20111206

മാമ്മലശേരി മാര്‍ മിഖായേല്‍ പളളി: 1998-ലെ വിധിയും കേസും ബാധകമല്ലെന്ന്‌ യാക്കോബായവിഭാഗം



പിറവം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മീഖായേല്‍ പളളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പാരമ്പര്യങ്ങള്‍ക്ക്‌ അനുസൃതമായി ആരാധനസ്വാതന്ത്ര്യം നേടിയെടുക്കുമെന്നും 1998-ലെ വിധിക്ക്‌ മുമ്പു് മൂവാറ്റുപുഴ ബാവയുടെ വിഭാഗത്തിനുണ്ടായിരുന്ന വീതം പുന:സ്‌ഥാപിച്ച്‌ തങ്ങള്‍ക്കു് നല്കണമെന്നും, മാമലശേരിയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആവശ്യപ്പെട്ടു.

1998-ലെ വിധിയും കേസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ബാധകമല്ലെന്നും, ഇനി മുതല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരി ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ ആരാധന നടത്താനുളള സ്വാതന്ത്ര്യം ലഭിക്കണമെന്നും ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഭാരവാഹികളായ ബേബി മാത്യൂ മംഗലത്ത്‌, പി.ടി. ജോര്‍ജ്, തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്തുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ നല്കിയ അപ്പീല്‍ കേരള ഹൈക്കോടതി തള്ളിയതിനോടു് പ്രതികരിയ്ക്കുവാനായിരുന്നു പത്രസമ്മേളനം.അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നതു് അംഗീകരിച്ചുകൊണ്ടു് 1998 ഒക്ടോബര്‍ ആറിനു് എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയിരുന്നു അപ്പീലില്‍‍ ചോദ്യം ചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരനായ മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.