20100224

മതസൌഹാര്‍ദ്ദത്തിനു ഇന്ത്യ മാതൃക : പരി. അരാം പ്രഥമന്‍ കാതോലിക്കോസ്



നെടുമ്പാശേരി: ദൈവിക ഇഷ്ടം മുന്‍‍നിറുത്തി ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും യോജിച്ചു് പ്രവര്‍‍ത്തിക്കണമെന്നു് അര്‍മീനിയന്‍ അപ്പോസ്തോലിക ഓര്‍ത്തഡോക്സ് സഭാ കിലിക്യാ സിംഹാസനാധിപനും വേള്‍ഡ് റിലീജിയന്‍സ് ഫോര്‍ പീസ്‌ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ക്ഷണ പ്രകാരം മലങ്കര സഭ സന്ദര്‍ശിക്കുന്ന സഹോദരീ സഭാതലവനായ പരി. അരാം കാതോലിക്കായ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനു് ഇന്ത്യയെ മാതൃകയാക്കാവുന്നതാണെന്നും മതങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും സഹകരിച്ചു കഴിയുന്നതിന്റെ മഹത്തായ മാതൃക ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.


പരി. അരാം കാതോലിക്കായോടൊപ്പം ടെഹ്‌റാന്‍ ആര്‍ച്ച് ബിഷപ്പ് സെബൌ സര്‍ക്കീസിയാന്‍, എക്യുമെനിക്കല്‍ ബിഷപ്പ് നരേഗ് അല്‍ മെസിയാന്‍, സെക്രെട്ടറി ഫാ. മെസെറോബ് സര്‍ക്കീസിയാന്‍ എന്നിവരും അടങ്ങിയ അര്‍മേനിയന്‍ സംഘം ഇന്നുരാവിലെ 8മണിക്കു് നെടുമ്പാശേരിയിലെത്തി. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൌലോസ് മാര്‍ മിലിത്തിയോസ് പരിശുദ്ധ സുന്നഹദോസ് സെക്രെട്ടറി അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭി. യാകോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പാസ് മെത്രാപ്പോലീത്താ, വന്ദ്യ ഡോ. ജേക്കബ് മണ്ണാരപ്ര കോര്‍ എപ്പിസ്കൊപ്പാ, വന്ദ്യ തോമസ്‌ പോള്‍ റമ്പാന്‍, വൈദിക ട്രെസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അത്മായ ട്രെസ്റ്റി ശ്രീ. എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് , അസോസിയേഷന്‍ സെക്രെട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, നിയുക്ത മെത്രാന്‍ ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, പി.ആര്‍.ഓ. പ്രൊഫ. പി.സി. ഏലിയാസ് ജോര്‍ജ്ജ് പോള്‍, കിഴക്കമ്പലം ബെതലഹേം കൊണ്‍വെന്റ്റ്‌ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ദീന തുടങ്ങിയവര്‍ ചേര്‍ന്ന് അതിധികളെ സ്വീകരിച്ചു.

ഇന്ന് വൈകുന്നേരം ദേവലോകം അരമനയില്‍ വിശിഷ്ടാതിഥികള്‍ക്ക് പരിശുദ്ധ കാതോലിക്കബാവ വിരുന്നു നല്‍കും. ഇന്നത്തെ മുഴുവന്‍ ചടങ്ങുകളുടെ സംപ്രേഷണം രാത്രി 10 മണി മുതല്‍ ഗ്രിഗോറിയന്‍ ടിവിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. വിലാസം http://www.orthodoxchurch.tv

.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.