20111018

ജീവിതത്തെ വിവേകത്തോടെ തിരിച്ചറിയണം: പരിശുദ്ധ ബാവ



വടക്കാഞ്ചേരി, ഒക്ടോ.17: ജീവിതത്തെ വിവേകത്തോടെ തിരിച്ചറിയുകയും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും വേണമെന്ന് പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ ആഹ്വാനം ചെയ്തു.

ഓട്ടുപാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നല്കിയ പൊതു സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു പരിശുദ്ധ ബാവ. നന്മ തിരിച്ചറിഞ്ഞ് പൊതുവേദിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഉള്‍കാഴ്ച സഭകള്‍ നേടണം. വ്യക്തിയല്ല, സ്ഥാനമാണ് ഇവിടെ ആദരിക്കപ്പെടുന്നത്. ഈ ആദരം കരുത്തും ഉണര്‍വും പകരുന്നത് സഭയ്ക്കാണെന്നും ബാവ പറഞ്ഞു.

സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദിശ നഷ്ടപ്പെടുന്നവര്‍ക്ക് ദിശാബോധം നല്കുന്ന പ്രവാചകശബ്ദമാണ് പരിശുദ്ധ കാതോലിക്ക ബാവയുടേതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയുടെ തറവാട്ടുകാരണവരാണ് കാതോലിക്ക ബാവ. പ്രതിബദ്ധതയില്ലാത്ത ആര്‍ഭാടങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ പ്രതികരിക്കണം. ഇടപെടലിന്റെ നൈസര്‍ഗികത ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് നഷ്ടമാവുന്നു. സഭകള്‍ തമ്മിലുള്ള പരസ്പര പൊരുത്തത്തിന് കാതോലിക്ക ബാവ നേതൃത്വം നല്കണം. പൊരുത്തപ്പെടുന്ന കാലാവസ്ഥയ്ക്ക് സാഹചര്യം ഒരുക്കുന്നതിന് മാനുഷികമുഖമുള്ള നേതൃത്വത്തിന് സാധ്യമാവുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് തോലത്ത് അദ്ധ്യക്ഷത വഹിച്ചു. എം.പി.വിന്‍സെന്റ് എം.എല്‍.എ., ഫാ.ഡോ. ദേവസി പന്തലുകാരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഏലിയാമ്മ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന്‍, വാര്‍ഡംഗം എം.എ. ഷാനവാസ്, സി.എസ്.ഐ. പ്രതിനിധി കെ.എ. ജോണ്‍സണ്‍, പള്ളിക്കമ്മിറ്റി ഭാരവാഹികളായ സന്തോഷ് ചെറിയാന്‍, ലിസി തോമസ്, ലൈലാ ചാക്കോ, ജനസി വര്‍ഗീണസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ജോസഫ് മാത്യു സ്വാഗതവും പള്ളി സെക്രട്ടറി സുബിന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.