ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ ഏഴ് പേരെ മേല്പട്ട സ്ഥാനത്തേയ്ക്ക തിരഞ്ഞെടുത്തു. പ. കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ സഭാ പാര്‍ലമെന്റില്‍ 901 വൈദീകരും 2095 അല്‍മായക്കാരും തിരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാര്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തി.
സ്ക്രീനിംഗ് കമ്മറ്റി അംഗീകരിച്ച് സമര്‍പ്പിച്ച 14 പേരുടെ ലിസ്റില്‍ നിന്നും മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്ത 11 വൈദീകരെയാണ് സ്ഥാനാര്‍ത്ഥികളായി അസ്സോസിയേഷനില്‍ അവതരിപ്പിച്ചത് ഇവരില്‍ വൈദീകരുടെയും അല്‍മായക്കാരുടെയും മണ്ഡലങ്ങളില്‍ നിന്ന് പകുതിയിലേറെ ഭൂരിപക്ഷം ലഭിച്ച 7 പേരെയാണ് അസ്സോസിയേഷന്‍ തിരഞ്ഞെടുത്തത്.
മുഖ്യ വരണാധികാരി ബി. എസ്. എഫ്. ഡി. ജി. പി. അലക്സാണ്ടര്‍ ദാനിയേല്‍ തിരഞ്ഞെടുപ്പ് ഫലം അസ്സോസിയേഷനില്‍ അറിയിക്കുകയും പ. കാതോലിക്കാ ബാവാ ഫലം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഭാ സ്ഥാനികള്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ഘോഷയാത്രയായി പ. ബാവാ തിരുമേനിയെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ നഗറിലേക്ക് അനയിച്ചു.
പ. ബാവായുടെ പ്രാര്‍ത്ഥനയോടും ഫാ. ഡോ. ബിജേഷ് ഫിലിപ്പിന്റെ ധ്യാന പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. പ. ബാവായുടെ അദ്ധ്യക്ഷ പ്രസംഗം ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി വായിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്പന വായിച്ചു. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ അനുശോചന പ്രമയങ്ങള്‍ അവതരിപ്പിച്ചു. കാതോലിക്കേറ്റിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച് തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം സംബന്ധിച്ച് ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും പ്രസ്താവനകള്‍ നടത്തി.തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരും താഴെ കൊടുക്കുന്നു.
1. ഫാ. ഡോ. വി. എം. എബ്രഹാം (40) - തുമ്പമണ്‍ ഭദ്രാസനത്തിലെ ഏറം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. എം. ജി. ഒ. സി. എസ്. എം. ജനറല്‍ സെക്രട്ടറി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. എസ്. സിയും, ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ബിരുദവും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ഡിയും, ബാംഗ്ളൂര്‍ ധര്‍മ്മരാം കോളജില്‍ നിന്ന് എം.റ്റി.എച്ചും, ചിക്കാഗോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഗവേഷണ ബിരുദവും നേടി. 10 വര്‍ഷം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭാ മാനേജിംഗ് കമ്മറ്റി, തടാകം ആശ്രമം ഗവേണിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗമാണ്. പത്തനംതിട്ട ശാന്തി നിലയം കൌണ്‍സിലിംഗ് സെന്റര്‍ ഡയറ്കടറായിരുന്നു. വടുതല പുത്തന്‍ വീട് വി. എ. മാത്യൂസിന്റെയും ആനിയുടെയും മകനാണ്.
2. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ (42) - കുന്നംകുളം ഭദ്രാസനത്തിലെ സൌത്ത് ബസാര്‍ സെന്റ് മത്യാസ് പള്ളി ഇടവകാംഗം. നാഗ്പൂര്‍ ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രൊഫസറാണ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബി. എസ്. സിയും, കോട്ടയം വൈദീക സെമിനാരിയില്‍ നിന്ന് ബി.ഡി യും ഗുരുകുല്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം. റ്റി. എച്ചും, ജര്‍മ്മനിയിലെ ഫ്രെഡറിക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി. റ്റി. എച്ചും കരസ്ഥമാക്കിയിട്ടുണ്ട്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. ദിവ്യബോധനം ഇംഗ്ളീഷ് വിഭാഗം കോര്‍ഓര്‍ഡിനേറ്റര്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സ്ലേഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അസ്സോസിയേറ്റ് സെക്രട്ടറി, കോട്ടയം വൈദീക സെമിനാരി ലക്ചറര്‍, ദിവ്യബോധനം രജിസ്ട്രാര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണിയമ്പാല്‍ പുലിക്കോട്ടില്‍ പാവുന്റെയും അന്നയുടെയും മകനാണ്.
3. ഫാ. വി. എം. ജെയിംസ് (56) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ബുധനൂര്‍ സെന്റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. ഇപ്പോള്‍ ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ മാനേജര്‍, സെന്റ് ബേസില്‍ ബൈബിള്‍ സ്കൂള്‍ ഡയറക്ടര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ ഗവേണിംഗ് ബോര്‍ഡ്, ഓര്‍ത്തഡോക്സ് ബൈബിള്‍ പ്രിപ്പറേഷന്‍ കമ്മറ്റി എന്നിവയില്‍ അംഗമാണ്. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്, കൊല്ലം ഭദ്രാസന സെക്രട്ടറി, മലങ്കര സഭാ മാസിക പത്രാധിപ സമിതി അംഗം, ഓറിയന്റല്‍ ആന്റ് ആംഗ്ളിക്കന്‍ ഫോറം അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 31 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ എം. എ, സെരാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. ഡി, എം. റ്റി. എച്ച് എന്നിവ നേടിയിട്ടുണ്ട്. ധ്യാനഗുരുവും ഗ്രന്ഥകാരനുമാണ്. ഇന്ത്യയിലും വിദേശത്തും അനേകം കോണ്‍ഫ്രന്‍സുകളില്‍ സംബന്ധിച്ചിട്ടുണ്ട്. കിഴക്കെ വിരുതിയത്ത് കിഴക്കേതില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്.
4. ഫാ. ഡോ. ജോണ്‍ മാത്യൂസ് (57) - കൊല്ലം ഭദ്രാസനത്തിലെ കൊല്ലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗം. കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ഓര്‍ത്തഡോക്സ് വൈദീക സംഘം ജനറല്‍ സെക്രട്ടറിയാണ.് ഓര്‍ത്തഡോക്സ്-കാത്തലിക് ചര്‍ച്ച് ഡയലോഗ് കോ-സെക്രട്ടറി, ഡബ്ളു.സി.സി കമ്മീഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ ആന്റ് എക്യൂമെനില്‍ ഫോര്‍മേഷന്‍ ഡലിഗേറ്റ്, എന്നീ നിലകളില്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ അദ്ദഹം അനവധി ദേശീയ അന്തര്‍ദേശീയ സമ്മേളനത്തില്‍ സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ബിബ്ളിക്കല്‍ സ്റഡീസ് ഇന്‍ ഇന്ത്യ, എഫ്. എഫ്. ആര്‍. ആര്‍. സി. രജിസ്ട്രാര്‍, ഡീന്‍ ഓഫ് ഡോക്ടറല്‍ സ്റഡീസ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എയും. അമേരിക്കയിലെ ഗോര്‍ഡന്‍ കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എം. ആര്‍. ഇയും ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡിയും കരസ്ഥമാക്കി. ഇംഗ്ളീഷ്, ഗ്രീക്ക്, ഹീബ്രൂ, അമാരക്ക്, സിറിയക്ക് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. 21 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. തോണക്കാട് പാലമൂട്ടില്‍ മാത്യൂസിന്റെയും മേഴ്സിയുടെയും മകനാണ്.
5. വെരി. റവ. ഡോ. നഥാനിയേല്‍ റമ്പാന്‍ (57) - മാവേലിക്കര ഭദ്രാസനത്തിലെ വഴുവാടി മാര്‍ ബസേലിയോസ് പള്ളി ഇടവകാംഗം. മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ പ്രന്‍സിപ്പല്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷന്‍ സൊസൈറ്റി ആന്റ് മിഷന്‍ ബോര്‍ഡ് സെക്രട്ടറി, പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍, ദൂതന്‍ മാസിക മാനേജിംഗ് എഡിറ്റര്‍, സ്നേഹ സന്ദേശം സഞ്ചാരസുവിശേഷ സംഘം സെക്രട്ടറി, യാച്ചാരാം സെന്റ് ഗ്രീഗോറിയോസ് ബാലഗ്രാം ബോര്‍ഡ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മലങ്കര സഭാ മാസിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. മാവേലിക്കര ബിഷമൂര്‍ കോളജില്‍ നിന്ന് ബി. എയും, ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് എം. എയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് എന്നിവയും കരസ്ഥമാക്കി. മാവേലിക്കര തോപ്പില്‍ തെക്കേതില്‍ ജോര്‍ജിന്റയും തങ്കമ്മയൂടെയും മകനാണ്.
6. ഫാ. ഡോ. സാബുകുര്യാക്കോസ് (43) - മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. പ. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍, കോട്ടയം വൈദീക സെമിനാരി രജിസ്ട്രാര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി അംഗം, വൈദീക സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കോട്ടയം താഴത്തങ്ങാടി മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എസ്. സിയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് ബിരുദങ്ങളും നേടി. ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍ എന്നതായിരുന്നു ഗവേഷണ വിഷയം. ചുങ്കത്തറ കാടുവെട്ടു തച്ചിരുപറമ്പില്‍ ഇ. കെ. കുര്യാക്കോസിന്റെയും ശോശാമ്മയുടെയും മകനാണ്.
7. വെരി. റവ. യൂഹാനോന്‍ റമ്പാന്‍ (47) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം കൂരമ്പാല സെന്റ് തോമസ് വലിയ പള്ളി ഇടവകാംഗം. റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം ഹോളി ട്രിനിറ്റി ഡിസേബിള്‍ഡ് ചില്‍ഡ്രന്‍സ് സെന്റര്‍ ഡയറക്ടര്‍, തിരുവന്തപുരം ഹോളി ട്രിനിറ്റി സ്കൂള്‍ ലോക്കല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ എം. എ, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി. യും, ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്ന് എം. റ്റി. എച്ചും, ന്യൂയോര്‍ക്ക് ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്. ടി. എമ്മും നേടി. അമേരിക്കന്‍ ഭദ്രാസനത്തിലെയും, മദ്രാസ് ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളില്‍ വികാരിയായിരുന്നിട്ടുണ്ട്. 23 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കുരംമ്പാല നെടിയവിളയില്‍ മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.