നവ ദെല്‍ഹി, മാര്‍ച്ച് 12: നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര സമീപനം തുടരുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. തെരഞ്ഞെടുപ്പിനായി എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കാനോ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യമുന്നയിക്കാനോ സഭ തയാറല്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്റെ സഹായ മെത്രാന്‍ യൂഹാന്നോന്‍ മാര്‍ ദിമത്രയോസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടാനില്ല; ഇടയലേഖനം ഇറക്കാനില്ല; എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കാനുമില്ല - യൂഹാനോന്‍ മാര്‍ ദിമത്രയോസ് പറഞ്ഞു. സ്വഭാവ ഗുണമുള്ളവരും അഴിമതികളില്‍ ഉള്‍പ്പെടാത്തവരും മത്സരിക്കണമെന്നാണ് സഭയുടെ ആഗ്രഹം. സഭക്ക് ഇത്ര സീറ്റുകള്‍ വേണമെന്നൊന്നും അവകാശമുന്നയിക്കാറില്ല. ഇത്തരത്തില്‍ പ്രാദേശികമായി ചില ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നെന്നു വരാം. അതൊന്നും പക്ഷേ, സഭയുടെ ഔദ്യോഗികമായ ആവശ്യങ്ങളല്ല -അദ്ദേഹം പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവ സ്ഥാനമേറ്റതിന് ശേഷം ഡല്‍ഹിയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂഹാനോന്‍ മാര്‍ ദിമത്രയോസ്. മാര്‍ച്ച് 13ന് ഡല്‍ഹിയിലെ ഐ എന്‍ എ മാര്‍ക്കറ്റിനടുത്തുള്ള ത്യാഗരാജ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രഫ. കെ വി തോമസ്, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ വജാഹത് ഹബീബുള്ള, റോമന്‍ കത്തോലിക്കാ സഭയുടെ ഡല്‍ഹി ആര്‍ച്ച്ബിഷപ് വിന്‍സെന്റ് കോണ്‍സസാവോ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്ത്രീ ശാക്തീകരണത്തിനായി സഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും ഡല്‍ഹി ഭദ്രാസന സഹായ മെത്രാന്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.