20101101

വലിയ ബാവ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍

കോട്ടയം: സ്‌ഥാനമൊഴിഞ്ഞ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ ഇനി ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവ എന്നറിയപ്പെടും. ഒക്ടോ. 30നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍‍ സുന്നഹദോസാണ്‌ ദിദിമോസ്‌ ബാവായെ വലിയ ബാവ എന്നു വിളിയ്ക്കാന്‍ തീരുമാനിച്ചത്‌.

'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.

സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.

കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.

പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ ബാവയാണ്‌.

കടപ്പാടു് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.