20120217

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്



പരുമല(മാന്നാര്‍): ലോകശ്രദ്ധ നേടിയ ദൈവശാസ്ത്രജ്ഞനും മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഫെബ്രുവരി 16 വ്യാഴാഴ്ച കാലം ചെയ്തു. കബറടക്കം ശനിയാഴ്ച മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്ററില്‍ നടന്നു. നിരണം ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞശേഷം മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 8.15ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തലേ ഞായറാഴ്ചയാണ് ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ പരുമല മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

മരണസമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നിരണം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് , യൂഹാനോന്‍ മാര്‍ സേവോ ദോറോസ് (കൊട്ടാരക്കര ഭദ്രാസനം), സഖറിയാസ് മാര്‍ തെയോഫിലോസ് (മലബാര്‍), പൗലോസ് മാര്‍ പക്കോമിയോസ് (മാവേലിക്കര) എന്നീ മെത്രാപ്പോലീത്തമാരും പരുമല സെമിനാരി മാനേജര്‍ യൂഹാനോന്‍ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ എബ്രഹാം, സെക്രട്ടറിമാരായ ഫാ. ജോസഫ്, ഡീക്കണ്‍ ഷാജന്‍, സഹോദരന്‍െറ ഭാര്യ സാറാമ്മ, കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു.

 കാലം ചെയ്ത വാര്‍ത്തയറിഞ്ഞ് പരുമല പള്ളിയില്‍ 95 ദുഃഖമണി മുഴങ്ങിയപ്പോള്‍ ആശുപത്രിയിലും പരിസരത്തും വൈദികരും സമൂഹത്തിലെ നാനാതുറയിലുള്ള ആയിരങ്ങളും ഒഴുകിയെത്തി. രാത്രി 9.30 ഓടെ ഭൗതിക ശരീരം അംശവസ്ത്രങ്ങളണിയിച്ച് സിംഹാസനത്തിലിരുത്തി പരുമല ആശുപത്രിയിലുള്ള സെന്‍റ് ഗ്രീഗോറിയോസ് ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും ചാപ്പലിലെത്തി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ജീവിതരേഖ

മാവേലിക്കര മുണ്ടുവേലില്‍ വൈദ്യന്‍ കൊച്ചിട്ടി കൊച്ചിട്ടിയുടെയും മറിയാമ്മയുടെയും നാലുമക്കളില്‍ രണ്ടാമനായി 1918 ഡിസംബര്‍ ഒമ്പതിന് ജനിച്ചു. കെ.വി. ജോര്‍ജ് (ജോര്‍ജ് കുട്ടി) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. സഹോദരങ്ങള്‍ പരേതരായ ഡോ.കെ.മാത്യു, പി.കെ.ജോഷ്വാ, കുഞ്ഞമ്മ ചെറിയാന്‍.

1944ല്‍ കോട്ടയം വൈദിക സെമിനാരിയില്‍ ചേര്‍ന്നു. 1948ല്‍ ശെമ്മാശപട്ടവും 1956ല്‍ വൈദികപട്ടവും സ്വീകരിച്ചു. 1974 ഒക്ടോബര്‍ രണ്ടിന് നിരണത്തു നടന്ന മലങ്കര അസോസിയേഷനില്‍ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ദാനിയല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയില്‍നിന്ന് റമ്പാന്‍ പട്ടം സ്വീകരിച്ചു. 1975 ഫെബ്രുവരി 16ന് നിരണം വലിയപള്ളിയില്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവ അദ്ദേഹത്തെ മെത്രാനായി വാഴിച്ചു. 1976 ഏപ്രില്‍ ഒന്നിന് നിരണം ഭദ്രാസന മെത്രാപോലീത്തയായി. 2006 ജൂലൈ മൂന്നിന് ഭദ്രാസന ഭരണം ഒഴിഞ്ഞ് മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രെയ്നിങ് സെന്‍റ റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1952 മുതല്‍ 2008 വരെ കോട്ടയം പഴയ സെമിനാരിയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചശേഷം യു എസിലേക്ക് പോയി. ഫിലോസഫിയില്‍ എം എ ബിരുദധാരിയാണ്.

ലോക സഭാ കൗണ്‍സിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.മഹാത്മാഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

സാമൂഹികനീതിയുടെ പ്രവാചകനായും 'സാര്‍വലൗകികസ്‌നേഹ' മെന്ന മതത്തിന്റെ പ്രചാരകനായും അറിയപ്പെട്ട ഒസ്താത്തിയോസ് തിരുമേനി ക്രിസ്ത്യന്‍ മതദര്‍ശനത്തിന് പുതിയ മാനം നല്‍കാന്‍ ശ്രമിച്ച മെത്രാപൊലീത്തയാണ്. ക്രൈസ്തവ ദര്‍ശനത്തിന്റെ ത്രിത്വത്തെയും ഭാരതീയ തത്വചിന്തയുടെ അദ്വൈതത്തെയും സമന്വയിപ്പിച്ചുകൊണ്ട് 'അത്രൈത' മെന്ന ഒരു പുതിയ ദര്‍ശനം അദ്ദേഹം വികസിപ്പിച്ചെടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത് മാര്‍ ഒസ്താത്തിയോസായിരുന്നു. മലങ്കരസഭയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആന്ധ്ര, ഒറീസ്സ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളുടെയും എയ്ഡ്‌സ് രോഗികളുടെയും പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലുമായി 56 ഗ്രന്ഥങ്ങള്‍ രചിച്ചു. 'വര്‍ഗരഹിത സമൂഹത്തിന്റെ ദൈവശാസ്ത്രം', 'ദരിദ്രമായ ലോകത്തില്‍ സമ്പന്നനായിരിക്കുന്നതിന്റെ പാപം' തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. ദേശീയ അന്താരാഷ്ട്ര സെമിനാറുകളില്‍ ആയിരത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മാര്‍ ഒസ്താത്തിയോസ് 100-ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചു. നാല്പത് ആതുരസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും സഭയിലെ സേവനങ്ങളെയും മാനിച്ച് 2008 ജനുവരി 27ന് ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ 'സഭാരത്‌നം' ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 1993ല്‍ സെറാംപൂര്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റും നല്‍കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.