യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്ത
പാലക്കുഴ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയെ സംബന്ധിച്ച് ബ. ജില്ലാ കോടതിയില്‍ നിന്നും 2010 ജനുവരി 16-ാം തീയതി ഉണ്ടായ വിധി (ഓ.എസ്.50/2003) സുപ്രധാനമാണ്. മുപ്പത്തിരണ്ട് പേജുള്ള ബ.ജസ്റ്റിസ് ശ്രീമതി വി. ഷിര്‍സിയുടെ വിധിയില്‍ മലങ്കര സഭയില്‍ ഇന്നു നിലവിലിരിക്കുന്നതും ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നതുമായ പല ചോദ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ഉത്തരമുണ്ട്.
ആദ്യമായി വിധിയിലെ പ്രസക്ത ഭാഗത്തിന്റെ തര്‍ജ്ജമ നല്‍കട്ടെ:
പാരഗ്രാഫ് 21 (പേജ് 27 മുതല്‍) എല്ലാ സമാധാന പ്രിയരായവരും നാടിന്റെ നിയമവ്യവസ്ഥയെ അനുസരിക്കേണ്ടതുണ്ട്. എന്നാല്‍ സംഭവിക്കുന്നത് അതിന് കടക വിരുദ്ധമാണ്. (കേസില്‍) എതിര്‍ കക്ഷിയായിരിക്കുന്ന പള്ളി മലങ്കരസഭയിലെ ഇടവക പള്ളി ആയിരിക്കുന്നതിനാല്‍ അത് പരമോന്നത കോടതി നിശ്ചയിച്ചിട്ടുള്ള പ്രകാരം 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതും അക്കാര്യം ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്തതുമാണ്. പാത്രിയര്‍ക്കീസ് ഭാഗം മലങ്കര അസോസിയേഷനില്‍ നിന്ന് വിട്ടുനില്‌ക്കൂവാന്‍ തീരുമാനിച്ചതിനാല്‍ അവര്‍ക്കുള്ള പോംവഴി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ക്കുവേണ്ടി യുദ്ധം ചെയ്യുക എന്നതല്ല അതില്‍ നിന്നും പുറത്തുപോവുക എന്നതാണ്. അവര്‍ മുന്നമെ തന്നെ പരമോന്നത കോടതി നിശ്ചയിച്ചിട്ടുള്ള കാര്യത്തിനെതിരെ പടവെട്ടിക്കൂടാത്തതാണ്. ഒരു ആഭ്യന്തര ക്രമീകരണം എന്ന നിലയില്‍ രണ്ടാം എതിര്‍കക്ഷി (യാക്കോബായ സഭാ വൈദീകന്‍) പള്ളിയില്‍ ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്നും പള്ളിയുടെ ഏതാനും രേഖകളും രജിസ്റ്ററുകളും കൈവശത്തിലുണ്ട് എന്നതും ആ പള്ളിയെ 2002 ലെ ഭരണഘടന പ്രകാരം ഭരിക്കുന്നതിന് അവകാശം നല്‍കുന്നവയാകുന്നില്ല. അതുപോലെ തന്നെ വസ്‌തു ആധാരം സമര്‍പ്പിക്കുന്നതും അവരുടെ കേസിനെ ബലപ്പെടുത്തുകയില്ല കാരണം വ്യവഹാരം പള്ളിയുടെയും സ്വത്തിന്റെയും ആവശ്യമാണ്. ഈ ഇടവക 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാകയാല്‍ വാദികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടിട്ടുള്ള ചില കാര്യങ്ങള്‍ അനുവദിച്ച് ഉത്തരവ് ലഭിക്കുവാന്‍ അവകാശമുള്ളതാണ് (കോടതി ചെലവ് അനുവദിച്ചിട്ടില്ല).
അതിന്‍ പ്രകാരം കേസ് ഭാഗികമായി അനുവദിച്ച് ഉത്തരവായിരിക്കുന്നു. ഒന്നാം കക്ഷിയായി ഇടവകയുടെ ട്രസ്റ്റി സ്ഥാനത്തുനിന്നും 3,4 എതിര്‍ കക്ഷികളെ നീക്കം ചെയ്‌ത് ഉത്തരവാകുന്നു. അവരെ 1-ാം കക്ഷി പള്ളിയുടെ കൈക്കാരന്മാരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സ്ഥിരമായി നിരോധിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നു. 1934 ലെ ഭരണഘടനപ്രകാരമുള്ള കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്തയുടെ നിയമപ്രകാരമുള്ള പട്ടക്കാരനല്ലാതെ മറ്റാരെ എങ്കിലും 1-ാം എതിര്‍ കക്ഷി പള്ളിയിലൊ അതിന്റെ ചാപ്പലുകളിലൊ വിശുദ്ധ ആരാധനയൊ മറ്റേതെങ്കിലും മതചടങ്ങുകളോ നടത്തുന്നതിനായി വികാരിയെ അഥവാ വൈദികനെ കൊണ്ടുവരുന്നതില്‍ നിന്നും 2 മുതല്‍ 4 വരെയുള്ള എതിര്‍ കക്ഷികളെയും അവരുടെ അനുയായികളെയും സ്ഥിരമായി നിരോധനത്തിലൂടെ വിലക്കിയിരിക്കുന്നു. 2-ാം എതിര്‍ കക്ഷിയെ 1-ാം എതിര്‍ കക്ഷി പള്ളിയില്‍ വികാരി എന്ന നിലയില്‍ ചുമതലകള്‍ നടത്തുന്നതില്‍ നിന്നും നിരോധിക്കുന്നു. 1-ാം എതിര്‍കക്ഷി പള്ളിയുടെ ഇപ്പോഴത്തെ വികാരി 1-ാം വാദി പള്ളിയില്‍ പൊതുയോഗം നടത്തുന്നതിനെയും 1-ാം എതിര്‍കക്ഷി പള്ളിക്ക് 1934 ഭരണഘടന പ്രകാരമുള്ള മാനേജിംഗ് കമ്മറ്റി, അല്‍മായ ട്രസ്റ്റി എന്നിവ തെരഞ്ഞെടുക്കുന്നതിനെയും തടസ്സപ്പെടുത്തുന്നതില്‍ നിന്നും 2 മുതല്‍ 4 വരെ യുള്ള എതിര്‍ കക്ഷികളെ നിരോധിക്കുന്നു. കക്ഷികള്‍ തങ്ങളുടെ ചെലവുകള്‍ സ്വയംവഹിക്കേണ്ടതാകുന്നു.
ഇതില്‍ നിന്നും ഉല്‍ഭവിക്കുന്ന ചില സുപ്രധാന വിഷയങ്ങളെ പരിശോധിക്കാം.
ഒന്നാമതായി യാക്കോബായ സഭ പറയുന്നത് മുന്‍പ് പാത്രിയര്‍ക്കീസ് പക്ഷത്തായിരുന്ന പള്ളികളെല്ലാം തങ്ങളുടെതാണ് എന്നാണ്. അത് അങ്ങിനെ അല്ല എന്നും അവ പൂര്‍ണ്ണായും 1934 ലെ ഭരണഘടനക്ക് വിധേയമാണ് എന്ന് ബ.സുപ്രീം കോടതി പറഞ്ഞിട്ടുള്ളതിനാല്‍ അക്കാര്യത്തില്‍ പുതിയൊരു ചോദ്യത്തിന് സാദ്ധ്യത ഇല്ല എന്നുമാണ് കോടതി വിധി.
രണ്ടാമതായി യാക്കോബായക്കാര്‍ പറയുന്നത് : പല പള്ളികളുടെയും സ്ഥലത്തിന്റെ ആധാരങ്ങളില്‍ പത്രോസിന്റെ സിംഹാസനത്തെക്കുറിച്ചും അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെക്കുറിച്ചും പറയുന്നുണ്ട് അതിനാല്‍ അവയുടെ ഭരണ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഇവ പരിഗണിക്കണം എന്നാണ് ഇതും കോടതി നിഷേധിച്ചിരിക്കുന്നു. ആധാരമല്ല ഇവിടെ പ്രധാനം ഇടവകയുടെ ഭരണം ഏതു വിധേനയും ഏത് ഭരണഘടന അനുസരിച്ചും നിര്‍വ്വഹിക്കപ്പെടണം എന്നതാണ് പ്രധാനം. അക്കാര്യമാണ് ബ.സുപ്രീം കോടതി തീരുമാനിച്ചിട്ടുള്ളത് എന്ന് ഈ വിധിയില്‍ പറയുന്നു.
മൂന്നാമതായി 2002 ല്‍ യാക്കോബായക്കാര്‍ ഉണ്ടാക്കിയ ഭരണഘടന പ്രകാരം മുന്‍പ് പാത്രിയര്‍ക്കീസ് ഭാഗത്തുണ്ടായിരുന്ന പള്ളികള്‍ ഭരിക്കപ്പെടാം എന്നാണ്. ഇത് കോടതി നിഷേധിച്ചിരിക്കുന്നു. ഈ പള്ളികള്‍ 1934 ലെ ഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടത് എന്നാണ് കോടതി വിധി.
നാലാമതായി ഏത് മെത്രാപ്പോലീത്തയാണ് കണ്ടനാട് ഭദ്രാസനത്തെ പള്ളികളുടെ ചുമതലക്കാരന്‍ എന്ന് കോടതി തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് പാത്രിയര്‍ക്കീസ് ഭാഗത്തുണ്ടായിരുന്ന പള്ളികള്‍ക്ക് അവ ഇപ്പോള്‍ യാക്കോബായ സഭയുടെ പള്ളികളാണ് എന്ന അവകാശത്തോടെ ഒന്നിനു പുറകെ ഒന്നായി യാക്കോബായക്കാര്‍ മെത്രാന്മാരെ വാഴിക്കുന്ന സാഹചര്യത്തില്‍ ഈ വിധിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. 1934 ലെ ഭരണഘടന അനുസരിച്ച് നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്തമാര്‍ക്കു മാത്രമാണ് ഈ പള്ളികളില്‍ വികാരിയെ നിയമിക്കാനും മറ്റ് ഭരണകാര്യങ്ങളില്‍ ഇടപെടാനും അവകാശമുള്ളൂ എന്ന് കോടതി പറയുന്നു.
അഞ്ചാമതായി താല്‌ക്കാലിക ക്രമീകരണം എന്ന പേരില്‍ നിലനില്‌ക്കുന്ന സമാന്തര ഭരണ സംവിധാനം സ്ഥായിയാണ് എന്ന വിധത്തില്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ച് കായബലത്താലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തിയിലൂടെയും പിടിച്ചെടുത്ത പള്ളികളില്‍ എക്കാലവും ഭരണം നടത്താം എന്ന പ്രചരണം നിലനില്‌ക്കില്ല എന്ന് കോടതി വിധി സൂചിപ്പിക്കുന്നു.
ആറാമതായി ബ. കോടതി ചില ധാര്‍മ്മിയ പ്രശ്‌നങ്ങളും ഉന്നയിക്കുന്നുണ്ട്: സമാധാന പ്രിയരായ ഏവരും നാടിന്റെ നീതിന്യായ വ്യവസ്ഥയെ അനുസരിക്കും എന്ന് കോടതി പറയുമ്പോള്‍ യാക്കോബായക്കാര്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് വരുന്നു. അവര്‍ സമാധാന വിരുദ്ധരായതിനാല്‍ സമാധാന പ്രഭുവായ ക്രിസ്‌തുവിന്റെ അനുയായികള്‍ അല്ല എന്നു തെളിയുന്നു. (ക്രിസ്‌തീയ സഭ എന്ന് സഭയുടെ പേരില്‍ പ്രത്യേകം എഴുതേണ്ടിവന്നത് ഇതുകൊണ്ടാണ് ) അതോടൊപ്പം നാടിന്റെ നീതിന്യായ വ്യവസ്ഥയെ ആദരിക്കുന്നവരുമല്ല അവര്‍ എന്ന് കാണാം. അതിലൂടെ അവര്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നതും പാക്കിസ്ഥാനില്‍ ഉണ്ടാകുന്നതുമായ തീവ്രവാദികളെപ്പോലെ മറ്റൊരു വിഭാഗം തീവ്രവാദികളാണ് എന്ന് കരുതാം.
കൂടാതെ 2002 ലെ മലങ്കര അസോസിയേഷനില്‍ നിന്ന് വിട്ടുനില്‌ക്കുകയും പുതിയ ഭരണ ഘടന ഉണ്ടാക്കുകയും ചെയ്‌തവര്‍ എന്താണ് ധാര്‍മ്മികമായി ചെയ്യേണ്ടത് എന്നും കോടതി വിധിയിലുണ്ട്. "അവര്‍ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയില്‍ യുദ്ധം ചെയ്യുകയല്ല അവിടെ നിന്നും മാറിപ്പോവുകയാണ് വേണ്ടത്". എന്ന് ബ.കോടതി ഉപദേശിക്കുകയും ഉത്തരവാകുകയും ചെയ്യുന്നു.
ഈ ഉത്തരവിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പ്രിയ സഹോദരങ്ങളായ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ സഭാംഗങ്ങള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളില്‍ മുളകുപൊടി, ചൂടുവെള്ളം, കമ്പിപ്പാര, കുറുവടി, വടിവാള്‍, പട്ടിക തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധവും കൊലപാതകവും നിര്‍ത്തിവച്ച് സമാധാനം കംക്ഷിക്കുന്ന സാധാരണ വിശ്വാസികളെ ക്രമീകൃതമായ ഭരണ സംവിധാനമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പള്ളികളില്‍ ആരാധിക്കാന്‍ അനുവദിച്ചിട്ട് പുതിയ ആരാധാനാ സ്ഥലമുണ്ടാക്കി പിരിഞ്ഞുപോയി, അവകാശപ്പെടുന്നതുപോലെ ക്രിസ്‌ത്യാനികളാണ് തങ്ങള്‍ എന്ന് ലോകത്തിനും ബ.കോടതികള്‍ക്കും മുന്‍പില്‍ തെളിയിക്കാന്‍ തയാറാകണം.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.