ഥാനത്തിന്‌ കൂടുതല്‍ ശക്‌തി പകരാനും ശ്രമിയ്ക്കും. ജീവകാരുണ്യ മേലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സമൂഹത്തിന്റെ വിവിധ മേലകളില്‍ പിന്തള്ളപ്പെട്ടവര്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.