20111205

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അതിക്രമിച്ചുകയറി കുര്‍ബാന ചൊല്ലി: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ സംഘര്‍ഷം



കൂത്താട്ടുകുളം, ഡിസംബര്‍ 04: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ ഞായറാഴ്ച പുലര്‍‍ച്ചെ 5.30 ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അനധികൃതമായി കയറി വാതിതില്‍‍ അടച്ചു് കുര്‍ബാന നടത്തിയെന്നു് വാര്‍ത്തയുണ്ടു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്റെ കല്പന പ്രകാരം താന്‍ കുര്‍ബാനനടത്തിയെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാല പോലീസിനോട് പറഞ്ഞു. മണ്ണത്തൂര്‍ പള്ളിയുടെ വികാരിയായി ‍ തന്നെ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ നിയമിച്ചെന്നു് ഫാ. പൗലോസ്‌ ഞാറ്റുംകാല പറഞ്ഞു.

സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും കൂട്ടരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് രാവിലെ ഒന്‍പതോടെയാണു് പള്ളിയില്‍ പ്രവേശിക്കാനായത്‌. കുര്‍ബാനയ്‌ക്കായി പതിവുപോലെ പള്ളിയില്‍ എത്തുമ്പോള്‍ പള്ളി അകത്തുനിന്നു് പൂട്ടിയ നിലയിലായിരുന്നെന്നു് വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം പറഞ്ഞു. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളും ദേവാലയത്തിലെത്തി. തുടര്‍ന്നു് പള്ളിയുടെ കവാടത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഫാ. പൗലോസ്‌ ഞാറ്റുംകാലായുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചിനു് പള്ളിയില്‍ പ്രഭാതപ്രാര്‍ഥന ആരംഭിച്ചതായി പറയപ്പെടുന്നു. 8.35നു ഫാ. ഞാറ്റുംകാല വാതില്‍ തുറന്നു് പുറത്തുവന്ന ഉടനെ പോലീസ്‌ ഇടപെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിയില്‍ നിന്നു് നീക്കി. തുടര്‍ന്ന്‌ പള്ളിയില്‍ പ്രവേശിച്ച ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപപ്രാര്‍ഥന നടന്നു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

പള്ളിയില്‍ അതിക്രമിച്ചു കടന്നതിന്റെ പേരില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു. പിറവം സര്‍ക്കിള്‍ ഇന്‌സ്പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, എസ്.ഐ. വി.എസ്. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിറവം, വാഴക്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയിരുന്നു.

മണ്ണത്തൂര്‍ സെന്റ് ജോര്ജ് പള്ളിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ ഏഴു് ബുധനാഴ്‌ച മൂന്നിനു് മൂവാറ്റുപുഴ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. പള്ളിയില്‍ ഏതാനും ആഴ്‌ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യതയെക്കുറിച്ച്‌ പൊലീസ്‌ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നതെന്ന് കൂത്താട്ടുകുളം എസ്‌ ഐ അനില്‍ കുമാര്‍ വി.എസ്. പറഞ്ഞു.

മണ്ണത്തൂര്‍ പള്ളിയില്‍ അനധികൃതമായി പ്രവേശിച്ചവരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം യോഗം ആവശ്യപ്പെട്ടു.2003ല്‍ ഇരുവിഭാഗവും തമ്മില്‍ പൊലീസ്‌ സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് മാത്രമേ വൈദികന്‍ എന്ന നിലയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അധികാരമുള്ളൂ എന്നും ഇതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നതെന്നും ഓര്‍ത്തഡോക്‌സ്‌ വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ 2003ലേത്‌ കരാര്‍ അല്ലെന്നും അക്കാലത്തു പള്ളിയിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍ക്കാനുള്ള താല്‍ക്കാലിക ധാരണയായിരുന്നു അതെന്നുമാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പറയുന്നതു്.

1 അഭിപ്രായം:

  1. അജ്ഞാതന്‍2011, ഡിസംബർ 6 8:33 PM

    മുല്ലപെരിയാര്‍ പ്രശ്നം ഇത്ര രൂക്ഷമായി നില്‍ക്കുമ്പോള്‍ , പിറവം election ഒരു തുരുപ്പുചീട്ടായി നിര്‍ത്തിക്കൊണ്ട് പുതെന്കുരിശു (യാക്കൊബാ ) വിഭാകം നാട്ടില്‍ അനധിക്രിതമായ് പള്ളികള്‍ കൈയേറാന്‍ ശ്രമിക്കുന്നു . അതിന്റെ ഭാഗമായി മാന്തളിര്‍ , മന്നതൂര്‍, മാമലശ്ശേരി തുടങ്ങിയ ഓര്‍ത്തഡോക്‍സ്‌ പള്ളികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി പള്ളികള്‍ പൂട്ടിക്കാന്‍ ശ്രമിക്കുന്നു . കോടതിയെ പോലും ദിക്കരിച്ചു സര്‍ക്കാരും പോലീസും ഇതിനു കൂടു നില്‍ക്കുന്നു . മാദ്യമങ്ങള്‍ എങ്കിലും ഇതിനെതിരെ പ്രധികരിക്കണം

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.