20101112

ഓര്‍ത്തഡോക്‌സ്‌ സഭ തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും

പിറവം, നവംബര്‍ 11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനം അസംഘടിതരായ തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. `പ്രപാലനം' എന്ന്‌ പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം നവംബര്‍ 13 നു് നാമക്കുഴി ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഭദ്രാസന ദിനാഘോഷം, കുടുംബസംഗമം എന്നിവയോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ നടക്കും.

പെന്‍ഷന്‍ പദ്ധതി 60 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്കാണ്‌ നടപ്പാക്കുന്നത്‌. സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന അര്‍ഹരായ നാനാജാതി മതസ്ഥര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കുമെന്ന്‌ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായാണ്‌ ഭദ്രാസനം വ്യാപിച്ചുകിടക്കുന്നത്‌.

ഭദ്രാസനത്തിനുള്ളിലുള്ളവര്‍ക്കാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒരുമാസം 250 രൂപയാണ്‌ പെന്‍ഷനായി നല്‍കുന്നത്‌. വിവിധ കേന്ദ്രങ്ങളില്‍ രണ്‌ട്‌ മാസം കൂടുമ്പോള്‍ 500 രൂപ വീതമായിരിക്കും വിതരണം ചെയ്യുന്നത്‌. ഇതിന്‌ അര്‍ഹാരയവര്‍ പഞ്ചായത്തംഗത്തിന്റെയും വൈദികന്റെയും സാക്ഷ്യപത്രം സഹിതമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്‌ടത്‌. പിറവം, പെരുവ, പാമ്പാക്കുട, കോലഞ്ചേരി എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വിതരണ കേന്ദ്രങ്ങളുണ്‌ടാകും.

തുടക്കത്തില്‍ 100 പേര്‍ക്കാണ്‌ നല്‍കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതില്‍ കൂടുതല്‍ അപേക്ഷകള്‍ എത്തിക്കൊണ്‌ടിരിക്കുന്നതിനാല്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം നല്‍കുമെന്ന്‌ മെത്രാപ്പോലീത്ത അറിയിച്ചു. അശരണരായ വൃദ്ധര്‍ക്കായി കൂത്താട്ടുകുളത്ത്‌ പ്രതീക്ഷാ ഭവന്‍, നിര്‍ധനരായ രോഗികളെ പരിപാലിക്കുന്നതിനായി കടയിരുപ്പില്‍ പ്രശാന്തി ഭവന്‍, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി സൗത്ത്‌ പിറമാടത്ത്‌ പ്രത്യാശഭവന്‍, കുന്നയ്‌ക്കാലുള്ള സ്വയം തോഴില്‍ സംരഭമായ പ്രതിഭ ഭവന്‍, നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സസഹായ പദ്ധതിയായ കോലഞ്ചേരിയിലെ പ്രദാനവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക്‌ സൗജന്യമായി ഉച്ചഭക്ഷണമെത്തിക്കുന്ന മീമ്പാറയിലെ പ്രമോദം അന്നദാനം പദ്ധതി, മാനസിക രോഗികളെ പരിപാലിക്കുന്ന കാരിക്കോട്ടിലെ പ്രസന്നം എന്നിവ നിലവില്‍ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്‌.

 ഭദ്രാസനദിനാഘോഷം നാമക്കുഴിയില്‍


കണ്‌ടനാട്‌ വെസ്റ്റ്‌ ഭദ്രാസനദിനാഘോഷവും കുടുംബസംഗമവും നവംബര്‍ 13 ശനിയാഴ്ച മുളക്കുളം നാമക്കുഴി ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചടങ്ങില്‍ കാതോലിക്ക ബാവയ്‌ക്ക്‌ സ്വീകരണവും നല്‍കും.

ഇതോടനുബന്ധിച്ച്‌ നവംബര്‍ 12നു് വൈകുന്നേരം അഞ്ചിന്‌ കൊടിമരഘോഷയാത്ര മുളക്കുളം പള്ളിയില്‍ ജോസഫ്‌ മാര്‍ പക്കോമിയോസിന്റെ കബറിടത്തില്‍ നിന്നാരംഭിക്കും. നാളെ രാവിലെ ഒമ്പതിന്‌ എം.ജെ.ജേക്കബ്‌ എംഎല്‍എ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‌ കായികമത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം ജൂലി സാബുവും, കലാപരിപാടികള്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം ഗ്രേസി മാത്യുവും, ജനറല്‍ സ്‌റ്റോഴ്‌സ്‌ പിറവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ.ജേക്കബും, വിവിധ ഭക്ഷണശാലകള്‍ പഞ്ചായത്തംഗം അഡ്വ. കെ.എന്‍.ചന്ദ്രശേഖരനും, കൂപ്പണ്‍ വിതരണം പഞ്ചായത്തംഗം മോളി പീറ്ററും ഉദ്‌ഘാടനം ചെയ്യും.

ഇടവകകളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ സ്ഥാപിക്കുന്നുണ്‌ട്‌. ഇവിടെ നിന്നും ദൈനംദിന ഉപയോഗ വസ്‌തുക്കളും ഭക്ഷണസാധനങ്ങളും ലഭ്യമാകും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സഭയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ വിനിയോഗിക്കുന്നതെന്ന്‌ സഭ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കര്‍മേല്‍ക്കുന്ന്‌ പള്ളിയില്‍ നിന്നും കാതോലിക്ക ബാവയെ സ്വീകരിച്ചുകൊണ്‌ടുള്ള ഘോഷയാത്ര നടക്കും. നാലിന്‌ ഭദ്രാസനദിനാഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം കാതോലിക്ക ബാവ നിര്‍വഹിക്കും. ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിക്കും. വാര്‍ധക്യകാല പെന്‍ഷന്‍ വിതരണോദ്‌ഘാടനം സിനിമാനടന്‍ സലിംകുമാര്‍ നിര്‍വഹിക്കും.

പത്രസമ്മേളനത്തില്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഫാ.ജേക്കബ്‌ കുര്യന്‍, റവ.കുര്യാക്കോസ്‌ പോത്താറയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.സ്‌കറിയ പി.ചാക്കോ, ഫാ.റോബിന്‍ മര്‍ക്കോസ്‌, ഫാ.ജോസ്‌ തോമസ്‌, ഫാ.സി.എം.കുര്യാക്കോസ്‌, ഫാ.വര്‍ഗീസ്‌ എം.വര്‍ഗീസ്‌, ഫാ.ബാബു വര്‍ഗീസ്‌, സാജു മടക്കാലില്‍, ജോസി ഐസക്‌, പ്രിന്‍സ്‌ ഏലിയാസ്‌ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.