20111022

മലങ്കര വര്‍ഗീസ് വധം: ബസേലിയോസ് തോമസ് പ്രഥമനെ ചോദ്യം ചെയ്തു


കൊച്ചി, 2011 ഒക്ടോ.21: ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റിയംഗം മലങ്കര വര്‍‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിരൂപതകളിലൊന്നായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മുഖ്യ മേലദ്ധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സി.ബി.ഐ ചോദ്യം ചെയ്തു. കടവന്ത്രയിലെ സി.ബി.ഐ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂനിറ്റിലെ ഡിവൈ.എസ്.പി ആര്‍.എസ്.നായരുടെ നേതൃത്വത്തിലെ സംഘം ചോദ്യം ചെയ്തത്.

2011 ഒക്ടോ.21നു് രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടു. കൊച്ചിയിലെ സിബിഐ ഓഫിസിലെത്തിയ തോമസ് പ്രഥമനോട് അന്വേഷണ ഉദ്യാഗസ്ഥര്‍ വര്‍‍ഗീസ് കൊല്ലപ്പെട്ട കാലഘട്ടത്തിലെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. തോമസ് പ്രഥമന്റെ മൊഴിയെടുക്കുന്നതിനു് മുന്നോടിയായി ചില വൈദികരുടെ മൊഴികളും കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ രേഖപ്പെടുത്തിയിരുന്നു.

ആധ്യാത്മിക കാര്യങ്ങള്‍‍ക്കു മുന്‍‍തൂക്കം നല്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ ദുഃഖമുള്ളതായും മലങ്കര വര്‍‍ഗീസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നും ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തോമസ് പ്രഥമന്‍ മൊഴി നല്കി. ചോദ്യം ചെയ്യലിന്‍െറ വിശദാംശങ്ങള്‍ തുടരന്വേഷണ റിപ്പോര്‍‍ട്ടിനൊപ്പം എറണാകുളം സി.ജെ.എം കോടതിയ്ക്ക് കൈമാറുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

മലങ്കര വര്‍ഗീസ് വധക്കേസില്‍ കോടതി ഉത്തരവനുസരിച്ചു നടക്കുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണു് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയതു്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മലങ്കര വര്‍‍ഗീ സിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി (സി.ജെ.എം കോടതി) കേസ്സിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

കൊലപാതകത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനമാനേജരായിരുന്ന ഫാ.തെക്കേക്കരക്കൊപ്പം ഭദ്രാസനാധിപന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും പങ്കുണ്ടെന്ന തന്‍െറയും മകന്‍ ടില്‍‍സാന്‍െറയും ആക്ഷേപം സി.ബി.ഐ അന്വേഷിക്കാന്‍ തയാറായില്ലന്ന് ചൂണ്ടിക്കാട്ടിയാണു് മലങ്കര വര്‍ഗീസിന്‍െറ ഭാര്യ സാറാമ്മ കോടതിയെ സമീപിച്ചതു്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ മുന്‍‍ വികാരി ഫാ. വര്ഗീസ് തെക്കേക്കര മാത്രമല്ല വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു സാറാമ്മയുടെ ഹര്‍‍ജി. 2002 ഡിസംബര്‍ അഞ്ചിന് പെരുമ്പാവൂരില്‍ വച്ചാണ് കാറിലെത്തിയ അക്രമി സംഘത്തിന്‍െറ വെട്ടേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത്. 2010 മെയ് ഏഴിനാണ് ഫാ.വര്ഗീസ് തെക്കേക്കര അടക്കം 19 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയുടെ ശിലാസ്ഥാപന വാര്‍ഷികാചരണം സംബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന സംഘര്‍ഷവും കുടിപ്പകയുമാണ് ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ മലങ്കര വര്‍ഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.