സിവില്‍ നടപടി ചട്ട (സിപിസി) ത്തിലെ 92-ആം വ്യവസ്‌ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം സാങ്കേതികമായി നിലനില്ക്കില്ലെന്നു്; പുത്തന്‍കുരിശ് പളളി 1934 ലെ സഭാഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതുണ്ടോയെന്ന കാര്യമല്ല കോടതി പരിശോധിച്ചതു്
കൊച്ചി, ഒക്ടോ. 11: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിത്തര്‍ക്കത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അന്യായം തള്ളിയ ഒന്നാം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) ഉത്തരവു് ജസ്‌റ്റിസ് വി. രാംകുമാര്‍, ജസ്‌റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവച്ചു..
പുത്തന്‍കുരിശ് പള്ളി 1934-ലെ ഭരണഘടനയനുസരിച്ചു് ഭരിക്കപ്പെടേണ്ടതാണെന്നും എതിര്‍ വിഭാഗത്തിനു വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന അന്യായം എറണാകുളം ഒന്നാം അഡീ. ജില്ലാ കോടതി തള്ളിയതിനെതിരെ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു് വേണ്ടി പള്ളി വികാരി, ഇട്ടന്‍പിള്ള, കുര്യാക്കോസ്, ഏബ്രഹാം കത്തനാര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലാണു് തള്ളിയതു്.
സിവില്‍ നടപടി ചട്ട (സിപിസി) ത്തിലെ 92-ആം വ്യവസ്‌ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം സാങ്കേതികമായി നിലനില്ക്കില്ലെന്ന കീഴ്‌ക്കോടതി വിധിയില്‍ അപാകതയില്ലെന്നു് ഹൈക്കോടതി വിലയിരുത്തി. പള്ളിയ്ക്ക് 1934-ലെ ഭരണഘടന ബാധകമാണോ എന്ന വിഷയം ഇവിടെ പരിഗണിക്കുന്നില്ലെന്നും പറഞ്ഞു. പൊതു ട്രസ്‌റ്റിന്റെ പരിധിയില്‍ വരുന്ന ഇടവക പള്ളികള്‍ക്കെതിരേ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും അനുമതി തേടാതെയുള്ള ഹര്‍ജി നിലനില്ക്കില്ലെന്നുമുള്ള കീഴ്‌കോടതി ഉത്തരവ് ജസ്‌റ്റിസുമാരായ വി. രാംകുമാറും പി.ക്യു. ബര്‍ക്ക്ത്തലിയും ഉള്‍പ്പെട്ട ബെഞ്ച് ശരിവച്ചു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു് കീഴിലുള്ള ഈ ഇടവക പള്ളി, സിവില്‍ നടപടി ചട്ടത്തിലെ 92ആം വകുപ്പില്‍ വിഭാവനം ചെയ്യുന്ന പ്രകാരം മത, ജീവകാരുണ്യപരമായ പൊതുട്രസ്‌റ്റാണ്. മതപരമോ ജീവകാരുണ്യപരമോ ആയ ട്രസ്‌റ്റുകളെയും ക്ഷേത്രം, മഠം, വഖഫ്, പള്ളി, സിനഗോഗ് ഉള്‍പ്പെടെ ആരാധനാലയങ്ങളെയും പൊതുട്രസ്‌റ്റായി കണക്കാക്കാം. ഇടവക അസംബ്ലിയില്‍ അംഗമല്ലാത്തവരും ഇടവകക്കാരാണ്. വ്യവസ്‌ഥകള്‍ക്കു് വിധേയമായി പുരുഷന്മാര്‍ക്കായി ഇടവക അസംബ്ലിയിലെ അംഗത്വം പരിമിതപ്പെടുത്തിയിട്ടുള്ളപ്പോഴും ആരാധനാ സ്വാതന്ത്ര്യത്തിന് ഈ നിയന്ത്രണം ഇല്ലെന്നു് കോടതി പറഞ്ഞു. 1934-ലെ ഭരണഘടന സ്‌ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ഇടവകകളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ട്. എന്നാല്‍ ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പുരുഷന്മാര്‍ക്കു് മാത്രമേ അവകാശമുള്ളൂവെന്നും പള്ളി രജിസ്‌റ്ററില്‍ കുട്ടികളുടെയും വിവാഹങ്ങളിലൂടെ ഇടവകയില്‍ അംഗത്വം നേടുന്നവരുടെയും പേരു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വ്യവസ്‌ഥയിലെന്നും കോടതി പറഞ്ഞു. അതിനാല്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വിലയിരുത്തി. മതസ്‌ഥാപനങ്ങളിലെ ദുര്‍ഭരണമാണ് ആരാധനാ കാര്യങ്ങളില്‍ കോടതി ഇടപെടലുകള്‍ക്ക് കാരണം. പള്ളികള്‍ ദൈവത്തിന്റെയാണ്. അളവറ്റ സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴാണ് തര്‍ക്കയമുണ്ടാകുന്നത്. പുത്തന്‍കുരിശ് പളളി 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതുണ്ടോയെന്ന കാര്യമല്ല തങ്ങള്‍ പരിശോധിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ജനാധിപത്യവിരുദ്ധവും ക്രൈസ്‌തവ വിരുദ്ധവുമായ നടപടികള്‍ മൂലം കോടതിയെ പ്രകോപിപ്പിക്കുന്നവര്‍ മത, ആരാധനാ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുമെന്നും കോടതി ഓര്‍മപ്പെടുത്തി:- ആരാധനാസ്വാതന്ത്രൃം ഇന്ന് എവിടെയെത്തി നില്ക്കുന്നു? ആത്മീക, ലൗകിക കാര്യങ്ങളില്‍ ആധിപത്യം സ്‌ഥാപിക്കാനുള്ള പോരാട്ടമാണു് നടക്കുന്നത്. ഒരേ വളപ്പില്‍ തന്നെ ഇരുകൂട്ടര്‍ക്കും പള്ളി സ്‌ഥാപിക്കുന്നതുവഴി ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന ആലോചന ചില കേസുകളിലുണ്ടായി. വിശ്വാസികളെ കൂടുതല്‍ ധ്രുവീകരിക്കാനേ ഇതുപകരിക്കൂ. അഭിപ്രായവ്യത്യാസം ആശയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിച്ചാല്‍ പോലും ദൈവസന്നിധിയില്‍ പരസ്‌പരം പോരടിക്കുന്നതിനു ന്യായീകരണമില്ല. സ്വത്തു് കൂടുമ്പോള്‍ പിടിവലി കൂടുമെന്നതാണ് അനുഭവം. കെടുകാര്യസ്‌ഥത മൂലമാണ് ആരാധനാ കാര്യങ്ങളില്‍ ഉള്‍പ്പെടെ കോടതി ഇടപെടല്‍ വേണ്ടിവരുന്നത്.
ഇതിനകം കോടതി നല്കിയ ഉത്തരവുകള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ കടുത്ത നടപടി വേണ്ടിവരും. പരസ്‌പരം പോരടിക്കുന്ന മതവിഭാഗങ്ങള്‍ ഓര്‍ക്കേജണ്ട ഒരു കാര്യമുണ്ട്- ആരാധനാസ്വാതന്ത്രൃത്തിന്റെ വ്യാപ്‌തി എത്ര വലുതായാലും അക്രമമാര്‍ഗം വെടിഞ്ഞ് സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താന്‍ ഭരണഘടനയനുസരിച്ച് ഓരോ പൗരനും ബാധ്യതയുണ്ട്.- കോടതി ഉത്തരവില്‍ പറഞ്ഞു.
മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ കയറി ധൂപപ്രാര്‍ഥപനയര്‍പ്പിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാവിശ്വാസികളുടെ അപ്പീല്‍ തള്ളിയതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ മെത്രാന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് ഒക്ടോ. 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കയറി ധൂപപ്രാര്‍ഥന നടത്തി.
20 വര്‍ഷത്തോളമായി (1990മുതല്‍) ഇരുവിഭാഗ മെത്രാന്മാരും പള്ളിയില്‍ കയറിയിരുന്നില്ല. വൈകിട്ട് ഏഴുമണിയോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ പുത്തന്‍കുരിശില്‍ പടക്കം പൊട്ടിച്ചു് ആഹ്ലാദപ്രകടനം നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയെന്നു് വ്യക്തമാക്കുന്ന മാര്‍ബിള്‍ ഫലകം പള്ളിയില്‍ നിന്നു് നീക്കം ചെയ്തു.
പിന്നീട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗ പ്രാദേശിക കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും നടത്തി.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ കയ്യേറ്റത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാവിശ്വാസികള്‍ക്കു് പ്രതിഷേധവും ദുഃഖവുമുണ്ടു്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണു് നീക്കം.
പള്ളിത്തര്ക്കം: അക്രമം ഒഴിവാക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്ന് ഹൈക്കോടതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.