20100226

ചന്ദനപ്പള്ളി വലിയ പള്ളി ഇനി ആഗോള തീര്‍ഥാടന കേന്ദ്രം

ചന്ദനപ്പളളി ഓര്‍ത്തഡോക്‌സ് പള്ളി ആഗോളതീര്‍ഥാടനകേന്ദ്രമായി പരിശുദ്ധ അരാംപ്രഥമന്‍ കാതോലിക്കാബാവ പ്രഖ്യാപിച്ചു


ചന്ദനപ്പള്ളി, ഫെ 26: സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി ഇനി വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ മധ്യസ്‌ഥതയിലുള്ള ആഗോള തീര്‍ഥാടന കേന്ദ്രം. ഫെ 26 വെള്ളിയാഴ്ച വൈകിട്ട്‌ 4 മണിയോടെ പള്ളിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ അരാംപ്രഥമന്‍ കാതോലിക്കാബാവ തീര്‍ഥാടന കേന്ദ്ര പ്രഖ്യാപനം നടത്തി.

.ആഗോളതീര്‍ഥാടനകേന്ദ്രമാക്കി വലിയപള്ളിയെ ഉയര്‍ത്തിക്കൊണ്ടുള്ള, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്റെ കല്‍പ്പന ഇടവകമെത്രാപ്പോലീത്ത കുരിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത വായിച്ചു.


അര്‍മീനിയന്‍ സഭയായാലും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ആയാലും വിശ്വാസത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന്‌ പരിശുദ്ധ അരാം പ്രഥമന്‍ ബാവ പറഞ്ഞു ക്രിസ്‌തീയസഭയ്‌ക്ക് രാജ്യത്ത്‌ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വിശ്വാസി സമൂഹമാണ്‌ സഭ. സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ദൈവത്തിന്റെ ജനമാണ്‌. മറ്റു മതക്കാരോട്‌ നാം ബഹുമാനത്തോടെ പെരുമാറണം.
വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ക്രിസ്‌തീയ സഭയ്‌ക്കു വലിയ സാക്ഷ്യം നല്‍കാനുണ്ടെന്നു പരിശുദ്ധ ആരാം പ്രഥമന്‍ പറഞ്ഞു. ദേശീയതയിലും സാംസ്‌കാരിക പൈതൃകത്തിലും ഉറച്ചു നിന്നുള്ള പ്രവര്‍ത്തനമാണത്‌. ഇന്ത്യയിലെ സഭാ വിശ്വാസികള്‍ മറ്റു മതങ്ങളുമായി സമാധാനപരമായി ഇടപഴകുന്നു.

മുപ്പത്തഞ്ചു വര്‍ഷം മുന്‍പ്‌ യുവവൈദികനായി ഞാന്‍ ഇവിടെ വന്നിട്ടുണ്ട്‌. ഇപ്പോള്‍ യുവ കാതോലിക്കായായി എത്തി. വിസ്‌മയകരമായ പുരോഗതി ഇവിടെയുണ്ടായി - അദ്ദേഹം പറഞ്ഞു. മറ്റുമതങ്ങളെ മാനിക്കണമെന്നും ഇന്ത്യയുടെ മാനം കാക്കുന്നതിനും പുരോഗതിക്കുമായി സഭാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അരാംപ്രഥമന്‍ കാതോലിക്കാബാവ പറഞ്ഞു.

കുരിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത സ്വാഗതം പറഞ്ഞു. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആമുഖപ്രസംഗം നടത്തി.

ടെഹ്‌റാന്‍ ആര്‍ച്ച് ബിഷപ്പ് ബുബോഹ് സര്‍ക്കീസിയാന്‍, അര്‍മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ ഓഫീസര്‍ നരേഗ് അല്‍മെസിയാന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, ഡോ.ജോസഫ് മാര്‍ ദിവാന്നാസിയോസ്, നിയുക്‌ത മെത്രാന്‍മാരായ ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, ഫാ. ഡോ. വി. എം. ഏബ്രഹാം, റവ. യൂഹാനോന്‍ റമ്പാന്‍, എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ.ശിവദാസന്‍ നായര്‍, ജോസഫ് എം. പുതുശ്ശേരി, സഭാ മാനേജിങ് കമ്മിറ്റിയംഗം ഏബ്രഹാം മാത്യു വീരപള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവകവികാരി ഫാ.റോയി എം. ജോയി നന്ദി പറഞ്ഞു.

കാതോലിക്കാബാവയെയും മെത്രാപ്പോലീത്തമാരെയും കോണ്‍വെന്റ് ജങ്ഷനില്‍നിന്ന് ഇടവകട്രസ്റ്റി റോയി വര്‍ഗീസ്, സെക്രട്ടറി ടി.എം.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിച്ചു. തുമ്പമണ്‍ ഭദ്രാസനത്തിലെ 105 ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.