കോട്ടയം, ജനുവരി 25: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാസ്‌ഥാനമായ തൃക്കുന്നത്ത് സെമിനാരിയിലെ പള്ളി പൂട്ടിയിടാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത് നിരന്തരമായ അനധികൃതമായ കയ്യേറ്റ ശ്രമമാണെന്ന് ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് പ്രസ്താവിച്ചു.
ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്‌ഥതയിലും കൈവശവും ഉപയോഗത്തിലുമായിരിക്കുന്ന തൃക്കുന്നത്ത് സെമിനാരിയില്‍ അവകാശം സ്‌ഥാപിച്ചുകിട്ടുന്നതിനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം കൊടുത്ത അഞ്ചു കേസുകളിലും പ്രതികൂലമായ വിധി ഉണ്ടായപ്പോള്‍ അനധികൃത കൈയേറ്റ ശ്രമങ്ങള്‍ വഴി അധികാരം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നത് നീതി-നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്.
യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിനെ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസിന്റെ പിന്‍ഗാമി എന്ന നിലയിലും പള്ളി വികാരി എന്ന നിലയില്‍ ഫാ. മത്തായി ഇടയനാലിനെയും സെമിനാരി മാനേജര്‍ എന്ന നിലയില്‍ ഫാ. യാക്കോബ് തോമസിനെയും ഇപ്പോള്‍ കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചിരിക്കെ സെമിനാരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്
കൈവശമുണ്ടെന്നു പറയുന്ന രേഖകള്‍ യാക്കോബായ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച് നിവര്‍ത്തി തേടണമെന്ന് നിയുക്‌ത ബാവാ പറഞ്ഞു.
സെമിനാരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൈവശമുണ്ടെന്ന് പറയുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് നിവര്‍ത്തി തേടാതെ നുണപ്രചാരണംനടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഭിന്നത വര്‍ധിപ്പിക്കുന്നതിനും ക്രമസമാധാനനില തകരാറിലാക്കുന്നതിനുംമാത്രമേ ഉപകരിക്കൂ. കോടതിവിധി അനുസരിക്കുകയും തര്‍ക്കമുള്ള ഇടങ്ങളില്‍ സ്റ്റാറ്റസ്‌കോ പാലിക്കുകയും ചെയ്യുക എന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടെന്നും നിയുക്ത കാതോലിക്കാ ബാവാ പ്രസ്‌താവനയില്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.