20100224

പരിശുദ്ധ ആരാം ഒന്നാമന്‍ കെഷീഷിയാന്‍




ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയംശീര്‍‍ഷകസഭകളിലൊന്നായ കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസാണു് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അര്‍മീനിയന്‍‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ ആസ്ഥാനം 1930 മുതല്‍ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂര്‍ണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.


ബെയ്‌റൂട്ടില്‍ 1947ല്‍ ജനിച്ച അരാം കെഷീഷിയാന്‍ 1980ല്‍ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. സഭകളുടെ ലോക കൗണ്‍സില്‍ (W C C) മോഡറേറ്ററായി രണ്ടു തവണയായി 15 വര്‍ഷം (1991 - 2006) പ്രവര്‍ത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓര്‍ത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാള്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടാണ്‌.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷന്‍, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.

സഹോദരീ സഭാതലവനായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ ക്ഷണ പ്രകാരം മലങ്കര സഭാ സന്ദര്‍ശനത്തിലാണു് കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസ് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ ഫെ 24 മുതല്‍ 28 വരെ.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.