20111018

ഇടവകപള്ളികളുടെ അവകാശം സംരക്ഷിക്കും - ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

കോട്ടയം,ഒക്ടോ.17: 1995-ലെ സുപ്രീംകോടതി വിധിയില്‍ ഇടവകപള്ളികള്‍ക്കു് നല്കിയിട്ടുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് വ്യക്‌തമാക്കി.

1934 ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതലായി ഒരവകാശവും ഇടവകപള്ളികള്‍ക്ക് സുപ്രീംകോടതി നല്കിയിട്ടില്ല. അതേ ഭരണഘടന തന്നെ ഇടവകപള്ളികളുടെകാര്യവും നിയന്ത്രിക്കും എന്നു് തന്നെയാണ് 1995 ലെ വിധിയില്‍ പറഞ്ഞിരിക്കുന്നത്. വ്യവസ്ഥാപിതമായി തിരഞ്ഞെടുപ്പു്നടത്തി ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്കു് ഇടവകഭരണം നല്കുന്നതാണു് ഓര്‍ത്തഡോക്സ് സഭയുടെ രീതി. എന്നാല്‍ ഇടവകപള്ളികള്ക്ക് കൂടുതലായി എന്തോ അവകാശങ്ങള്‍ സുപ്രീം കോടതി നല്കുന്നു എന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രചരണം തെറ്റിധാരണാജനകമാണ്. പൊതുവേ കോടതിവിധികള്‍ മാനിക്കാത്തവര്‍ എന്തിന് ചിലകാര്യങ്ങളില്‍ മാത്രം കോടതിയുടെ നിഗമനങ്ങളില്‍ ആശ്രയിക്കുന്നു എന്നും മനസിലാകുന്നില്ല.

പുത്തന്‍കുരിശു് പള്ളിയുടെ കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ കോടതിവിധിമാനിക്കാന്‍ തയ്യാറാണ്. സിവില്‍ നടപടി ചട്ടത്തിലെ 92ആം വ്യവസ്ഥ അനുസരിച്ച് അനുമതി നേടാതെ സമര്‍പ്പിക്കപ്പെട്ട പുത്തന്‍കുരിശ് പള്ളി സംബന്ധിച്ച അന്യായം നിലനിലക്കില്ലെന്ന് കോടതി വിധിച്ചു.

ഈ കാര്യം പറഞ്ഞ് കോലഞ്ചേരി പള്ളിക്കുവേണ്ടി വിലപേശുന്നത് തരം താഴ്ന്ന നിലപാടാണ്. എല്ലാക്കാര്യത്തിലും ഭൂരിപക്ഷമാണ് പ്രധാനമെങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ കോലഞ്ചേരിപള്ളിയുടെ അവകാശത്തിനുവേണ്ടി കേസു് കൊടുത്തത് എന്തിനാണ്?

വ്യവസ്ഥാപിതമായി പ്രവര്‍ത്തിയ്ക്കുന്ന ഏതൊരു സഭയുടെയും സംഘടനയുടെയും ശാഖകള്‍ക്ക് ആ സഭയുടെയും സംഘടനയുടെയും ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമെ സാധിയ്ക്കൂ. എന്‍ എസ് എസ്, എസ് എന്‍ ഡി പി, എം ഇ എസ് തുടങ്ങിയ സംഘടനകളുടെ പ്രാദേശിക ശാഖകള്‍ക്ക് അതാതു് സംഘടനകളുടെ ഭരണഘടനയ്ക്ക് അതീതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.