കലക്‌ടര്‍ വിളിച്ച യോഗത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കടുത്തആവശ്യം അംഗീകരിച്ചില്ല
കൊച്ചി, ജനുവരി 18: കഴിഞ്ഞ വര്‍ഷത്തേതുപോലെ രാവിലെ ഏഴുമുതല്‍ 11 വരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ക്കും ഒരുമണി മുതല്‍ അഞ്ചുവരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കും അനുവദിച്ച് കളക്റ്റര്‍ ഡോ. എം. ബീന ഉത്തരവുനല്‍കി.
ആലുവ തൃക്കുന്നത്തു സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആചരണം സമാധാനപരമായി നടക്കുന്നതിനു് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍, പള്ളി തുറന്ന് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ തയ്യാറായില്ല. ജനുവരി 18 ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ ചര്‍ച്ച തര്‍ക്കം മൂലം രാത്രി ഏഴുമണിവരെ നീണ്ടു. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇരുസഭകള്‍ക്കും കബറില്‍ പ്രാര്‍ഥനനടത്താന്‍ സമയക്രമം അനുവദിച്ചുകൊണ്ടും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരുവിഭാഗവും തയ്യാറാകണമെന്നു് നിര്‍ദേശിച്ചും കളക്ടര്‍ എം. ബീന ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേ. കാതോലിക്കയ്‌ക്കും മെത്രാന്മാര്‍ക്കും എട്ടു മിനിറ്റ് ധൂപപ്രാര്‍ഥന നടത്താം. പൂട്ടിക്കിടക്കുന്ന പള്ളി തുറന്നു് സമയക്രമം നിശ്‌ചയിച്ച് വിശുദ്ധ കുര്‍ബാനയ്‌ക്ക് അവസരമുണ്ടാക്കണമെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആവശ്യം അംഗീകരിച്ചില്ല.
നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം ശ്രേ. കാതോലിക്കയ്‌ക്ക് കബറിങ്കല്‍ ഒരുമണിക്കൂര്‍ ആരാധന (വിശുദ്ധ കുര്‍ബാന) നടത്താന്‍ സമയം അനുവദിക്കണമെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ആവശ്യപ്പെട്ടു. സഭയ്‌ക്ക് അനുവദിച്ച സമയത്ത് ആരാധന എങ്ങനെ വേണമെന്ന് നിശ്‌ചയിക്കാനുള്ള അവകാശവും നല്‍കണം. മറുപക്ഷത്തിനും അവരുടെ സമയത്ത് ആരാധന അനുവദിക്കുന്നതിനു് എതിര്‍പ്പില്ല.
പള്ളി തുറന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് കുര്‍ബാന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ധൂപ പ്രാര്‍ഥന നടത്താന്‍ അനുവദിച്ചതുതന്നെ വലിയ വിട്ടുവീഴ്‌ചയാണ്. കോടതി ഉത്തരവ് തങ്ങള്‍ക്ക് അനുകൂലമാണെന്നും പള്ളിയും സെമിനാരിയും തങ്ങളുടെ കൈവശമാണെന്നും അവര്‍ വ്യക്‌തമാക്കി.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു വേണ്ടി ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എപ്പിസ്കോപ്പ , സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ഫാ. വര്‍ഗീസ് തെക്കേക്കര, പ്രൊഫ. എം.എ. പൗലോസ്, എം. ജോയി, ശ്യാം ഇമ്മാനുവല്‍ എന്നിവരും ഓര്‍ത്തഡോക്‌സ് സഭയ്ക്കു വേണ്ടി വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, വികാരി മത്തായി എടയനാല്‍ കോറെപ്പിസ്‌കോപ്പ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവരും പോലീസ്-റവന്യൂ അധികാരികളും പങ്കെടുത്തു.
തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
ഓര്‍മപ്പെരുന്നാളാഘോഷങ്ങള്‍ക്കായി 23ന് തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി തുറന്നു വൈദീകര്‍ക്ക് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വ്യക്തമാക്കി. വിമത വിഭാഗമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വഴങ്ങാതെവന്നാല്‍ ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21 നു ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടെന്നും മംഗളം പത്രം റിപ്പോര്‍ട്ടുചെയ്തു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.