ആലുവ,ജനു 26: തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ ഓര്‍മപ്പെരുനാളിനോട് അനുബന്ധിച്ച് സഭാപിതാക്കന്മാരുടെ കബറിടത്തില്‍ ഓര്‍ത്തഡോക്‌സ് സഭയും വിമതയാക്കോബായ സഭയും വെവ്വേറെ ധൂപപ്രാര്‍ഥന നടത്തി. തൃക്കുന്നത്ത് സെമിനാരി ചാപ്പലിലെ കുര്‍ബാനയ്‌ക്കു ശേഷം ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ കബറിടത്തില്‍ നടത്തിയ ധൂപപ്രാര്‍ഥനയ്‌ക്കു പൗരസ്ത്യകാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു.
സുന്നഹദോസ് സെക്രട്ടറി ഡോ: മാത്യൂസ് മാര്‍ സേവേറിയോസ്, പൗലോസ് മാര്‍ പക്കോമിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍എപ്പിസ്‌കോപ്പ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പങ്കെടുത്തു.
മാര്‍ അത്തനേഷ്യസ് സ്‌റ്റഡി സെന്ററില്‍ പ്രാരംഭ പ്രാര്‍ഥനയ്‌ക്കു ശേഷം വിമതയാക്കോബായ കക്ഷിയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ നേതൃത്വത്തിലായിരുന്നു യാക്കോബായ സഭയുടെ ധൂപപ്രാര്‍ഥന. സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്, ഡോ. മാത്യൂസ് മാര്‍ അന്തീമോസ്, സ്ലീബാ വട്ടവേലി കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പങ്കെടുത്തു.
പത്തുമിനിറ്റു് വീതമാണ് ഇരു വിഭാഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നത്. നിശ്‌ചിത സമയം കഴിഞ്ഞപ്പോള്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമനെ പൊലീസ് അക്കാര്യം ഓര്‍മിപ്പിച്ചു. കബറിടത്തില്‍ കുര്‍ബാന അര്‍പ്പിച്ചതായി ഇറങ്ങിവന്ന ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ പറഞ്ഞു. ഇതു് വിവാദത്തിനിടയാക്കി.
``പത്തു് മിനിറ്റു്കൊണ്ടു് കുര്‍ബാന അര്‍പ്പിയ്ക്കാന്‍ സാധ്യമല്ല. കുര്‍ബാന അര്‍പ്പിക്കാനുള്ള ബലിപീഠവും തിരുവസ്‌തുക്കളും അവിടെ ഉണ്ടായിരുന്നില്ല. ഇതു കുര്‍ബാനയെ തന്നെ അവഹേളിക്കുന്നതിനു് തുല്യമാണ് - പപൗരസ്ത്യകാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ പറഞ്ഞു. തല്‌സ്ഥിതി പാലിക്കാനുള്ള ജില്ലാ അധികൃതരുടെ നിര്‍ദേശം ലംഘിച്ച് അനധികൃത കയ്യേറ്റത്തിന് വിമത യാക്കോബായ വിഭാഗം ശ്രമിച്ചതായി പരിശുദ്ധ ബാവാ ആരോപിച്ചു.
കുര്‍ബാന അര്‍പ്പിച്ചുവെന്ന വാദം പച്ചക്കള്ളം: കാതോലിക്കാ ബാവാ
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ തൃക്കുന്നത്ത് സെമിനാരിയിലെ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ ശ്രേഷ്‌ഠ കാതോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചെന്ന വാദം പച്ചക്കള്ളമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
കോടതിവിധിയും എറണാകുളം ജില്ലാ അധികൃതരുടെ നിര്‍ദേശവും ലംഘിച്ച് തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃത കൈയ്യേറ്റത്തിനുള്ള ശ്രമമാണ് വിമത യാക്കോബായ വിഭാഗം നടത്തിയത്. യാക്കോബായ ശ്രേഷ്‌ഠ കാതോലിക്കാ അവകാശപ്പെടുന്നതുപോലെ 12 മിനിട്ട് കൊണ്ട് പൂര്‍ത്തി യാക്കാവുന്ന ഒരു കുര്‍ബാനക്രമവും സുറിയാനി ക്രമത്തിലില്ല.
ജില്ലാ ഭരണാധികാരികള്‍ നിര്ദേറശിച്ച സമയ പരിധി ലംഘിക്കുകയും അനുവദിച്ചിട്ടില്ലാത്ത അംശവസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല, കബറുങ്കല്‍ മാത്രമാണ് പ്രവേശിക്കാനായത്. വ്യാജ പ്രചരണം നടത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മനപൂര്‍വ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.