20100123

കനത്ത സുരക്ഷയില്‍ തൃക്കുന്നത്ത്‌ സെമിനാരിപ്പള്ളി പെരുന്നാളിനായി തുറന്നു



ആലുവ: അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളി 32 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു. കലക്‌ടറുടെ അധ്യക്ഷതയില്‍ സഭാ നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെ രാത്രി രാത്രി 11 മണിയോടെ കലക്‌ടറുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്‌. പള്ളി ഇന്നും നാളെയും ആരാധനയ്‌ക്ക്‌ തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കലക്ടര്‍ എം ബീന, എസ്‌പി ടി വിക്രം, എഎസ്‌പി ജയനാഥ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി അനില്‍കുമാര്‍, തഹസീല്‍ദാര്‍ സുജാത എന്നിവരുടെ സാന്നിധ്യത്തില്‍ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യുഹാനോന്‍ മാര്‍ പോളികോര്‍പ്പസ് പള്ളിതുറന്നുപ്രവേശിച്ചു.

ഇന്നലെ രാത്രി 10.40ന്‌ പള്ളി തുറന്ന ശേഷം ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശ്വാസികള്‍ 32 വര്‍ഷമായി പൂട്ടികിടന്ന പള്ളിയിലെ മാറാലയും പൊടിയും നീക്കം ചെയ്‌ത ശേഷം പള്ളി കഴുകി വൃത്തിയാക്കി ആരാധനയ്‌ക്കായി തുറക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി പള്ളിതുറന്ന്‌ ശുചീകരണത്തിന്റെ ഭാഗമായി കലക്ടര്‍ എം ബീന, എസ്‌പി ടി വിക്രം, എഎസ്‌പി ജയനാഥ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി അനില്‍കുമാര്‍, തഹസീല്‍ദാര്‍ സുജാത എന്നിവരുടെ സാന്നിധ്യത്തില്‍ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യുഹാനോന്‍ മാര്‍ പോളികോര്‍പ്പസ്‌, നിയുക്ത കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയൂസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, തോമസ്‌ പോള്‍ റബ്ബാന്‍, മത്തായി ഇടയനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുദ്ധീകരണ കൂദാശ നടത്തി.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഓര്‍ത്തഡോക്‌സ്‌ സഭാ അംഗങ്ങള്‍ക്ക്‌ നല്കിയ സമയം അനുസരിച്ച്‌ ഇന്നുരാവിലെ ഏഴു മണി മുതല്‍ 11 വരെ 10 പേര്‍ വീതം മെറ്റല്‍ ഡിറ്റക്ടറിലൂടെ പള്ളിയില്‍ പ്രവേശിച്ചു തുടങ്ങി. രാവിലെ ഏഴുമണിയോടെ ജില്ലാ കളക്ടര്‍ ഡോ. കെ. എം. ബീനയോടൊപ്പം ഹൈക്കോടതി നിരീക്ഷകരും സ്ഥലത്തു ക്യാമ്പ്‌ ചെയ്യുന്നുണ്‌ട്‌. ആലുവ എ.എസ്‌.പി ജെ.ജയനാഥിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തിയാണ്‌ ഓരോരുത്തരെയും അകത്തു പ്രവേശിപ്പിക്കുന്നത്‌. മനപൂര്‍വ്വം സാമൂഹ്യവിരുദ്ധര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുകൊണ്‌ട്‌ പോലീസ്‌ സ്‌റ്റേഷനു മുന്നിലൂടെയുള്ള ഗെയിറ്റില്‍ കൂടി മാത്രമെ വിശ്വാസികളെ പ്രവേശിപ്പിക്കുന്നുള്ളൂ.

രാവിലെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദീമോസ്‌ പ്രഥമന്‍ ബാവ, നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ , ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ സെമിനാരിയില്‍ കുര്‍ബാന നടത്തി. കുര്‍ബാനയ്‌ക്ക്‌ ‌ശേഷം ഓര്‍ത്തഡോക്‌സ് സഭയുടെ പിതാക്കന്മാര്‍ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളി കാര്‍പ്പസ്‌ അടങ്ങുന്ന സംഘം പള്ളിയില്‍ പ്രവേശിച്ചു് ധൂപ പ്രാര്‍ത്ഥന നടത്തി.

ഇന്ന്‌ ഉച്ചയ്‌ക്ക് ഒന്നു മുതല്‍ അഞ്ച്‌ വരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്‌ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് അവസരം ലഭിച്ചു.

24 ഞായര്‍ രാവിലെ 9 മണിക്ക് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസിന്റെ പ്രധാന കാര്‍മ്മീകത്വത്തില്‍ വി.കുര്‍ബ്ബാനയും തുടര്‍ന്ന് റാസയും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും


തൃക്കുന്നത്ത്‌ പെരുന്നാള്‍: വന്‍ സുരക്ഷാസന്നാഹം

അലുവ: തൃക്കുന്നത്ത്‌ തിരുനാളിന്റെ ഭാഗമായി പള്ളിയിലും പരിസരത്തും വന്‍ സുരക്ഷാസന്നാഹം. ഐജി, എസ്‌പി എന്നിവരുടെ നേതൃത്വത്തില്‍ എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചു. പള്ളിയിലേക്കുള്ള പ്രവേശനം സംഘര്‍ഷരഹിതമാക്കാന്‍ ബാരിക്കേഡുകള്‍ നിരത്തി ചുറ്റുമതില്‍ തകര്‍ന്ന വശങ്ങളില്‍ ഉയര്‍ന്ന കമ്പിവലകളും സ്‌ഥാപിച്ചു.

പിഡബ്ല്യുഡി വകുപ്പിനാണ്‌ ബാരിക്കേഡുകള്‍ സ്‌ഥാപിക്കുന്നതിന്റെ ചുമതല. മെറ്റല്‍ഡിറ്റക്‌റ്റര്‍, ബോംബ്‌ ഡിറ്റക്‌റ്റര്‍ സ്‌ക്വാഡ്‌ എന്നിവയുടെ സാന്നിധ്യത്തിലാവും ഇന്നുവിശ്വാസികളെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്‌. പള്ളിവളപ്പിലെത്തുന്നവരെ നിരീക്ഷിക്കാന്‍ പൊലീസിന്റെ വിഡിയോ ക്യാമറാ സംഘങ്ങളെയും സജ്‌ജരാക്കിയിട്ടുണ്ട്‌. സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ കലക്‌ടര്‍, റൂറല്‍ എസ്‌പി എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.