20100607

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ. ബാവാ ഉദ്ഘാടനം ചെയ്തു


കോട്ടയം: ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10-ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വഹിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രസംഗത്തില്‍ നിന്ന് :- "ഭൂമിയുടെ സംരക്ഷകനാകേണ്ട മനുഷ്യന്‍ അതിന്റെ അന്തകനായി മാറിക്കൊണ്ട് ഭൂമിക്കു ചരമഗീതം രചിച്ചു കൊണ്ടിരിക്കുന്ന ഭയാനകമായ വര്‍ത്തമാനകാല യാഥാര്‍ത്യത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോക സമൂഹം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും മറ്റു അനേക പ്രകൃതി ദുരന്തങ്ങള്‍ക്കുമുള്ള പ്രധാന കാരണം മനുഷ്യന്റെ അത്യാര്‍ത്തി പൂണ്ട പ്രകൃതി ചൂഷണം തന്നെയാണെന്ന് ആധുനിക ശാസ്ത്ര പഠനങ്ങള്‍ സംശയ ലേശമെന്യേ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഭൂമിയെ ചൂഷണം ചെയ്യുവാന്‍ വേണ്ടിയല്ല മറിച്ച് തോട്ടം കാപ്പാനും വേല ചെയ്യുവാനുമായിട്ടാണ് ദൈവം നമ്മെ ഭൂമിയില്‍ ആക്കിയിരിക്കുന്നത്‌ എന്ന ഉത്തമമായ ചിന്ത നമ്മെ ഭരിക്കണം. പ്രകൃതി കേന്ദ്രീകൃതമായ ജീവിത ശൈലിയുടേയും ആത്മീയ ജീവിതത്തിന്റെയും വക്താക്കളായി മാറുവാന്‍ നമുക്ക് ആത്മാര്‍ഥമായി പരിശ്രമിക്കാം.

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കികൊണ്ട് പരിസ്ഥിതി പരിപാലനം ഒരു സുപ്രധാന ദൌത്യങ്ങളിലൊന്നായി ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരായ സഭാമക്കള്‍ക്ക് പരിസ്ഥിതിയെപ്പറ്റി കൂടുതല്‍ അവബോധം നല്‍കി പ്രകൃതിയെ കൂടുതല്‍ സ്നേഹിക്കുന്ന ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ തക്കവണ്ണം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് നാം പ്രത്യാശിക്കുന്നു. മഹത്തായ ഒരു സാമൂഹിക ഉത്തരവാദിത്വമാണ് നാം ഇതിലൂടെ നിര്‍വഹിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം. സമൃദ്ധിയായ ജീവന്റെ ബഹിര്‍സ്ഫുരണമായ ഒരു ഹരിത സഭയും സമൂഹവും യാഥാര്‍ത്ഥ്യമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആധുനികതയുടെ കൃത്രിമത്വത്തില്‍ നിന്നു പ്രകൃതിയുടെ സ്വച്ചതയിലേക്ക് സമൂഹത്തെ നയിക്കുവാനും, കൃഷി കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പുത്തന്‍ തലമുറയെ ഭൂമിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറയായി വളര്‍ത്തിക്കൊണ്ടുവരുവാനും ഈ പ്രവര്‍ത്തനങ്ങളില്‍കൂടി ദൈവരാജ്യത്തിന്റെ പതിപ്പായ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചെടുക്കുവാനുമുള്ള ധന്യമായ ഈ ദൌത്യത്തില്‍ പങ്കുകാരാകുവാനും സഭയായും സമൂഹമായും ഇടവകയായും ഭവനങ്ങളായും വ്യക്തികളായും നമുക്ക് ഒത്തൊരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുവാന്‍ തക്കവണ്ണം ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷനു സാധിക്കട്ടെ എന്നു പ്രാര്‍ഥിച്ചു കൊണ്ടും എല്ലാ നന്മകളും ആശംസകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ന്നുകൊണ്ടും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി നാം പ്രഖ്യാപിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ."


ടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ട്‌ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ അഭി. ഡോ ജോസഫ്‌ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മാത്യു കോശി പുന്നക്കാട് , അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്. പരിസ്ഥിതി കമ്മീഷന്‍ സെക്രട്ടറി ഫാ. ബിജു മാത്യൂസ്‌, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് , പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍പ്രസംഗിച്ചു.

അനുബന്ധ വാര്‍‍ത്ത

ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ രൂപവത്കരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.