പാമ്പാക്കുട, ഡിസം.11: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കരുത്തും ഐക്യവും വിളിച്ചറിയിച്ച് നടന്ന കണ്ടനാട് ഭദ്രാസനങ്ങളുടെ കുടുംബസംഗമ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ 2011ഡിസം.11നു് അണിനിരന്നു. കണ്ടനാട് ഈസ്‌റ്റ്-വെസ്‌റ്റ് ഭദ്രാസനങ്ങള്‍ ഒരുമിച്ച് ആദ്യമായി സംഘടിപ്പിച്ച റാലിയായിരുന്നു ഇത്.
പാമ്പാക്കുട വലിയപള്ളി അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലിയുടെ മുന്‍നിര ഒരു കിലോമീറ്റര്‍ അകലെ സമ്മേളന വേദിയായ എംടിഎം സ്‌കൂള്‍ മൈതാനിയില്‍ എത്തിയതിനു ശേഷവും പിന്‍ഭാഗം പള്ളി അങ്കണത്തില്‍ നിന്നു പുറപ്പെട്ടിരുന്നില്ല. കുടുംബസംഗമത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ബാനറിനു് പിന്നില്‍ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കോറെപ്പിസ്‌കോപ്പമാരും വൈദികരും മറ്റു സന്യസ്‌തരും അണിനിരന്നു.
മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തൊട്ടുപിന്നാലെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസ സമൂഹവും പ്രാര്‍ഥനാ ഗീതങ്ങളുമായി നീങ്ങി. സഭയോടുള്ള വിശ്വാസവും കൂറും വ്യക്‌തമാക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സാന്താക്ലോസുമാര്‍ ഉള്‍പ്പെടുന്ന നിശ്‌ചലദൃശ്യങ്ങളും പരിപാടിക്ക് മിഴിവേകി. സമ്മേളന വേദിയില്‍ എത്തിയ അംഗങ്ങളെ ഇടവക സമൂഹം പ്രാര്‍ഥനാപൂര്‍വം എതിരേറ്റു. പാമ്പാക്കുട സെന്റ് ജോണ്‍സ് ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവായെയും ഭദ്രാസന അധിപന്‍മാരെയും സമ്മേളന വേദിയിലേക്ക് ആനയിച്ചു. വേദിയില്‍ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍ പരിശുദ്ധ ബാവായെ ഹാരമണിയിച്ച് സ്വീകരിച്ചു. രണ്ടു് ഭദ്രാസനങ്ങളില്‍ നിന്നുള്ള 70 പള്ളികളില്‍ നിന്നും പതിനയ്യായിരത്തിലേറെ വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കോറെപ്പിസ്‌കോപ്പമാരായ ജോണ്‍ മണ്ണാത്തിക്കുളം, കുര്യാക്കോസ് പോത്താറയില്‍, മത്തായി ഐലാപുരത്ത്, ഐസക് ചെനയപ്പിള്ളി,ഐസക് മട്ടമ്മേല്‍ റമ്പാന്‍മാരായ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍, ശേമവൂര്‍, വൈദികസംഘം സെക്രട്ടറി ഫാ. ഏബ്രഹാം ജോണ്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്, ജോയി ലക്‌നോ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.