20111007

വിമത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തി



കൊച്ചി: യൂറോപ്പിലെ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നു് വിമത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ മാര്‍ സേവേറിയോസ്‌ മോശ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാര്‍ സേവേറിയോസ്‌ മോശയെ യൂറോപ്യന്‍ ആര്‍ച്ച് ബിഷപ്പായി മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരാണു് വാഴിച്ചയച്ചതു്. ഇതു് അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ മാത്രമല്ല മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലും ചില പ്രശ്‌നത്തിനിടയാക്കി.

ജര്‍മനിയിലെ തുര്‍‍ക്കി വംശജനായ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് റമ്പാനെ മാര്‍ സേവേറിയോസ്‌ മോശ ഗൊര്‍ഗുന്‍ എന്ന പേരില്‍ വാഴിച്ചയച്ചതു് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെ സമ്മതത്തോടെയാണെന്നും അല്ലെന്നുമുള്ള തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കവുമായി ബന്ധപ്പെട്ടു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി തെറ്റിയ മാര്‍ സേവേറിയോസ്‌ മോശ ഗൊര്‍ഗാന്‍ മെത്രാപ്പോലീത്ത കേരളത്തില്‍ ഭദ്രാസനങ്ങള്‍ സ്ഥാപിയ്ക്കുകയും കക്ഷിഭേദമെന്യേ മലങ്കരയിലെ വിമതരെ അടര്‍ത്തിയെടുത്ത്‌ തന്‍റെ അന്ത്യോഖ്യന്‍ സിറിയക്‌ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ക്കുകയും കേരളത്തിലെ സഭാതര്‍ക്കത്തില്‍ ഇടപെടാന്‍ തുടങ്ങുകയും ചെയ്തു. ഇതു് മലങ്കര സഭാനേതൃത്വത്തെ ചൊടിപ്പിച്ചു. മാര്‍ സേവേറിയോസ്‌ മൂസാ ഗുര്‍ഗാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുകൊണ്ട്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കാ ബാവ കല്പ്പന പുറപ്പെടുവിക്കുകയും ചെയ്തു.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി സാഹോദര്യ ബന്ധം പുനഃസ്ഥാപിയ്ക്കാനുള്ള ആഗ്രഹം കൊണ്ടു് വിമത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് ഫ്രാന്‍സില്‍ കൂടിയാണു് കേരളത്തിലെ അന്ത്യോക്യന്‍ സുറിയാനി സഭാപ്രവര്‍ത്തനം അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതെന്നു് മാര്‍ സേവേറിയോസ്‌ മോശ വ്യക്‌തമാക്കി. കേരളത്തിലെ ഭദ്രാസനങ്ങള്‍ നിര്‍ത്തലാക്കുന്നതായും താന്‍ വാഴിച്ച രണ്ടു മലയാളി മെത്രാന്മാരെ തിരിച്ചുവിളിക്കുന്നതായും 'കല്പ്പന'യില്‍ പറയുന്നു. ഇവരിനി യൂറോപ്പില്‍ പ്രവര്‍ത്തിയ്ക്കും. കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ ഉപവാസമനുഷ്ഠിച്ച പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസ്സേലിയോസ് പൗലോസ് മര്തോീമ ബാവയ്ക്കു് പിന്തുണയും നല്കി

കേരളത്തില്‍ സഭാതര്‍ക്കം രൂക്ഷമായ വേളയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി മൂസാ ഗുര്‍ഗാന്‍ അടുക്കാന്‍ ശ്രമിക്കുന്നതിനു് പ്രാധാന്യം കാണുന്നവരുമുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.