20111206

മണ്ണത്തൂര്‍ പള്ളിയിലെ യാക്കോബായ നടപടിയില്‍ പ്രതിഷേധം: ഫാ. മണ്ണാത്തിക്കുളം

ഫാ.ഏലിയാസ്‌ മണ്ണാത്തിക്കുളം


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് സുറിയാനി പള്ളിയില്‍ അനധികൃതമായി പ്രവേശിച്ച്‌ അവകാശം സ്ഥാപിയ്ക്കുവാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ശ്രമം അപലപനീയമാണെന്ന്‌ വികാരി ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശ പറഞ്ഞു. സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും ഏതാനും പേരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയര്‍‍പ്പിയ്ക്കാന്‍കഴിഞ്ഞില്ല.

1993 മുതല്‍ പള്ളിയില്‍ സേവനം അനുഷ്‌ഠിക്കുന്ന വികാരിയെ തടയണം എന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ പള്ളി സംബന്ധിച്ച്‌ വിവിധ കേസുകള്‍ ജില്ലാകോടതിയിലും ഹൈക്കോടതിയിലുമായി നടക്കുന്നുണ്ട്‌. 2003-ല്‍ കൂത്താട്ടുകുളം പോലീസ്‌ സ്‌റ്റേഷനില്‍ ഉണ്ടായ ഉഭയകക്ഷി ഉടമ്പടിപ്രകാരം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശയല്ലാതെ ഇരുവിഭാഗത്തേയും മറ്റൊരു വൈദികനും പള്ളിയില്‍ പ്രവേശിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ രാത്രി പള്ളി കുത്തിത്തുറന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഫാ. പൗലോസ്‌ ഞാറ്റുകാല പള്ളിയില്‍ പ്രവേശിച്ചത്‌. പള്ളിയുടെ വാതിലുകള്‍ എല്ലാം പൂട്ടിയിട്ട്‌ വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തെ തടയുകയായിരുന്നു. പള്ളിയും പള്ളിപരിസരവും കലാപഭൂമിയാക്കാന്‍ നടത്തുന്ന കുല്‍സിത പ്രവര്‍ത്തനമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. പള്ളിയിലുള്ള അവകാശം നിയമപരമായി സാധിച്ചെടുക്കാന്‍ സാധിക്കില്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടാണ്‌ ആര്‍.ഡി.ഒ ചര്‍ച്ചയ്ക്ക്‌ വിളിച്ച സാഹചര്യത്തിലും പള്ളി കൈയേറ്റവുമായി യാക്കോബായ വിഭാഗം രംഗത്തുവന്നിരിക്കുന്നതെന്നു് ‌വികാരി കുറ്റപ്പെടുത്തി . ദീര്‍ഘകാലമായി ഇടവകയില്‍ നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും വിശ്വാസികളുടെ ആരാധനാ അവകാശങ്ങള്‍ പുറമെ നിന്നുള്ള ആളുകളെകൂട്ടി തകര്‍ക്കുകന്നതിനും നടത്തുന്ന എല്ലാ ശ്രമങ്ങളും നിയമപരമായി നേരിടുമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വികാരി ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശ ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.