20101030

പ. ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ സ്‌ഥാനത്യാഗം ചെയ്യുന്നു

ദേവലോകം, ഒക്ടോ. 29 : പൗരസ്ത്യ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ പ്രായാധിക്യം കണക്കിലെടുത്തു് സ്‌ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു. 90-ആം വയസ്സിലേയ്ക്കു് കടക്കുന്ന ദിദിമോസ്‌ പ്രഥമന്‍ ബാവാ പരുമലയില്‍ നവതി ആഘോഷിച്ചശേഷം കോട്ടയം ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ നടന്ന സുന്നഹദോസ്‌ യോഗത്തിലാണ്‌ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചത്‌.

ബാവായുടെ സ്‌ഥാനത്യാഗം സംബന്ധിച്ചും പിന്‍ഗാമിയെ നിശ്‌ചയിക്കുന്നതു് സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന്‌ ഒക്‌ടോബര്‍ 30നു് വൈകുന്നേരം മൂന്നിനു വീണ്ടും യോഗം ചേരാന്‍ ഒക്ടോ. 29 വൈകുന്നേരം ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ ചേര്‍ന്ന അടിയന്തര സുന്നഹദോസ്‌ യോഗം തീരുമാനിച്ചു.

സ്‌ഥാനമൊഴിയുന്ന ദിദിമോസ്‌ ബാവാ പൗരസ്‌ത്യദേശത്തെ 114-ാമത്‌ കാതോലിക്കായും 20-ാമത്‌ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌. സഭാ പരമാധ്യക്ഷസ്‌ഥാനത്ത്‌ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയശേഷമാണ്‌ ബാവാ സ്‌ഥാനമൊഴിയുന്നത്‌.

2005 ഒക്‌ടോബറിലാണു് മലങ്കര മെത്രാപ്പോലീത്തയും സഭയുടെ പരമാധ്യക്ഷനുമായി ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവ ചുമതലയേറ്റത്‌. കാലംചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയായാണു ദിദിമോസ്‌ ബാവ സഭയുടെ ചുമതലയേറ്റത്‌. സഭയുടെ ചരിത്രത്തിലാദ്യമായി 14 മെത്രാപ്പോലീത്താമാരെ വാഴിച്ച പരിശുദ്ധ ബാവ അഞ്ചുവര്‍ഷത്തെ ഭരണകാലത്തു നാലു മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്‌തു. ഇതും റെക്കോഡാണ്‌.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുളമൂട്ടില്‍ കുടുംബത്തില്‍ ജനിച്ച ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ പതിനേഴാം വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍അംഗമായി ചേര്‍ന്നതോടെയാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വി.മൂറോന്‍ കൂദാശ നടത്തുകയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശുശ്രൂഷാ നടപടിചട്ടങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭാഗ്യവാനായ ബാവ

മലങ്കര സഭയില്‍ ഏറ്റവും കൂടുതല്‍ മേല്പ്പട്ടക്കാരെ വാഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചതു് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയ്ക്കാണു്. അഞ്ചു വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ 14 മെത്രാപ്പോലീത്താമാരെയാണ് ദിദിമോസ് പ്രഥമന്‍ ബാവ അഭിഷേകം ചെയ്തത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ആറ് തവണയായി 11 പേരെയും ബസേലിയോസ് മാത്യൂസ്‌ ദ്വിതീയന്‍ ബാവ മൂന്നു തവണയായി 11 പേരെയും മേല്പ്പട്ടക്കാരായി വാഴിച്ചു.

രണ്ടു തവണയായി മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ വിളിച്ചുകൂട്ടി ഏഴു പേരെ വീതം തെരഞ്ഞെടുത്തതും തെരഞ്ഞെടുപ്പിന് വ്യവസ്ഥ ഉണ്ടാക്കിയതും പരിശുദ്ധ ദിദിമോസ് ബാവയാണ്. 2009 മാര്‍ച്ചില്‍ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു ഇതിനു മുമ്പ് ഏഴു പേരെ ഒരുമിച്ചു വാഴിച്ചത്. സഭാ ചരിത്രത്തില്‍ എണ്‍പത്തി നാലാം വയസ്സില്‍ കാതോലിക്കാ സിംഹാസനത്തില്‍ അവരോധിതനാകുന്ന ആദ്യത്തെ കാതോലിക്ക എന്ന ബഹുമതിയും ദിദിമോസ് ബാവയ്ക്ക് മാത്രം.

2005 ഒക്ടോബര്‍ 31 -നു പരുമല സെമിനാരിയില്‍ വച്ചാണ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ സ്ഥാനം ഏറ്റെടുത്തത്. കാതോലിക്കാ സ്ഥാനം ഏറ്റെടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ 5 തവണ മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടിയതിന്റെ മറ്റൊരു റെക്കോര്‍ഡും പരിശുദ്ധ ബാവയ്ക്ക് സ്വന്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.