റവ.മത്തായി ഇടയനാല്‍ കോര്‍ - എപ്പിസ്‌കോപ്പ (ഭദ്രാസന സെക്രട്ടറി)]
1876 -ല്‍ അങ്കമാലി ഭദ്രാസനം നിലവില്‍ വന്നിതിനെ തുടര്‍ന്ന് 1880 ല്‍ സ്ഥാപിക്കപ്പെട്ടതാണ് തൃക്കുന്നത്ത് സെമിനാരി. 1912-ല്‍ മലങ്കര സഭയില്‍ കക്ഷിഭിന്നത ഉടലെടുത്തു. തൃക്കുന്നത്തു സെമിനാരിയുടെ ചുമതല വഹിച്ചിരുന്നവര്‍ അബ്ദുല്ലാ പാത്രിയര്‍ക്കീസ് പക്ഷം ചേര്‍ന്നതിനാല്‍ ഈ സ്ഥാപനം അബ്ദുല്ലാ പാത്രിയര്‍ക്കീസ് പക്ഷത്തിന്റെ കൈവശത്തിലായി. 1958 -ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആ വര്‍ഷം ഡിസംബര്‍ 16 -ആം തീയതി സഭയില്‍ യോജിപ്പുണ്ടായി. അന്ന് തൃക്കുന്നത്ത് സെമിനാരിയില്‍ താമസിച്ചിരുന്ന വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി വിധേയത്തപത്രം സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിന് കാതോലിക്കേറ്റിന്റെ കീഴില്‍ ഈ ഭദ്രാസനത്തിന്റെ ഭരണം തുടരുവാന്‍ സാധിച്ചു. 1934-ലെ സഭാ ഭരണഘടന എല്ലാ ഇടവക പള്ളികളിലും നടപ്പിലാക്കണമെന്ന് കല്‌പന (102/1959) പുറപ്പെടുവിച്ച് അദ്ദേഹം സഭായോജിപ്പ് പൂര്‍ണ്ണമാക്കി. 1966 ല്‍ അദ്ദേഹം കാലം ചെയ്‌തു.1967 ല്‍ മാര്‍ തെയോഫിലോസ് തിരുമേനി ഭദ്രാസനത്തിന്റെ ചുമതലയേറ്റ് തൃക്കുന്നത്ത് സെമിനാരിയില്‍ താമസമാക്കി. ചുരുക്കി പറഞ്ഞാല്‍ 1958 മുതല്‍ തൃക്കുന്നത്ത് സെമിനാരി വീണ്ടും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൈവശത്തിലും ഉടമസ്ഥതയിലും അവാശത്തിലുമാണ്.
19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച അന്തോഖ്യന്‍ സഭയുമായുള്ള ബന്ധം കാലക്രമേണ അവരുടെ ഭരണത്തിന്‍ കീഴില്‍ മലങ്കര സഭയെ തളച്ചിട്ടു. 1912-ലെ കാതോലിക്കാ സിഹാസനം സ്ഥാപനത്തോടെ മലങ്കര സഭയ്‌ക്ക് നഷ്‌ടപ്പെട്ടുപോയ സ്വാതന്ത്ര്യം കൈ വന്നു. സ്വതന്ത്രമായ ഭരണ സംവിധാനം കൈവന്ന മലങ്കര സഭയില്‍ ഒരു വിഭാഗം വിഘടിച്ചു നിന്നപ്പോള്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ് ബാവ അവരെ തുണയ്‌ക്കുകയും സഭയില്‍ മുടക്കും കേസും ഉണ്ടാവുകയും ചെയ്‌തു. 1958-ലെ വിധി ചിലവു സഹിതം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കു് അനുകൂലമായതിനാലാണ്. അന്തോഖ്യാ പാത്രിയര്‍ക്കീസ് പക്ഷം യോജിപ്പിന് തയ്യാറായത്.
മുടക്കപ്പെട്ട ഔഗന്‍ തിമോത്തിയോസ് എന്ന ഒരു പ്രയോഗം അന്തോഖ്യാ പാത്രിയര്‍ക്കീസ് പക്ഷം എപ്പോഴും ഉയര്‍ത്തി കാട്ടാറുണ്ട്. എന്താണ് സത്യം ?. 1927-ല്‍ അദ്ദേഹം അന്തോഖ്യാ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നാണ് മെത്രാന്‍ സ്ഥാനം സ്വീകരിച്ചത്. അതിനുശേഷം യോജിപ്പിനുവേണ്ടി വളരെ പരിശ്രമം നടത്തി നോക്കി. അന്തോഖ്യാ പാത്രിയര്‍ക്കീസും കക്ഷിയും സഹകരിക്കാത്തതിനാല്‍ 1942-ല്‍ സ്വന്തം നിലയില്‍ അദ്ദേഹം കാതോലിക്കാ സിഹാസനത്തെ അംഗീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ അന്തോഖ്യാ പാത്രിയര്‍ക്കീസ് മുടക്കി. ഇത് സത്യം തന്നെ. എന്നാല്‍ 1958 ല്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ് തന്നെ കാതോലിക്കായുടെ കീഴിലുള്ളവരെയും നിരുപാധികം സ്വീകരിച്ചപ്പോള്‍ ഔഗേന്‍ തിരുമേനിയുടെ മുടക്ക് തെറിച്ചുപോയില്ലേ?. 1964 ല്‍ അദ്ദേഹത്തെ അന്തോഖ്യാ പാത്രിയര്‍ക്കീസ് , പൗരസ്ത്യ കാതോലിക്കാ സ്ഥനത്തിലേക്ക് ഉയര്‍ത്തിയില്ലേ? 1966 ല്‍ അദ്ദേഹം കോലഞ്ചേരിയില്‍വെച്ച് വാഴിച്ച പീലിപ്പോസ് മാര്‍ തെയോഫിലിയോസ് തിരുമേനിയല്ലേ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലഏറ്റത്. അന്തോഖ്യാ പാത്രിയര്‍ക്കീസ് ബാവയാല്‍ വാഴിക്കപ്പെട്ട പിതാക്കന്മാര്‍ 1958 വരെ തങ്ങളടെ കൈവശം വച്ചിരുന്ന സ്ഥാപനങ്ങള്‍ ഭരിച്ചിരുന്നു. 1985 ല്‍ 1934 ലെ ഭരണഘടന അംഗീകരിച്ച് സഭ ഒന്നായതിന് ശേഷം പഴയ കാര്യങ്ങള്‍ പറയുന്നതിന് എന്തു പ്രസക്തിയാണ് ഉള്ളത്?
1974 -ല്‍ മലങ്കര അറിയാതെ ബഹുമാനപ്പെട്ട സി.എം.തോമസ് കത്തനാര്‍, മാര്‍ ദിവന്യാസിയോസ് എന്ന പേരില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടിരിക്കുന്നു എന്ന അവകാശ വാദവുമായി രംഗത്തെത്തി. തനിക്ക് അനുയായികളുള്ള പള്ളികളില്‍ ബലം പ്രയോഗിച്ച് കൈയ്യേറ്റം തുടങ്ങി. തൃക്കുന്നത്ത് സെമിനാരി കൈവശപ്പെടുത്താന്‍ അണികളുമായി ഗ്രേയ്‌റ്റ് മാര്‍ച്ച് നടത്തി. ക്രമസമാധാനത്തിന്റെ പേരില്‍ ഭരണാധികാരികള്‍ 144 പ്രഖ്യാപിച്ച് പള്ളി പൂട്ടി.
തൃക്കുന്നത്ത് സെമിനാരി പള്ളി ഇടവക പള്ളിയാണെന്നും താന്‍ നിയമിക്കുന്ന പുരോഹിതനെ അവിടുത്തെ വികാരിയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു ഫയല്‍ ചെയ്‌ത കേസില്‍ അവര്‍ക്കെതിരായിട്ടാണ് വിധിയുണ്ടായത്. തൃക്കുന്നത്ത് സെമിനാരി പള്ളി ഇടവക പള്ളിയല്ലെന്നും, മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള ഭരണത്തിലിരിക്കുന്ന ചാപ്പലാണെന്നും കോടതി തീര്‍പ്പ് കല്‍പ്പിച്ചു. (O.S/ 5/81).
O.S 25/2001 - ല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ മാര്‍ ദിവന്യാസ്യോസ് കാതോലിക്ക എന്ന നിലയിലോ, മെത്രപ്പോലീത്ത എന്ന നിലയിലോ അങ്കമാലി, കൊച്ചി, കണ്ടനാട് ഭദ്രാസനത്തിലെ ഒരു പള്ളിയിലും പ്രവേശിക്കരുതെന്ന് ശാശ്വത നിരോധനമുണ്ടായി. ബഹുമാനപ്പെട്ട ഹൈക്കോടതി ആ നിരോധനം സ്ഥിരപ്പെടുത്തുകയും ചെയ്‌തു.
ഇപ്പോള്‍ ഭദ്രാസന മെത്രാപോലീത്തയായി ചുമതല ഏറ്റിട്ടുള്ള യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലിത്തായെ ഇടവക മെത്രാപ്പോലീത്തയായി അംഗീകരിച്ചുകൊണ്ട് കേസില്‍ കക്ഷിചേരുവാന്‍ ജനുവരി 13-ആം തീയതി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായി.
1934 ലെ സഭാഭരണഘടനയ്‌ക്ക് വിധേയത്വം പ്രഖ്യാപിച്ച് പാത്രിയര്‍ക്കീസ് പക്ഷത്തെ കാതോലിക്കായും, മെത്രാപ്പോലീത്തമാരും സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ജസ്റ്റ്‌സ് മളീമഠിന്റെ നിരീക്ഷണത്തില്‍ പരുമലയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം നിരാകരിക്കുകയാണ് ചെയ്‌തത്. അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ തോമസ് പ്രഥമനെ മലങ്കര സഭയുടെ കാതോലിക്കയായി പ്രഖ്യാപിക്കുവാന്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു വേണ്ടത്. അതിനുപകരം അതേ രീതിയില്‍ പുത്തന്‍കുരിശില്‍ മറ്റൊരു സഭ രൂപീകരിച്ചതായി പ്രഖ്യാപിച്ച് അതിനൊരു ഭരണഘടന അംഗീകരിക്കുകയാണ് അവര്‍ ചെയ്‌തത്. സുപ്രീംകോടതി വിധി അനുസരിച്ച് മലങ്കര സഭ ഒന്നേയുള്ളു. അതിന്റെ ഭരണഘടന 1934 ലെ ഭരണഘടനയാണ്. അതനുസരിച്ചുള്ള ഭരണ സംവിധാനങ്ങളുമുണ്ട്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്നപേരില്‍ പുതിയ സഭയുണ്ടാക്കി 2002 ലെ പുതിയഭരണഘടനയ്‌ക്ക് കീഴില്‍ നില്‍ക്കുന്നവര്‍ മലങ്കരസഭയുടെ അംഗങ്ങളല്ല. മലങ്കര സഭയുടെ പള്ളികളിലും സ്വത്തുക്കളിലും അവര്‍ക്ക് യാതൊരു അവകാശവുമില്ല.
കേസ്‌കാലത്ത് വളരെക്കാലം അന്തോഖ്യാ പാത്രിയര്‍ക്കീസ് വിഭാഗം പലപള്ളികളും സ്ഥാപനങ്ങളും കൈവശം വച്ചിരുന്നപ്പോള്‍ ആരും ബലപ്രയോഗത്തിനും മുതിര്‍ന്നിട്ടില്ല. വിധി തീര്‍പ്പുവരെ കാത്തുനിന്ന അവകാശം നേടിയെടുക്കുകയാണ് ചെയ്‌തത്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ചെയ്യേണ്ടതും അതുതന്നെയല്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.