പിറവം സെന്‍റ് മേരീസ് കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍ |
പിറവം, ഫെ 25: പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍
സുന്നഹദോസിന്റെ നടപടി അപലപനീയമാണന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ സഹവൈദീകരിലൊരാളായ ഫാ. സൈമണ്‍ ചെല്ലിക്കാട്ടിലും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പ്രസ്താവിച്ചു.
പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിധ അധികാരവും അംഗീകരിയ്ക്കുകയില്ലെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ആക്കുമെന്നും ഏപ്രില്‍ 16 നു് പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിയ്ക്കാ തോമസ് പ്രഥമന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുമെന്നും ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ പറഞ്ഞു.
പിറവം വലിയ പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതു്
പിറവം, ഫെ 25:പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടുന്ന പിറവം വലിയ പള്ളിയെ കത്തീഡ്രലായി ഉയര്‍ത്തുന്നതിനു് മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നു് ഇടവക മെത്രാപ്പോലീത്തയായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ഒരു അവകാശവുമില്ല.
1934-ലെ ഭരണഘടനപ്രകാരമാണു് 1998,1999, 2002, 2004 എന്നീ വര്‍ഷങ്ങളില്‍ ഇടവകഭരണസമിതി തെരഞ്ഞെടുപ്പു് നടന്നിരിയ്ക്കുന്നതു്. 1934-ലെ സഭാ ഭരണഘടനയോടു് കൂറും ഭക്തിയും പ്രഖ്യാപിച്ചുള്ള സത്യവാങ്മൂലം എല്ലാ ഇടവകാംഗങ്ങളും നിയമാനുസരണം വികാരി സ്കറിയ വട്ടക്കാട്ടിലിനു് എഴുതി നല്കി അധികാരത്തില്‍ വന്ന കമ്മിറ്റി പിന്നീടു് കൂറുമാറി സഭാ ഭരണഘടനയെ വെല്ലുവിളിച്ചു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ സംരക്ഷകരായിരിയ്ക്കുകയാണെന്നു് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിയ്ക്കുകയും തിരുസഭയ്ക്കു് നീതി നിഷേധിയ്ക്കുകയും ചെയ്യുന്നു.
പള്ളി1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്നുള്ള കോടതിയുത്തരവു് നിലനില്ക്കുന്നുവെന്നു് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2004-ല്‍ ഒരു വര്‍ഷത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ട ഇടവകഭരണസമിതി 8 വര്‍ഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു് നടത്താനുള്ള സാഹചര്യം ഒരുക്കുന്നില്ല. പള്ളിയില്‍ നിയമവാഴ്ച പുനഃസ്ഥാപിച്ചു് മലങ്കര സഭയ്ക്കു് നീതി ഉറപ്പുവരുത്തണമെന്നു് മെത്രാപ്പോലീത്ത സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിച്ചു.
പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ പഠനകേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു് സംസാരിക്കുകയായിരുന്നു ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത.
പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ നടപടി സ്വാഗതം ചെയ്ത യോഗം അതിനു് പരിശുദ്ധ ബാവയോടു് നന്ദി പറഞ്ഞു. സഭാവൈദീക ട്രസ്റ്റി ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോസഫ് മങ്കിടി, റ്റി റ്റി ജോയി, സാജു മടക്കാലി,ജെസി ഐസക് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.