20100126

തൃക്കുന്നത്ത്‌ സെമിനാരി: മധ്യസ്ഥശ്രമം വേണമെന്ന ആവശ്യം ഇല്ലാത്ത അവകാശം സ്‌ഥാപിക്കാന്‍ - യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌

ആലുവ, ജനുവരി 25: തൃക്കുന്നത്ത്‌ സെമിനാരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതിയ്ക്കുപുറത്ത്‌ മധ്യസ്‌ഥശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ് പ്രഥമന്റെ ആവശ്യം പള്ളിക്കുമേല്‍ ഇല്ലാത്ത അവകാശം സ്‌ഥാപിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ പ്രസ്താവിച്ചു. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം പ്രശ്‌നവുമായി വന്നതിനാലാണ്‌ പള്ളി ഈ അവസ്‌ഥയില്‍ പൂട്ടിയിടേണ്ടിവന്നത്‌. പള്ളി ആരാധനയ്‌ക്കു് തുറക്കുന്നതില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന്‌ മെത്രാപ്പോലീത്ത പറഞ്ഞു. പള്ളിയില്‍ ആരാധന നടത്തുന്നതിനു് ആരെയും വിലക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ അവകാശം സ്‌ഥാപിച്ചെടുക്കാന്‍ ശ്രമിക്കരുത് ‌- മെത്രാപ്പോലീത്ത പറഞ്ഞു.

അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ സ്വകാര്യ ചാപ്പലാണ്‌ തൃക്കുന്നത്തു സെമിനാരി പള്ളി. ഇത്‌ ഒരു ഇടവക പള്ളിയല്ല. ഇക്കാര്യം കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്‌. അവകാശ തര്‍ക്കത്തിന്റെ പേരില്‍ യാതൊരു കാരണവശാലും സഭയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അനധികൃതമായി കൈവശപ്പെടുത്തിയിരിയ്ക്കുന്ന പറവൂര്‍, കോതമംഗലം, പള്ളിക്കര, കരിങ്ങാച്ചിറ, പീച്ചാനിക്കാട്‌, അങ്കമാലി പള്ളികളില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ ആരാധനയ്‌ക്കായി കയറ്റുമോയെന്നും മെത്രാപ്പോലീത്ത ചോദിച്ചു. പത്രസമ്മേളനത്തില്‍ തൃക്കുന്നത്ത്‌ സെമിനാരി മാനേജര്‍ ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പയും സംബന്ധിച്ചിരുന്നു.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.