കോട്ടയം,ഫെബ്രുവരി 23: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വടക്കു് കിഴക്കേ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി സക്കറിയാസ് മാര്‍ നിക്കോളാവോസിനെ നിയമിക്കാന്‍ സഭാ മാനേജിങ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. മാത്യൂസ് മാര്‍ ബര്‍ണബാസ് സ്വയം വിരമിച്ചതിനെത്തുടര്‍ന്നാണു് നിയമനം. മാര്‍ നിക്കോളാവോസ് നിലവില്‍ അവിടെ സഹായ മെത്രാപ്പോലീത്തയാണ്.
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക ദുരന്തത്തെ അതിജീവിക്കാന്‍ ആവശ്യമായ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏവരും തയാറാകണമെന്നു പരിശുദ്ധ കാതോലിക്കാബാവാ ആഹ്വാനം ചെയ്‌തു.
ജീവിതംകൊണ്ട് ക്രിസ്‌തുവിന്റെ സാക്ഷികളാകുക എന്ന പരമമായ ദൗത്യമാണ് സഭാംഗങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ധ്യാനം നയിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്‌പന വായിക്കുകയും മിനിറ്റ്‌സ് അവതരിപ്പിക്കുകയും ചെയ്‌തു.
കോട്ടയം സിഎംഎസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഇ. ജെ. തോമസ് കോറെപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. മാനേജിങ് കമ്മിറ്റിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, അമേരിക്കയില്‍ `ഫോമാ ചെയര്‍മാന്‍ രാജു എം. വര്‍ഗീസ്, മികച്ച അധ്യാപകനുള്ള മാര്‍ പീലക്‌സിനോസ് കാഷീറോ അവാര്‍ഡ് നേടിയ ഡോ. ഷാജി വര്‍ഗീസ് എന്നിവരെ അനുമോദിച്ചു. ഏപ്രില്‍ 10-ാം തീയതി എറണാകുളത്തു നടക്കുന്ന നസ്രാണി സംഗമം വിജയിപ്പിക്കുന്നതിനും കര്‍ണാടകയിലെ റാഞ്ചിലാടി എസ്‌റ്റേറ്റ് ബ്രഹ്‌മവാര്‍ ഭദ്രാസനത്തിനു വിട്ടുകൊടുക്കുന്നതിനും യോഗം തീരുമാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.