നവം25-ലെ മലയാള മനോരമ റിപ്പോര്‍ട്ട് ചുവടെ:-
സഭാതര്‍ക്കം: മധ്യസ്‌ഥ പരിഹാര സാധ്യത തേടണമെന്നു ഹൈക്കോടതിസ്വന്തം ലേഖകന്‍
കൊച്ചി: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം മധ്യസ്‌ഥതയിലൂടെ പരിഹരിക്കുന്നതിന്റെ സാധ്യത തേടണമെന്നു് ഹൈക്കോടതി. ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ കേസുകള്‍ ഒത്തു തീര്‍ക്കാനാകുമോ എന്ന് ഇരുഭാഗം അഭിഭാഷകരും കക്ഷികളുമായി കൂടിയാലോചിച്ചശേഷം അറിയിക്കണം. യോജിച്ചു പോകാനാവുന്നില്ലെങ്കില്‍, രമ്യതയില്‍ കണക്കുകള്‍ തീര്‍ത്തു പിരിയാനുള്ള സാധ്യതയും ആരായാവുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു.
തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നു കോടതികള്‍ പല തവണ താല്‍പര്യപ്പെട്ടിട്ടും പ്രശ്‌നം തീരുന്നില്ല. 1890 ല്‍ തുടങ്ങി, 2001ലെ പി.എം.എ. മെത്രാപ്പൊലീത്തന്‍ കേസിലെ സുപ്രീം കോടതി വിധിതീര്‍പ്പുവരെ ഉണ്ടായിട്ടും തര്‍ക്കം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഉത്തരവനുസരിച്ചു പള്ളിക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകൃതമായ എറണാകുളം ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയില്‍ എഴുപതോളം കേസുകള്‍ നിലവിലുണ്ട്.
ബദല്‍ മാര്‍ഗം തേടുന്ന കാര്യം കക്ഷികളുടെ തീരുമാനത്തിനു വിടുകയാണെന്നു കോടതി പറഞ്ഞു.ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണു ജസ്‌റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ് പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എറണാകുളം ജില്ലാക്കോടതിയില്‍ സമര്‍പ്പിച്ച അന്യായം നിലനില്‍ക്കില്ലെന്നു കണ്ടു തള്ളിയതിനെതിരെ തിരുമാറാടി സ്വദേശി പി.സി. ജോയ് തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലാണു കോടതി പരിഗണിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അല്‍മായര്‍ക്കിടയിലും ഓര്‍ത്തഡോക്‌സ്, യാക്കോബായ വേര്‍തിരിവുണ്ടായെന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്‌തമാകും.
സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികളുടെ വിധികളിലും ഉന്നയിക്കപ്പെട്ട വാദങ്ങളിലും ഇതിന്റെ സൂചനയുണ്ട്. ക്രിസ്‌തുവിന്റെയോ കുരിശിന്റെയോ പ്രാധാന്യത്തെച്ചൊല്ലി ക്രിസ്‌ത്യാനികള്‍ക്കിടയില്‍ പുരോഹിതര്‍ക്കോ അല്‍മായര്‍ക്കോ തര്‍ക്കമില്ല.- കോടതി പറഞ്ഞു. ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കാനാകുമോ എന്നും, ചേര്‍ന്നു പോകാനാവില്ലെങ്കില്‍ പിരിയാനാകുമോ എന്നും അഭിഭാഷകര്‍ കക്ഷികളുമായി ആലോചിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു് വേണ്ടി അഭിഭാഷകരായ പി. ചിദംബരേഷ്, എന്‍.സി. സെന്‍, കെ.ജെ. കുര്യാച്ചന്‍ എന്നിവരും മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയ്ക്കു വേണ്ടി എസ്. ശ്രീകുമാറും ഹാജരായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.